ട്രംപ് സ്ത്രീവിരുദ്ധന്‍; ഹിലാരി അഴിമതിക്കാരി

Posted on: November 3, 2016 12:20 am | Last updated: November 3, 2016 at 12:20 am

trumpവാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളെ ആക്രമിക്കുന്ന സ്വഭാവക്കാരനാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ്‍. ട്രംപിന്റെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍, സ്ത്രീകളെ അവമതിക്കുകയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്ന് വ്യക്തമാകുമെന്ന് ഹിലാരി ആരോപിച്ചു. അതേസമയം, ശക്തമായ പ്രതികരണവുമായി ട്രംപും രംഗത്തെത്തി. ഹിലാരി ക്ലിന്റണ്‍ അഴിമതിക്കാരിയാണെന്നും എല്ലാക്കാലത്തേക്കുമായി അമേരിക്കയുടെ ആരോഗ്യം നശിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ട്രംപും ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ ഡെമോക്രാറ്റിക് വിഭാഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിഭാഗവും കടുത്ത വാക്‌പോരും വിമര്‍ശവുമാണ് പരസ്പരം അഴിച്ചുവിടുന്നത്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഹിലാരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മത്സരം കനക്കുകയാണെന്നും ഏറെ വാശിനിറഞ്ഞതായിരിക്കും തിരഞ്ഞെടുപ്പെന്നും സര്‍വേകളില്‍ വ്യക്തമാക്കുന്നു. അതേസമയം, തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ്‍ വിജയിക്കുകയാണെങ്കില്‍ അതായിരിക്കും അമേരിക്കയുടെ സുസ്ഥിരമായ സാമ്പത്തിക ഭദ്രതക്ക് കാരണമാകുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇതിന് പുറമെ അമേരിക്കയുടെ പ്രസിഡന്റായി ട്രംപ് വരുന്നതിനെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ലോക സുന്ദരി പട്ടം നേടിയ ആലീസിയ മെച്ചാദോയും ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തി. അമേരിക്കയുടെ പ്രസിഡന്റായിരിക്കാന്‍ ഉചിതമായ ആളല്ല ട്രംപെന്നായിരുന്നു അവരുടെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ട്രംപിന്റെ രീതികളെ വിമര്‍ശിച്ച് രംഗത്തെത്തി.
സ്ത്രീകളെ പന്നികളെന്നും പട്ടികളെന്നും വിളിച്ച് ജീവിതത്തിലെ നല്ലൊരു ശതമാനം ചെലവഴിച്ച ആളാണ് ട്രംപെന്ന് ഒബാമ തുറന്നടിച്ചു. കഴിഞ്ഞ മാസം ട്രംപിനെതിരെ നിരവധി സ്ത്രീകള്‍ പീഡന ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാതരം ആരോപണങ്ങളെയും ട്രംപ് തള്ളിക്കളയുകയാണ്. താന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ തിരഞ്ഞെടുപ്പിന് ശേഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുന്നുണ്ട്.