Connect with us

Kerala

പണയം വെച്ച പാത്രം

Published

|

Last Updated

തിരുവനന്തപുരം: രണ്ട് ബില്ലുകള്‍, പുറമെ ധനവിനിയോഗ ബില്ലും. കേരളത്തിലെ റെയില്‍വേ സുരക്ഷ സംബന്ധിച്ച് ചട്ടം 130 അനുസരിച്ചുള്ള പ്രത്യേക ചര്‍ച്ചയും. ഇതിനെല്ലാം പുറമെ അസംഘടിത തൊഴിലാളി ക്ഷേമനിധിയുടെ ചട്ടത്തിന് ഭേദഗതി നിര്‍ദേശിച്ചുള്ള നോട്ടീസും. അജണ്ടയുടെ ബാഹുല്ല്യം സഭയുടെ ദൈര്‍ഘ്യം കൂട്ടുമെന്ന് സ്പീക്കര്‍ ആശങ്കപ്പെടുന്നതിനിടെ സാങ്കേതിക തടസവും. കേരള പിറവി ആഘോഷത്തെ ചൊല്ലിയുള്ള തര്‍ക്കം കൂടിയായതോടെ കുറച്ച് നേരത്തേക്ക് ബഹളവും. എല്ലാം കൊണ്ടും സമ്പന്നമായിരുന്നു ഇന്നലെ സഭാതലം.
അഭിഭാഷക ക്ഷേമനിധി ബില്ലിനുള്ള ഭേദഗതിയായിരുന്നു ആദ്യം. അഭിഭാഷകരെ കുറിച്ച് പറയുമ്പോള്‍ എ എന്‍ ഷംസീറിന് നൂറ് നാവാണ്. കാരണം മഹാത്മഗാന്ധി മുതല്‍ നെല്‍സണ്‍ മണ്‌ഡേല വരെയും ഫിഡല്‍ കസ്‌ട്രോ മുതല്‍ ബറാക് ഒബാമ വരെയുള്ളവരും അഭിഭാഷകരാണ്. വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകുന്നവര്‍. പീഡനം അനുഭവിക്കുന്ന ജനങ്ങള്‍ക്കായി പൊരുതുന്നവര്‍. എ എന്‍ ഷംസീര്‍ അഭിഭാഷക മഹത്വം വിളമ്പുന്നതിനിടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. ഈ മഹത്വങ്ങളുള്ളവരായിരിക്കണം അഭിഭാഷകര്‍ എന്നല്ലേ ഉദ്ദേശിച്ചതെന്ന് ചോദ്യം. കേരളത്തിലെ ചില അഭിഭാഷകര്‍ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നത് മനസില്‍വെച്ചുള്ള സ്പീക്കറുടെ ചോദ്യം ചര്‍ച്ചയെ കോടതിയിലെ മാധ്യമ വിലക്കിലേക്ക് വഴി നടത്തി.
മാധ്യമങ്ങളും അഭിഭാഷകരും ഏറ്റുമുട്ടേണ്ടവരാണെന്ന നിലപാട് ഷംസീറിനും ഇല്ല. രണ്ട് വിഭാഗത്തിനും ഈഗോയുണ്ട്. അത് തീര്‍ന്നാല്‍ പ്രശ്‌നവും തീരുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മാധ്യമങ്ങള്‍ക്ക് കോടതികളില്‍ പ്രവേശനം നിഷേധിക്കുന്നത് ക്രിമിനലുകളാണെന്നകാര്യം എം വിന്‍സന്റിന് തര്‍ക്കമില്ല. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ അഭിഭാഷക സമൂഹത്തിന് അപമാനമാണ്. ഇത്തരക്കാര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെറ്റുകാര്‍ക്കെതിരെ ശബ്ദം ഉയരണമെന്നും ക്രിമിനല്‍സിനെ ആ തരത്തില്‍ കണ്ട് നടപടിയെടുക്കണമെന്നും വി ടി ബല്‍റാമും ആവശ്യപ്പെട്ടു.
കേരള പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന് മുന്‍മുഖ്യമന്ത്രിമാരെ വിളിക്കാത്തതിനെക്കുറിച്ച് പി ടി തോമസിന് ഒന്നെ പറയാനുള്ളൂ. പിണറായിക്ക് അഹങ്കാരം നല്ലതല്ല. നിങ്ങളുടെ ഹാജര്‍ പട്ടികയില്‍ നിന്ന് വെട്ടിയാലും ആന്റണിയും ഉമ്മന്‍ചാണ്ടിയും ജനങ്ങളുടെ മനസിലുണ്ട്. ആഘോഷത്തിന്റെ ക്രമീകരണം പ്രതിപക്ഷനേതാവുമായി ആലോചിച്ചാണെന്നും അതിന്റെ പേരില്‍ വിവാദം വേണ്ടെന്നും ധനവിനിയോഗ ബില്‍ ചര്‍ച്ചക്കിടെ സ്പീക്കര്‍ നയം വ്യക്തമാക്കി. സ്പീക്കറുടെ മറുപടിയില്‍ പി ടി തോമസ് തൃപ്തനായില്ല. വിശദീകരണം തുടര്‍ന്നതോടെ ബഹളവും. വി എസ് അച്യുതാനന്ദന്‍ പണയം വെച്ച പാത്രത്തിന്റെ അവസ്ഥയിലാണെന്ന് പി ടി ഓഫീസ് പോലും ലഭിക്കാതെ വീര്‍പ്പ് മുട്ടുന്നു.
എല്‍ ഡി എഫ് ഭരണ മികവിന്റെ ഗുട്ടന്‍സ് യു ഡി എഫിന് ഇനിയും പിടി കിട്ടിയിട്ടില്ലെന്നും അത് കിട്ടാന്‍ പോകുന്നില്ലെന്നും ഇ എസ് ബിജിമോള്‍. ഭാഷന്യൂനപക്ഷങ്ങള്‍ക്കായി വിദഗ്ധ സമിതി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ എല്‍ ഡി എഫ് അധികാരത്തില്‍ വരേണ്ടി വന്നു.