ടാറ്റയില്‍ ഒന്നും സംഭവിക്കുന്നില്ല

സംഭവിക്കാന്‍ പോകുന്ന തിരിച്ചടി മുന്നില്‍കണ്ട് പുറംലോകമറിയാതെ പരിഹരിക്കുന്നതില്‍ മിസ്ത്രി പരാജയപ്പെടുന്നു എന്നതിലുപരി കമ്പനിക്ക് അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടക്കണക്കുകള്‍ പുറംലോകമറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതാണ് മിസ്ത്രി ചെയ്ത തെറ്റെന്ന് മനസ്സിലാക്കാം. ടാറ്റ ഗ്രൂപ്പിന് സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തേക്ക് വരുന്നതിലേക്ക് എന്‍ടിടി ഡോകോമോയുമായുള്ള തര്‍ക്കം കാരണമായെന്നും അതിനുത്തരവാദിയായ മിസ്ത്രിയെ പെട്ടെന്ന് പറഞ്ഞുവിടലായിരിക്കും കൂടുതല്‍ നഷ്ടക്കഥകള്‍ പുറംലോകം അറിയാതിരിക്കാനുള്ള മാര്‍ഗം എന്നും കമ്പനി ചിന്തിക്കുന്നിടത്തേക്ക് എത്തി.
Posted on: November 8, 2016 6:00 am | Last updated: November 8, 2016 at 12:42 am

tata-cyrus_505_0304120549351കഴിഞ്ഞ വാരം രാജ്യം ചര്‍ച്ച ചെയ്ത രണ്ട് പിരിയലു/പിരിച്ചുവിടലുകളാണ് സൈറസ് മിസ്ത്രിയുടേതും അര്‍ണബ് ഗോസാമിയുടേതും. സൈറസ് മിസ്ത്രിയുടേത് പറഞ്ഞുവിടലായിരുന്നു. എന്നാല്‍, അര്‍ണബിനെ പറഞ്ഞുവിട്ടതാണെന്നും അതല്ല പുതിയ കൂടാരം തേടിയുള്ള യാത്രയാണെന്നുമൊക്കെ വാര്‍ത്തകളുണ്ട്. ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയുടേത് ഏതായാലും വന്‍വീഴ്ചയാണെന്നതില്‍ തര്‍ക്കമില്ല. 103 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള കോര്‍പ്പറേറ്റ് കമ്പനിയുടെ തലപ്പത്തുനിന്നുള്ള ഈ ‘പിരിച്ചുവിടല്‍’ ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിച്ചു. 1867ല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ടാറ്റ ഗ്രൂപ്പ് ഇന്ന് ഏഴ് ലക്ഷത്തോളം തൊഴിലാളികളുള്ള കോര്‍പ്പറേറ്റ് ഭീമനാണെന്നുള്ളതും പിരിച്ചുവിടല്‍ വാര്‍ത്തക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്. മിസ്ത്രിയുടെ പിരിച്ചുവിടല്‍ കമ്പനിയെ ഇപ്പോള്‍ ബാധിക്കുന്നതല്ലെങ്കിലും ചില ആശങ്കകള്‍ ബാക്കിയാക്കുന്നുണ്ടെന്നതാണ് മിസ്ത്രിയും രത്തന്‍ ടാറ്റയും തമ്മില്‍ നടക്കുന്ന വാക്‌പോരുകള്‍ തെളിയിക്കുന്നത്.
