Connect with us

Kerala

വടക്കാഞ്ചേരി പീഡനം: മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം: സിപിഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പരാതിയുള്ളവര്‍ ഗുരുവായൂര്‍ എസ്പിയോട് പറണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ബഹളത്തെ തുടര്‍ന്ന് മന്ത്രി പ്രസ്താവന പിന്‍വലിച്ചുവെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. വടക്കാഞ്ചേരി പീഡനത്തില്‍ പ്രതിപക്ഷത്ത് നിന്ന് അനില്‍ അക്കര നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിക്കിടെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയും ചെയ്തു.

വടക്കാഞ്ചേരി സംഭവത്തില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ മന്ത്രി ബാലന്‍ നടത്തിയ പരാമര്‍ശം മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശം ബഹളത്തില്‍ കലാശിച്ചതോടെ അത് പിന്‍വലിക്കുന്നതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സ്ത്രികള്‍ക്ക് എതിരായ അക്രമം സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തുടര്‍ന്ന് അവര്‍ ഇറങ്ങിപ്പോകുകയായിരുന്നു. ബിജെപി അംഗം ഒ രാജഗോപാലും കേരള കോണ്‍ഗ്രസ് അംഗങ്ങളും പ്രിപക്ഷത്തോടൊപ്പം സഭ ബഹിഷ്‌കരിച്ചു.

്‌കേസ് വനിതാ എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസില്‍ അനില്‍ അക്കരെ ആവശ്യപ്പെട്ടത്.

Latest