കിതാബു തൗഹീദ്: എസ് എസ് എഫ് സമരം തുടരും

Posted on: November 5, 2016 1:13 am | Last updated: November 5, 2016 at 1:13 am

ssf flagകോഴിക്കോട് : അറബി ഭാഷയെയും ഇസ്‌ലാമിക സംസ്‌കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന നടപടികളാണ് സര്‍വകലാശാലകളില്‍ നടക്കുന്നതെന്നും സലഫി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വിവാദ പുസ്തകം കാലിക്കറ്റ് സര്‍വകലാശാല അഫ്‌സലുല്‍ ഉലമ സിലബസില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ്’എസ് എഫ് സംസ്ഥാന സെക്രട്ടറി മജീദ് അരിയല്ലൂര്‍ അറിയിച്ചു. പുസ്തകം പിന്‍വലിക്കുമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ യൂനിവേഴ്‌സിറ്റി എടുത്ത താല്‍ക്കാലിക നടപടികള്‍ വിശ്വസിക്കാന്‍ മുന്‍കാല അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. 2004ല്‍ എസ് എസ് എഫ് നടത്തിയ സമരത്തെ തുടര്‍ന്നു വിദഗ്ധ സമിതി പിന്‍വലിക്കണമെന്ന് തീരുമാനിച്ച പുസ്തകമാണ് പത്തു വര്‍ഷത്തിന് ശേഷം വീണ്ടും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ അറബി ഭാഷാ പഠന രംഗത്തെ അക്കാദമിക് നിലവാര തകര്‍ച്ചയുടെ പ്രധാന കാരണം പഠന വകുപ്പുകളിലേയും ബോര്‍ഡ് ഓഫ് സ്റ്റഡീസിലെയും സലഫി ആധിപത്യമാണ്. സംഘടനാപരമായ ആശയ പ്രചാരണത്തിനുള്ള മാര്‍ഗമായാണ് ഇവര്‍ അറബി ഭാഷാ പഠനത്തെ കാണുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് കിതാബു തൗഹീദ്. ഭാഷാ സാഹിത്യ പഠന മേഖലയിലെ പുതിയ പ്രവണതകളെ ഉപയോഗപ്പെടുത്തി അറബി ഭാഷാ പഠനത്തെ ജനകീയമാക്കുന്നതിനു പകരം, അറബി ഭാഷാ പഠനത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
അഫഌലുല്‍ ഉലമയുടേത് ഉള്‍പ്പെടെയുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് സംഘടനകള്‍ വഴി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്ന രീതി അവസാനിപ്പിക്കുക, അക്കാദമിക് മികവ് മുന്‍നിറുത്തി മാത്രം വിദഗ്ധരെ നിയമിക്കുക, ഒരിക്കല്‍ ഒഴിവാക്കിയ വിവാദ പുസ്തകം വീണ്ടും സിലബസില്‍ വന്നതിനെകുറിച്ചന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുക, നിലവില്‍ അഫഌലുല്‍ ഉലമ കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കുന്ന മുഴുവന്‍ പുസ്തകങ്ങളും വിദഗ്ദ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുക, സലഫി ആശയങ്ങളുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും പിന്‍വലിക്കുക, അഫഌലുല്‍ ഉലമ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പിരിച്ചുവിടുക, ഭാഷാ സാഹിത്യ പഠനത്തെ മതസംഘടനകള്‍ക്കിടയിലെ തര്‍ക്കങ്ങളുടെ വേദിയാക്കുന്നത് തടയുക, അറബി ഭാഷാ പഠനം നേരിടുന്ന നിലവാര തകര്‍ച്ചക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്താന്‍ സമഗ്രമായ ഭാഷാ പഠന നയം രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മറ്റുള്ള സര്‍വകലാശാലകളിലേക്കും സമരം വ്യാപിപ്പിക്കും. ഇതുള്‍പ്പെടെ കേരളത്തിലെ സര്‍വകലാശാലകളിലെ അക്കാദമിക് നിലവാരത്തകര്‍ച്ചയെ കുറിച്ച് പഠിച്ചു നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
സമരങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എസ് എസ് എഫ് മാര്‍ച്ച് നടത്തുമെന്നും എം അബ്ദുല്‍ മജീദ് പറഞ്ഞു.