പ്രമുഖ ജപ്പാന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി എന്‍ടിടി ഡോകോമോയുമായി ചേര്‍ന്ന് ടാറ്റ ഗ്രൂപ്പ് ആരംഭിച്ച ‘ടാറ്റ ഡോകോമോ’ സര്‍വീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മിസ്ത്രിയുടെ രാജിയിലേക്ക് എത്തിച്ചത്. ഇന്ത്യന്‍ മൊബൈല്‍ സേവന മേഖലയില്‍ ടാറ്റയുടെ ഭാവി എത്ര ശുഭകരമല്ലെന്ന് തിരിച്ചറിഞ്ഞ ഡോകോമോ തങ്ങളുടെ ഷെയര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ കോടതി വ്യവഹാരങ്ങളാണ് യഥാര്‍ഥത്തില്‍ മിസ്ത്രിയുടെ കസേര തെറിപ്പിച്ചത്. 2009ല്‍ ടാറ്റ ടെലി സര്‍വീസസില്‍ 26.5 ശതമാനം ഓഹരി വാങ്ങി സംയുക്ത സംരംഭകരാകുമ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ കരാറില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ നിക്ഷേപത്തിന്റെ പകുതിയെങ്കിലും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം 2014ല്‍ സംയുക്ത സംരംഭം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ജപ്പാന്‍ കമ്പനി എന്‍ടിടി ഡോകോമോ 7200 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ പ്രശ്‌നം രാജ്യാന്തര കോടതിയിലെത്തിച്ച ജപ്പാന്‍ കമ്പനി 7700 കോടി രൂപ ടാറ്റ ഗ്രൂപ്പ് നല്‍കണമെന്ന വിധി സമ്പാദിക്കുകയും ചെയ്തു. ഈ കോടതിവിധിക്ക് ഇന്ത്യയില്‍ നിയമപ്രാബല്യം ലഭിക്കില്ല എന്ന നിലപാടാണ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന സൈറസ് മിസ്ത്രിയുടെത്. ഈയൊരു പ്രശ്‌നം കോടതിയിലെത്തിച്ച് കമ്പനിക്കെതിരെ വിധിവരുന്ന അവസ്ഥയുണ്ടാക്കുകയും അതുവഴി അന്താരാഷ്ട്ര തലത്തില്‍ ടാറ്റ ഗ്രൂപ്പിന് കളങ്കമുണ്ടാക്കുകയും ചെയ്തിരിക്കുകയാണ് മിസ്ത്രി എന്ന നിലപാടിലാണ് രത്തന്‍ ടാറ്റയും കമ്പനിയുമുള്ളത്. അതേസമയം, താനെടുത്ത എല്ലാ തീരുമാനങ്ങളും കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണെന്നും തന്നെ ബലിയാടാക്കുന്നതില്‍ അര്‍ഥമില്ലെന്നുമാണ് മിസ്ത്രിയുടെ നിലപാട്.
ഇത്തരം കേസുകളും അധികാര വടംവലികളും ഒരു കോര്‍പ്പറേറ്റ് കമ്പനിയെ സംബന്ധിച്ചിടത്തോളം അത്ര വലിയ സംഭവമൊന്നുമല്ല. എന്നാല്‍, പിരിച്ചുവിടലിന് ശേഷം ടാറ്റയും മിസ്ത്രിയും തമ്മിലുള്ള വാക്‌പോരുകള്‍ കമ്പനിക്ക് അകത്ത് നടക്കുന്ന പലതും പുറത്തുവരുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഒരുലക്ഷം രൂപക്ക് കാര്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലൂടെ കമ്പനിക്കുണ്ടായിരിക്കുന്ന ഭീമമായ നഷ്ടമാണ്. നാനോ കാര്‍ ഒരു ലക്ഷം രൂപക്ക് മാര്‍ക്കറ്റില്‍ എത്തിച്ച ടാറ്റ ഗ്രൂപ്പിന് പക്ഷേ, കാറിനു വേണ്ടി അതിലും കൂടുതല്‍ ചെലവായിരുന്നു എന്നാണ് മിസ്ത്രി പറയുന്നത്. 10,000 കോടിയോളം രൂപയുടെ നഷ്ടം നാനോയുമായി ബന്ധപ്പെട്ട് കമ്പനിക്കുണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. നാനോ റോഡിലിറങ്ങിയയുടനെ നിര്‍മാണത്തിലെ അപാകം മൂലം ഉപഭോക്താക്കളില്‍ നിന്നു കാര്‍ തിരിച്ചെടുക്കേണ്ട അവസ്ഥയുമുണ്ടായി. അതിനു പുറമേയാണ് ടാറ്റയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍ യൂറോപ്പ്, ടാറ്റ പവര്‍ മുന്ദ്ര, ടാറ്റ ടെലിസര്‍വീസസ് എന്നീ കമ്പനികള്‍ ഉണ്ടാക്കിയ കടബാധ്യതകള്‍. 11,800 കോടി രൂപയെങ്കിലും ഇതുവഴി എഴുതിത്തള്ളേണ്ട അവസ്ഥയിലാണ് കമ്പനി എന്ന് മിസ്ത്രി പറയുന്നു.
