ഇമെയില്‍ വിവാദം: ഹിലരി ക്ലിന്റന് എഫ്ബിഐ ക്ലീൻ ചിറ്റ്

Posted on: November 7, 2016 10:35 am | Last updated: November 7, 2016 at 5:27 pm

hillary-clintonവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഇമെയില്‍ വിവാദത്തില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് എഫ്ബിഐയുടെ ക്ലീന്‍ ചിറ്റ്. ഹിലരിയെ കേസില്‍ കുറ്റവിമുക്തമാക്കി എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി അമേരിക്കന്‍ കോണ്‍ഗ്രസിന് കത്ത് നല്‍കി. ഹിലരിക്കെതിരെ പുതിയ തെളിവുകള്‍ ഒന്നും ഇല്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റിപ്പബ്ലിക്കന്‍ പക്ഷം ഹിലരിക്ക് എതിരെ ഉന്നയിച്ച ഏറ്റവും വലിയ തുരുപ്പ് ചീട്ടായിരുന്നു ഇമെയില്‍ വിവാദം. സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ച് ഹിലരി അശ്രദ്ധ കാണിച്ചുവെന്ന് ജൂലൈയില്‍ എഫ്ബിഐ കണ്ടെത്തിയിരുന്നു. ഇത് പിടിച്ചായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണം. എന്നാല്‍ എഫ്ബിഐയുടെ പുതിയ കണ്ടെത്തല്‍ ഹിലരിയുടെ മേല്‍ക്കൈ കൂട്ടുമെന്ന് ഉറപ്പാണ്. സര്‍വേ ഫലങ്ങളില്‍ എല്ലാം നേരിയ മേല്‍ക്കൈ നേടിയ ഹിലരിക്ക് പുതിയ റിപ്പോര്‍ട്ട് പുത്തന്‍ ഉണര്‍വാണ് പകരുന്നത്.

വൈറ്റ് ഹൗസിന്റെ അടുത്ത അവകാശി ആരെന്ന ചോദ്യത്തിന് അമേരിക്കന്‍ ജനത നാളെ ഉത്തരം നല്‍കും. അവസാന മണിക്കൂറുകളില്‍ ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഹിലരി, ട്രംപ് ക്യാമ്പുകള്‍ സജീവ നീക്കങ്ങളാണ് നടത്തുന്നത്.