സിവില്‍ ഡിഫന്‍സ് പ്രദര്‍ശനം ഇനി മിലിപോള്‍ ഖത്വറില്‍

Posted on: November 3, 2016 8:13 pm | Last updated: November 3, 2016 at 8:13 pm
മിലിപോള്‍ പ്രദര്‍ശനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിക്കുന്നു
മിലിപോള്‍ പ്രദര്‍ശനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിക്കുന്നു

ദോഹ: രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സിവില്‍ ഡിഫന്‍സ് പ്രദര്‍ശന, സമ്മേളനം ഇനി മിലിപോള്‍ ഖത്വറിനൊപ്പം നടക്കും. 2018ല്‍ നടക്കുന്ന മിലിപോള്‍ സംയുക്ത പ്രദര്‍ശന സമ്മേളനമായിരിക്കുമെന്ന പ്രഖ്യാപനത്തോടെ മിലിപോള്‍ ഖത്വര്‍ 2016ന് സമാപനമായി. പ്രദര്‍ശനം വന്‍ വിജയമായിരുന്നുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഫ്രഞ്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമക്‌സ്‌പോസിയം സെക്യൂരിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
ഇന്നലെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രദര്‍ശനം സന്ദര്‍ശിച്ചു. പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ സുരക്ഷാ സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമെല്ലാം അമീര്‍ വിലയിരുത്തി. വ്യാവസായിക സൈറ്റുകളുടെ സംരക്ഷണം, ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലെ ഏറ്റവും പുതിയ വിദ്യകളെക്കുറിച്ചും വികസനങ്ങളെക്കുറിച്ചുമുള്ള കമ്പനികളുടെ അവതരണവും അമീര്‍ ശ്രവിച്ചു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയും അമീറിനെ അനുഗമിച്ചു.
സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതും സാങ്കേതികവിദ്യകള്‍ സജ്ജമാക്കുന്നതും നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് 11 കരാറുകളിലാണ് ആഭ്യന്തര മന്ത്രാലയം മിലിപോളില്‍ ഒപ്പു വെച്ചത്. ആകെ 260.05 ദശലക്ഷം റിയാലിന്റെതാണ് കരാറുകള്‍. 20 വര്‍ഷമായി നടന്നു വരുന്ന പ്രദര്‍ശനത്തില്‍ ഈ വര്‍ഷം 103 രാജ്യങ്ങളില്‍നിന്നായി 6538 സന്ദര്‍ശകരെത്തി. 35 രാജ്യങ്ങള്‍ മേളയിലെ ഔദ്യോഗിക പങ്കാളികളായിരുന്നു. 246 ഔദ്യോഗിക പ്രതിനിധികളും പങ്കെടുത്തു. മുന്‍ വര്‍ഷവുമായുള്ള താരതമ്യത്തില്‍ പ്രദര്‍ശകരില്‍ 68 ശതമാനം വര്‍ധനവായിരുന്നു ഈ വര്‍ഷം. 35 രാജ്യങ്ങളല്‍നിന്നായി 230 പ്രദര്‍ശകരാണുണ്ടായത്. എട്ടു പുതിയ രാജ്യങ്ങള്‍ ഈ വര്‍ഷമുണ്ടായി. അള്‍ജീരിയ, ബെലിസ്, സിര്‍പസ്, ജോര്‍ദാന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, പാക്കിസ്ഥാന്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളാണ് ആദ്യായി പങ്കാളികളായത്. ഖത്വറില്‍ നിന്നുള്ള പ്രദര്‍ശകരായിരുന്നു മേളയില്‍ കൂടുതലായി പങ്കെടുത്തത്. 54 കമ്പനികള്‍ രാജ്യത്തു നിന്നു പങ്കെടുത്തപ്പോള്‍ 27 പ്രദര്‍ശനകര്‍ ഫ്രാന്‍സില്‍നിന്നും പങ്കെടുത്തു. ചൈന, ജര്‍മനി, നോര്‍ത്ത് അമേരിക്ക, യു കെ എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ പ്രദര്‍ശകരുണ്ടായത്.
പ്രദര്‍ശനം വന്‍ വിജയമായിരുന്നുവേന്നും പങ്കാളികളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മിലിപോള്‍ ഖത്വര്‍ 2016 ഡയറക്ടര്‍ മുറിയേല്‍ കഫന്റാരീസ് പറഞ്ഞു. ഈ വര്‍ഷത്തെ മിലിപോളില്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് പ്രത്യേക സോണ്‍ അനുവദിച്ചിരുന്നു. ആഗോള, മേഖലാ തലത്തില്‍ നിന്നുള്ള പ്രദര്‍ശകര്‍ ഈ വിഭാഗത്തില്‍ പങ്കെടുത്തു. സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ മിലിപോളില്‍കൂടി പങ്കെടുക്കാന്‍ കാണക്കുന്ന താത്പര്യം കൂടി പരിഗണിച്ചാണ് രണ്ടു പ്രദര്‍ശനങ്ങളും ലയിപ്പിക്കാന്‍ ധാരണയായത്.
പ്രദര്‍ശനത്തോടനുബന്ധിച്ച് സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും നടന്നിരുന്നു. ഇന്നലെ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍-സൈബര്‍ ത്രട്ട് ഇന്റലിജന്‍സ് എന്ന ശീര്‍ഷകത്തിലായിരുന്നു സെമിനാര്‍. സെമിനാറുകളിലെ പങ്കാളിത്തം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. സന്ദര്‍ശകരും വര്‍ധിച്ചു. ഇത്തവണ ലഭിച്ച ഗുണപരമായ പ്രതികരണങ്ങളെല്ലാം 2018ലെ പ്രദര്‍ശനം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.