ജപ്പാന്‍ കമ്പനി ഡോകോമോയുടെയും ടാറ്റയുടെയും സംയുക്ത സംരംഭമായ ടാറ്റ ഡോകോമോയുടെ രാജ്യത്തെ സേവനം അത്ര ശുഭകരമല്ലെന്നതാണ് യാഥാര്‍ഥ്യം. മികച്ച ഓഫറുകള്‍ ലഭ്യമാക്കിയിട്ടും വേണ്ടത്ര കവറേജില്ലാത്തതിനാല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഈയൊരു സത്യം മനസ്സിലാക്കിയുള്ള എന്‍ടിടി ഡോകോമോയുടെ പിന്‍വാങ്ങല്‍ ടാറ്റ ഗ്രൂപ്പിന് വന്‍ ബാധ്യത വരുത്തിവെക്കുമെന്നതില്‍ സംശയമില്ല. സംഭവിക്കാന്‍ പോകുന്ന ഈയൊരു തിരിച്ചടി മുന്നില്‍കണ്ട് പുറംലോകമറിയാതെ പരിഹരിക്കുന്നതില്‍ മിസ്ത്രി പരാജയപ്പെടുന്നു എന്നതിലുപരി കമ്പനിക്ക് അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടക്കണക്കുകള്‍ പുറംലോകമറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതാണ് മിസ്ത്രി ചെയ്ത തെറ്റെന്ന് മനസ്സിലാക്കാം. ടാറ്റ ഗ്രൂപ്പിന് സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തേക്ക് വരുന്നതിലേക്ക് എന്‍ടിടി ഡോകോമോയുമായുള്ള തര്‍ക്കം കാരണമായെന്നും അതിനുത്തരവാദിയായ മിസ്ത്രിയെ പെട്ടെന്ന് പറഞ്ഞുവിടലായിരിക്കും കൂടുതല്‍ നഷ്ടക്കഥകള്‍ പുറംലോകം അറിയാതിരിക്കാനുള്ള മാര്‍ഗം എന്നും കമ്പനി ചിന്തിക്കുന്നിടത്തേക്ക് എത്തി. ‘ടാറ്റ ഗ്രൂപ്പിന്റെ വിജയത്തിന് സൈറസിനെ പിരിച്ചുവിടേണ്ടത് അത്യാവശ്യമായിരുന്നു’ എന്ന രത്തന്‍ ടാറ്റയുടെ വാക്കുകള്‍ അല്‍പ്പം തിരുത്തലുകളോടെ മനസ്സിലാക്കുന്നിടത്തായിരിക്കും യാഥാര്‍ഥ്യമെന്ന് തിരിച്ചറിയാന്‍ അധികം ആലോചിക്കേണ്ടതില്ല. ഇവിടെയാണ് മദ്യവ്യവസായി വിജയ് മല്യയും അദ്ദേഹത്തിന്റെ നാടുവിടലും പ്രസക്തമാകുന്നത്. കോടികളുടെ ബാധ്യതകള്‍ വരുത്തിവെച്ച് സ്വന്തം കാര്യം നോക്കി നാടുവിടുന്നവരുടെ പട്ടികയിലേക്ക് ടാറ്റ ഗ്രൂപ്പും സഞ്ചരിക്കുന്നുവോ എന്ന ആശങ്കകള്‍ അസ്ഥാനത്തല്ലെന്നാണ് കാര്യങ്ങളെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ടാറ്റ അനുബന്ധ കമ്പനികളില്‍ നിന്നു പുറത്തുവരുന്ന വാര്‍ത്തകളെല്ലാം നഷ്ടത്തിന്റേതാണെന്നതും താത്കാലിക ചെയര്‍മാനായി സ്ഥാനമേറ്റ രത്തന്‍ ടാറ്റ ഇപ്പോള്‍ കമ്പനിയുടെ തലപ്പത്ത് നടത്തിക്കൊണ്ടിരിക്കുന്ന വകുപ്പ് മാറ്റങ്ങളും ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.
