Connect with us

Kerala

അദിതി വധം: പിതാവിനും രണ്ടാനമ്മക്കും കഠിനതടവ്‌

Published

|

Last Updated

കോഴിക്കോട്: പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഏഴ് വയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ചും ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയം. എന്നാല്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ച കുറ്റത്തിന് പിതാവിന് മൂന്ന് വര്‍ഷവും കഠിന തടവിനും രണ്ടാനമ്മയെ രണ്ട് വര്‍ഷവും കഠിന തടവിനും കോടതി ശിക്ഷിച്ചു. ഒന്നാം പ്രതിയായ അച്ചന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ അദിതി എസ് നമ്പൂതിരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിതാവ് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയെയും രണ്ടാം ഭാര്യയായ റംല എന്ന ദേവിക അന്തര്‍ജനത്തെയുമാണ് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ശങ്കരനാരായണന്‍ ശിക്ഷിച്ചത്.
പിഴത്തുക അദിതിയുടെ സഹോദരന് നല്‍കണമെന്നും കോടതി വ്യക്തമാക്കി. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. ആര്‍ട്ടിക്കിള്‍ 323, 324 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് 23-ാം വകുപ്പും പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നിരീക്ഷിച്ചത്.
പട്ടിണിക്കിട്ടും പീഡിപ്പിച്ചും മരണത്തിലേക്ക് നയിച്ചെന്ന വാദം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാതെ പോയത് കേസിലെ ഗുരുതര വീഴ്ചയായി. നേരത്തെ വിചാരണ തടവുകാരായി ആറ് മാസം ജയിലില്‍ കഴിഞ്ഞ ശേഷം പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. വിചാരണ കാലയളവില്‍ ജയിലില്‍ കഴിഞ്ഞത് കഴിച്ച് ബാക്കിയുള്ള ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
അദിതിയുടെ സഹോദരന്‍ അരുണ്‍ ആയിരുന്നു കേസിലെ ഒന്നാം സാക്ഷി. സഹോദരന്‍ അരുണിനെ കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണവും ഉണ്ടായിരുന്നു. എന്നാല്‍ ഇതും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
2013 ഏപ്രില്‍ 29ന് ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ അദിതിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നതായാണ് കേസ്. ബിലാത്തിക്കൂളം ബി ഇ എം യു പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു അദിതി. അപസ്മാര ബാധയെത്തുടര്‍ന്നാണ് അദിതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ അദിതി ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടറാണ് വിവരം പോലീസിനെ അറിയിച്ചത്.
പട്ടിണിക്കിട്ട് അവശനിലയിലായ പെണ്‍കുട്ടിയുടെ അരക്കുതാഴെ ആശുപത്രിയിലെത്തിയപ്പോള്‍ പൊള്ളിയ അവസ്ഥയിലായിരുന്നു.
തുടര്‍ന്ന് അതിദിയുടെ സഹോദരന്‍ അരുണ്‍ പീഡന വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഇടുപ്പിനേറ്റ ക്ഷതവും കടുത്ത ശാരീരിക പീഡനവുമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യഥാവിധി ഭക്ഷണം നല്‍കാതിരുന്നത് കാരണം അദിതിയുടെ ശരീരത്തില്‍ വിളര്‍ച്ച ബാധിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
അരുണിനെ കൂടാതെ ബന്ധുക്കളും അയല്‍ക്കാരുമടക്കം 45 ഓളം സാക്ഷികളെ കേസില്‍ വിസ്തരിച്ചു. അദിതിയെ അടിക്കാന്‍ ഉപയോഗിച്ച വടി അടക്കമുള്ള തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജും പ്രതികള്‍ക്ക് വേണ്ട് അഡ്വ. എം നാരായണനും ഹാജരായി.