പദ്ധതികള്‍ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ പണം നല്‍കിയില്ല; ആലപ്പുഴ കലക്ടറേറ്റില്‍ ജപ്തി

Posted on: November 5, 2016 7:10 am | Last updated: November 5, 2016 at 1:11 am
SHARE
ഉദ്യോഗസ്ഥര്‍ ജപ്തി നോട്ടീസ് കലക്ടറേറ്റ്               വളപ്പിലെ തെങ്ങില്‍ പതിക്കുന്നു
ഉദ്യോഗസ്ഥര്‍ ജപ്തി നോട്ടീസ് കലക്ടറേറ്റ് വളപ്പിലെ തെങ്ങില്‍ പതിക്കുന്നു

ആലപ്പുഴ: സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ പണം നല്‍കാത്തതിന്റെ പേരില്‍ ആലപ്പുഴ കലക്ടറേറ്റില്‍ ജപ്തി. മൂന്ന് പദ്ധതികള്‍ക്കായി സ്ഥലം വിട്ടു നല്‍കിയവരാണ് കലക്ടറേറ്റിലെ ഗാന്ധിപ്രതിമയടക്കം നില്‍ക്കുന്ന 20 സെന്റ് ഭൂമിയും അതിലെ വൃക്ഷങ്ങളും ജപ്തി ചെയ്യാനുള്ള ഉത്തരവ് നേടിയത്. മൂന്ന് കേസുകളിലായി 56 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തിയതിനാണ് ആലപ്പുഴ സബ് കോടതിയുടെ നടപടി. റെയില്‍വേ വികസനത്തിനടക്കം സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതി ഉത്തരവ്. 1992, 2007, 2009 എന്നീ വര്‍ഷങ്ങളിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് വിധി. 2007ലെ കേസില്‍ അമ്പലപ്പുഴയില്‍ റയില്‍വേക്കായി സ്ഥലം ഏറ്റെടുത്ത ഇനത്തില്‍ കാക്കാഴം സ്വദേശി സുബൈറിന് 31 ലക്ഷം രൂപ സര്‍ക്കാര്‍ കുടിശ്ശിക വരുത്തി. ആലപ്പുഴ സ്വദേശി വര്‍ക്കിമോന്‍ ജോസഫിന്റെ സ്ഥലം 1992ല്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപയും ആലപ്പുഴ വഴിച്ചേരി സ്വദേശി വര്‍ക്കിമോന്‍ കുരുവിളയുടെ ഭൂമി 2009 ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 2009ലെ കേസില്‍ മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കാനുണ്ട്. കുടിശിക കൊടുത്തുതീര്‍ക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ഈ തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കഴിഞ്ഞദിവസം കോടതി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കുടിശ്ശിക തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇന്നലെ വീണ്ടും കേസുകളില്‍ വാദം കേട്ട കോടതി കലക്ടറേറ്റ് ഭൂമി ജപ്തി ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. കലക്ടറേറ്റിന്റെ മൂന്നിടങ്ങളിലായുള്ള ഭൂമിയും അതിലെ വൃക്ഷങ്ങളും ജപ്തി ചെയ്തവയില്‍ ഉള്‍പ്പെടും. ജപ്തി നോട്ടീസ് കോടതി ഉദ്യോഗസ്ഥര്‍ കലക്ടറേറ്റ് വളപ്പിലെ വൃക്ഷങ്ങളില്‍ പതിച്ചു. കലക്ടറേറ്റ് ഭൂമി ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസ്, രജിസ്‌ട്രേഷന്‍ വകുപ്പ് എന്നിവിടങ്ങളിലും കോടതിയില്‍നിന്നുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here