Connect with us

National

സിമി പ്രവര്‍ത്തകരുടെ വധം: ജുഡീഷ്യല്‍ അന്വേഷണ ഉത്തരവ് വൈകുന്നു

Published

|

Last Updated

ഭോപ്പാല്‍: തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള ഔദ്യോഗിക ഉത്തരവ് ഇനിയും പുറത്തിറങ്ങിയില്ല. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ മാസം 31നാണ് തടവ് ചാടുന്നതും അവരെ നഗരത്തിന് പുറത്തുള്ള അചര്‍പുരയവെച്ച് പോലീസ് വെടിവെച്ച് കൊല്ലുന്നതും. സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സംഭവം വിവാദമായതോടെ, മൂന്ന് ദിവസത്തിന് ശേഷമാണ് ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഈ അന്വേഷണത്തിനുള്ള ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഉത്തരവിറക്കാന്‍ വൈകുന്നതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണോ അന്വേഷണ ഉത്തരവ് വൈകിപ്പിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ കെ മിശ്ര ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. വിരമിച്ച ജസ്റ്റിസ് എസ് കെ പാണ്ഡെ അന്വേഷിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, അന്വേഷണത്തിന് ചുമതലപ്പെടുത്തുന്ന ഒരറിയിപ്പും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് പാണ്ഡെയും അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ സിമി പ്രവര്‍ത്തകരുടെ വധം സംബന്ധിച്ച് എന്‍ ഐ എ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കിയിരുന്നു.

Latest