മിസ്ത്രി നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. എയര്‍ ഏഷ്യ, വിസ്താര എയര്‍ലൈന്‍സ് എന്നിവയുടെ ഇന്ത്യന്‍ പങ്കാൡയായ ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യത്തെ നിയമത്തിന് വിരുദ്ധമാണെന്ന് നേരത്തെ തന്നെ സ്വാമി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ടാറ്റ ഗ്രൂപ്പില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തില്‍ പെട്ടെന്ന് ഇടപെടേണ്ടതായ അവസ്ഥ ഒന്നുമില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഇങ്ങനെയൊക്കെത്തന്നെയായിരുന്നു വിജയ്മല്യയുടെ കാര്യത്തിലും സര്‍ക്കാറുകള്‍ സ്വീകരിച്ച നിലപാട്. രാജ്യത്തെ നയിക്കുന്നവര്‍ അതൊക്കെ ഒരു പാഠമാക്കേണ്ടതാണ്. ചാടിപ്പുറപ്പെട്ട് എന്തെങ്കിലും ചെയ്തില്ലെങ്കിലും, ഇത്തരം കോര്‍പ്പറേറ്റുകളുടെ കാര്യത്തില്‍ എപ്പോഴും ഒരു കണ്ണുണ്ടായിരിക്കേണ്ടതല്ലേ എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.
ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെടുന്നതോടു കൂടി കമ്പനിയില്‍ മിസ്ത്രി വഹിച്ചിരുന്ന സ്ഥാനങ്ങള്‍ സ്വയം രാജിവെക്കുമെന്ന രത്തന്‍ ടാറ്റയുടെ കണക്കുകൂട്ടല്‍ തെറ്റുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ്, ടാറ്റ ഇന്‍ഡസ്ട്രീസ്, ടാറ്റ ടെലി സര്‍വീസസ്, ഇന്ത്യന്‍ ഹോട്ടല്‍സ് തുടങ്ങി വിവിധ കമ്പനികളുടെ ചെയര്‍മാന്‍ ഇപ്പോഴും മിസ്ത്രി തന്നെയാണ്. ഇത് ഒരു വലിയ നിയമയുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കും. സ്വയം രാജിവെച്ചൊഴിയുന്നില്ലെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിന് അദ്ദേഹത്തെ മറ്റു സ്ഥാനങ്ങളില്‍നിന്നും പിരിച്ചുവിടേണ്ടി വരും. ടാറ്റ ഗ്രൂപ്പിന്റെ ചെര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കിയ മിസ്ത്രി ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളുടെ തലപ്പത്തിരിക്കുന്നത് ഏതായാലും കമ്പനിക്ക് ഭൂഷണമാകില്ല. മിസ്ത്രി കാത്തിരിക്കുന്നതും അതിന് തന്നെയായിരിക്കും. തന്റെ ഭാഗം അവതരിപ്പിക്കാന്‍ യാതൊരു അവസരവും തരാതെ ഒരു സുപ്രഭാതത്തില്‍ തന്നെ പറഞ്ഞുവിടുമ്പോള്‍ ആനുകൂല്യങ്ങള്‍ പരമാവധി നേടിയെടുക്കുക എന്നതായിരിക്കും ഈ സ്ഥാനങ്ങള്‍ രാജിവെക്കാതിരിക്കുന്നതിലൂടെ മിസ്ത്രി ലക്ഷ്യമിടുന്നത്. ഏതായാലും ടാറ്റ സണ്‍സിന്റെ തലപ്പത്ത് പുതിയ ചെയര്‍മാന്‍ അവരോധിതനാകുകയും ഇപ്പോള്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നു കൂടി സൈറസ് മിസ്ത്രി പുറത്താക്കപ്പെടുകയും ചെയ്താല്‍ കമ്പനിയുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യങ്ങള്‍ പുറത്താകുമെന്നതില്‍ സംശയമില്ല.