മുത്വലാഖിനെ സംബന്ധിച്ച് നടക്കുന്നത് തെറ്റായ പ്രചാരണം: പൊന്മള

Posted on: November 3, 2016 11:50 pm | Last updated: November 3, 2016 at 11:50 pm

ponmalaകൊച്ചി: ഇസ്‌ലാമില്‍ പുരുഷന് യഥേഷ്ടം വിവാഹം കഴിച്ച് യഥേഷ്ടം ത്വലാഖ് ചൊല്ലാം എന്ന തരത്തിലാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. ശരീഅത്ത് സമ്മേളനത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക വിശ്വാസപ്രകാരം അനുവദനീയമായതില്‍ സ്രഷ്ടാവ് ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്ന ഒന്നാണ് വിവാഹമോചനം. ഇസ്‌ലാമില്‍ എല്ലാകാര്യത്തിലും വ്യക്തമായ നിയമങ്ങളും നിബന്ധനകളുമുണ്ട്. മതനിയമങ്ങള്‍ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നതിനെ ഒരു മതത്തെ മുഴുവനും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. കറിയില്‍ ഉപ്പില്ലെന്ന് പറഞ്ഞ് ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നവരുണ്ടെങ്കില്‍ അവരെ ഇസ്‌ലാമിന്റെ മേല്‍ വെച്ചുകെട്ടാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും പൊന്മള പറഞ്ഞു. ശരീഅത്തിനെതിരായ ആസൂത്രിത നീക്കങ്ങളില്‍ വികാരപ്പെടാതെ വിവേകപൂര്‍വ്വം മുന്നോട്ട് നീങ്ങണമെന്ന് സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച സി മുഹമ്മദ് ഫൈസി പറഞ്ഞു.