കനത്ത പോലീസ് സുരക്ഷയില്‍ നഗരസഭയിലേക്ക് സി പി ഐ മാര്‍ച്ച്

Posted on: November 5, 2016 12:53 pm | Last updated: November 5, 2016 at 12:53 pm
സി പി ഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാനന്തവാടി നഗരസഭ ഓഫീസ് മാര്‍ച്ച് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യുന്നു
സി പി ഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാനന്തവാടി നഗരസഭ ഓഫീസ് മാര്‍ച്ച് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: സി പി ഐ മാനന്തവാടി ലോക്കല്‍ കമ്മിറ്റി നഗരസഭയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ തടയുന്നതിനായി പോലിസ് കനത്ത സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയത്.വ്യാഴാഴ്ച മാര്‍ച്ചിനിടെ അക്രമണം ഉണ്ടാവുകയും എസ് ഐക്കുള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അക്രമണമുണ്ടാവുമെന്ന് സൂചന ലഭിച്ചിട്ടും പോലിസ് വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതെന്ന് വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയത്.മാനന്തവാടി എ എസ് പി ജി ജയദേവിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷ ഒരുക്കിയത്.അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ വേണ്ട നടപടികള്‍ കൈകൊള്ളുന്നതിനായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി താഹസില്‍ദാര്‍ ഇ പി മേഴ്‌സിയും സ്ഥലത്തെത്തിയിരുന്നു.നഗരസഭ ഓഫീസിന് മുന്നില്‍ പോലിസ് ബാരിക്കേഡ് തീര്‍ത്തീരുന്നു. ടിയര്‍ഗ്യാസും സജ്ജീകരിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി വി ജി കുഞ്ഞന്‍, മാനന്തവാടി, ബത്തേരി സി ഐ മാരായ ടി എന്‍ സജീവ്, എം ഡി സുനില്‍ എന്നിവരും വിവിധ സ്‌റ്റേഷനുകളിലെ എസ്‌ഐ മാര്‍ ഉള്‍പ്പെടെ നിരവധി പോലിസുകാരും സുരക്ഷക്കായി എത്തിയിരുന്നു.നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും, പ്രകടനം കടന്ന് പോയ വഴികളിലും പോലിസിനെ വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളുടേ പശ്ചാത്തലത്തില്‍ എന്ത് സംഭവിക്കുമെന്നറിയാനായി ആകാംക്ഷയോടെ നിരവധി ആളുകളും നഗരസഭ ഓഫീസ് പരിസരത്ത് എത്തിയിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്തത് പോലിസിനും എറെ ആശ്വാസമായി മാറി.