എന്‍ഡിടിവി ഇന്ത്യ ചാനലിന്റെ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

Posted on: November 7, 2016 7:37 pm | Last updated: November 8, 2016 at 9:23 am

ndtv-india-logo_650x400_61478501691ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണം റിപോര്‍ട്ട് ചെയ്തതയുമായി ബന്ധപ്പെട്ട് എന്‍ ഡി ടി വിയുടെ സംപ്രേഷണത്തിന് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. എന്‍ ഡി ടിവിയുടെ ഹിന്ദി വിഭാഗം വാര്‍ത്താ ചനലിനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരു ദിവസത്തെ സംപ്രേഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചരത്തിലാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ ഉത്തരവ് മരവിപ്പിച്ചത്.
ഇതിനിടെ സംപ്രേക്ഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ ഡി ടി വി ഇന്നലെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് കേന്ദ്രം തിടുക്കത്തില്‍ നിലപാട് മാറ്റിയത്. പഠാന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ രാജ്യത്തിന്റെ തന്ത്ര പ്രധാനമായ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉത്തരവ് പുറത്തിറക്കിയത്.
പഠാന്‍കോട് വ്യോമതാവളത്തില്‍ ഭീകരര്‍ക്കെതിരേ സൈനിക ഓപറേഷന്‍ നടക്കുമ്പോള്‍ വ്യോമതാവളത്തിലെ വെടിക്കോപ്പുകള്‍, യുദ്ധവിമാനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഹെലികോപ്റ്റര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നത്.
ഇതിനെതിരേ നടപടിയെന്ന നിലയില്‍ ഈ മാസം ഒമ്പതിനും പത്തിനും ഇടക്ക് ഇരുപത്തിനാല് മണിക്കൂര്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തിവെക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നുത്. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരേ ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചു. പഠാന്‍ കോട് വിഷയത്തില്‍ മറ്റ് വാര്‍ത്താ ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത പോലെ തന്നെയാണ് എന്‍ ഡി ടി വിയും റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്നും പിന്നെ എന്തുകൊണ്ടാണ് എന്‍ ഡി ടിവിയുടെ റിപ്പോര്‍ട്ടിംഗ് മാത്രം രാജ്യ സുരക്ഷക്ക് വിഘാതമാകുന്നതെന്നും എന്‍ ഡി ടി വിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ചോദിച്ചു.
ഉത്തരവിന്റെ ഭരണഘടന സാധുത പരിശോധിക്കണമെന്നും അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ചാനലിനെതിരെയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിവിധ മാധ്യമ പ്രവര്‍ത്തക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പുകളും ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മുമ്പ് പ്രതികരിച്ചിരുന്നത്.