ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം മിഴിതുറന്നു

Posted on: November 3, 2016 7:46 pm | Last updated: November 7, 2016 at 10:16 pm

8ഷാര്‍ജ: ലോകത്തെ അക്ഷര സ്‌നേഹികള്‍ക്ക് മുന്നില്‍ എണ്ണമൊടുങ്ങാത്ത പുസ്തക താളുകള്‍ തുറന്നിട്ട് കൊണ്ട് 35-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം മിഴിതുറന്നു. ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച ചടങ്ങില്‍ യു എ ഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി പുസ്തകോത്സവ മേള ഉദ്ഘാടനം ചെയ്തു. ശൈഖ് സുല്‍ത്താന്‍ രചിച്ചു വിവര്‍ത്തനം ചെയ്യപ്പെട്ട ‘പവര്‍ സ്ട്രഗിള്‍സ്’ ‘ട്രേഡ് ഇന്‍ ദി ഗള്‍ഫ്’ എന്നീ പുസ്തകങ്ങളില്‍ തന്റെ കയ്യൊപ്പു രേഖപ്പെടുത്തി. 1620 മുതല്‍ 1820 വരെയുള്ള 200 വര്‍ഷത്തെ രാജ്യത്തിന്റെ പുരോഗതിയിലേക്കാണ് പുസ്തകങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം പുസ്തക മേളയിലൊരുക്കിയ 15 ലക്ഷം പുസ്തകങ്ങളെ ശൈഖ് സുല്‍ത്താന്‍ നോക്കിക്കണ്ടു. ശൈഖ് സുല്‍ത്താനൊപ്പം യു എ ഇ സാംസ്‌കാരിക-വൈജ്ഞാനിക വികസനകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍, മറ്റ് ശൈഖുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ എന്നിവര്‍ അനുഗമിച്ചിരുന്നു.
ചടങ്ങില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വിവര്‍ത്തന പുരസ്‌കാരം പ്രഖ്യാപിച്ചു. തര്‍ജുമാന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുരസ്‌കാരത്തിന്റെ വിശദാംശങ്ങള്‍ പുസ്തകോത്സവ വേദിയില്‍ അടുത്ത് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. പുസ്തകമേള കേവലമൊരു ചടങ്ങായല്ല ആഘോഷിക്കുന്നത് സമൂഹത്തിന്റെ ഭൗതികവും ധൈഷണികവുമായ മുന്നേറ്റവും തീവ്രവാദ ചിന്താഗതികളെ ഉന്‍മൂലനം ചെയ്യാന്‍ അക്ഷര വെളിച്ചം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ അമീരി പറഞ്ഞു. ചടങ്ങില്‍ വിവിധ മേഖലകളിലുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഈ വര്‍ഷത്തെ കുട്ടികളുടെ പുസ്തകത്തിനുള്ള അവാര്‍ഡ് നബീഹാ മഹെയ്ദലി രചന നിര്‍വഹിച്ച ‘ഏഹം! ഏഹം! ലെറ്റ് മി പാസ് പ്ലീസ്’ എന്ന പുസ്തകത്തിന് ലഭിച്ചു. ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ സാംസ്്കാരിക വ്യക്തിത്വമായ മുന്‍ ലബനീസ് സാംസ്‌കാരിക മന്ത്രി ഗസ്സാന്‍ സലാമികിന് ചടങ്ങില്‍ ശൈഖ് സുല്‍ത്താന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കൗതുകത്തോടെയാണ് പുസ്തകമേളയിലെ പവലിയനുകളിലൂടെ സഞ്ചരിച്ചത്. തങ്ങള്‍ക്കിഷ്ടപെട്ടവ അവര്‍ സ്വന്തമാക്കാനും തിരക്കുകൂട്ടി. കുട്ടികളോടൊപ്പം ശൈഖ് സുല്‍ത്താന്‍ സംസാരിച്ചു. പ്രവര്‍ത്തി ദിവസമായിരുന്നിട്ടും വിദ്യാര്‍ഥികളുടെ പ്രവാഹം തന്നെയാണ് മേളയിലേക്കുണ്ടായത്. 10 ദിവസം നീണ്ടു നില്‍ക്കുന്ന മേള ഈ മാസം 12ന് സമാപിക്കും. ഈ വര്‍ഷവും ആയിരത്തിലധികം പ്രസാധകരാണ് മേളക്ക് എത്തിയിട്ടുള്ളത്. യു എ ഇ 205 പ്രസാധകരും, 163 പ്രസാധകരുമായി ഈജിപ്തും ഒന്നും രണ്ടും സ്ഥാനത്തുണ്ട്. 110 വീതം പ്രസാധകരുമായി ഇന്ത്യ, ലബനാന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തായുണ്ട്. യു കെ 79, സിറിയ 66, അമേരിക്ക 63, സഊദി അറേബ്യയില്‍ നിന്ന് 61 എന്നിങ്ങനെ വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് ഒട്ടനവധി പ്രമുഖരായ പ്രസാധകര്‍ മേളയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ തന്നെ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി. വിവിധ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ ഇത്തവണയും പുസ്തകോത്സവത്തിലെ സാംസ്‌കാരിക പരിപാടികളില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ നിന്നുമാത്രം അമ്പതിലേറെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. ഇവയുള്‍പെടെ 1,400ല്‍ ഏറെ സാംസ്‌കാരിക പരിപാടികളാണ് പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. കാലത്ത് പത്ത് മണി മുതല്‍ രാത്രി പത്ത് വരെയാണ് പ്രവേശനം. കാലത്ത് സ്‌കൂള്‍ കുട്ടികളായിരിക്കും പ്രധാനമായും എത്തുന്നത്. കുട്ടികള്‍ക്കായും പ്രത്യേകം പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള മേളയിലേക്ക് എല്ലാവര്‍ക്കും പ്രവേശനം സൗജന്യമാണ്.