ഭോപാല്‍: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: തടവുകാര്‍ നിരായുധരെന്ന് എ ടി എസ്‌

Posted on: November 3, 2016 6:03 am | Last updated: November 3, 2016 at 12:04 am

ന്യൂഡല്‍ഹി: ജയില്‍ ചാടിയതിനെ തുടര്‍ന്ന് സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന പോലീസ് നടപടിയെ ന്യായീകരിച്ച് മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ സഞ്ജീവ് ഷമ്മി. സിമി പ്രവര്‍ത്തകര്‍ നിരായുധരായിരുന്നുവെന്നും അവരെ കൊല്ലാന്‍ നിയമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ കൈയില്‍ ആയുങ്ങളുണ്ടായിരുന്നെന്ന പോലീസ് വാദത്തെ തള്ളിയ അദ്ദേഹം അത് കൊല്ലപ്പെടാതിരിക്കാനുള്ള കാരണമല്ലെന്നും, ഇങ്ങോട്ട് വെടിവെച്ചില്ലെന്ന് കരുതി അങ്ങോട്ട് വെടിവെക്കാതിരിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. കൊടും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പൊലീസ്് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്നതും ജീവനെടുക്കുന്നതും നിയമപ്രകാരം തെറ്റല്ല. ജയില്‍ ചാടുമ്പോള്‍ നിരായുധരായിരുന്ന ഇവര്‍ക്ക് പിന്നീട് നാല് പിസ്റ്റളുകള്‍ ലഭിച്ചുവെന്ന് പൊലീസും മുഖ്യമന്ത്രിയും പറഞ്ഞതില്‍ നിന്നും വളരെ വ്യത്യസ്തമായ വെളിപ്പെടുത്തലാണ് സഞ്ജീവ് ഷമ്മി നടത്തിയിരിക്കുന്നത്.
സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ നിരായുധരായിരുന്നെന്ന് തനിക്ക് അറിയാം. എന്നാല്‍ പിന്നീട് പൊലീസും ഉദ്യോഗസ്ഥരും അതിനെതിരായി പറഞ്ഞിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ നിരായുധരാണെന്ന വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദഹേം പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. എട്ട്‌പേരും കൊല്ലപ്പെട്ടത് അടുത്തുനിന്ന് വെടിയേറ്റ് തന്നെയാണ്. എന്നാല്‍ എത്ര അടുത്ത് നിന്നാണ് വെടിയേറ്റതെന്ന് ഫോറന്‍സിക് പരിശോധനയിലേ വ്യക്തമാകൂ. ഓരോരുത്തര്‍ക്കും രണ്ട ്തവണ വീതം വെടിയേറ്റതായും ചിലര്‍ക്ക് പിറകില്‍ നിന്നാണ് വെടിയേറ്റതെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ എല്ലാവരുടെയും അരക്ക് മുകൡ നെഞ്ചിനും തലയിലുമാണ് വെടിയേറ്റതെന്നും ശരീരം തുളച്ച് വെടിയുണ്ട പുറത്തേക്ക് പോയെന്നും പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും പോലീസിന് നേരെ അവര്‍ വെടിയുതിര്‍ത്തിരുന്നില്ലെന്നും, മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവരുടെ കൈകളില്‍ തോക്കൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ശേഷവും മൃതദേഹത്തിന് സമീപം തോക്കൊന്നും കണ്ടെത്തിയിരുന്നില്ല. കത്തി പോലൊരു വസ്തുമാത്രമാണ് ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതോടെ ഭോപ്പാലില്‍ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുകയാണ്.
ഇതിനിടെ സിമി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെക്കുന്ന മൂന്നാമതൊരു വീഡിയോ കൂടി ഇന്നലെ പുറത്തുവന്നിരുന്നു. വിചാരണ തടവുകാരില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് പോലീസ് സംഘത്തിലൊരാള്‍ പറയുമ്പോള്‍ എസ് ടി എഫിലൊരാള്‍ വെടിയുതിര്‍ക്കുന്നുണ്ട്. ഇതിന് കുറച്ചു സമയം കഴിഞ്ഞ് ഇതിന്റെയെല്ലാം വീഡിയോ ആരോ എടുക്കുന്നുണ്ടോ എന്നൊരാള്‍ ചോദിക്കുന്നതും, ഭായ് ഉടന്‍ തന്നെ വീഡിയോ ചിത്രീകരണം നിര്‍ത്തിവെക്കൂ എന്ന് മറ്റൊരാള്‍ പറയുന്നതും കേള്‍ക്കാം. വെടിവെച്ച് കൊല്ലൂ എന്നും നെഞ്ചത്ത് തന്നെ വെടിവെക്കു എന്നും ഹിന്ദിയില്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം.
ഇതിനിടെ കൊല്ലപ്പെട്ട സിമിപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം സംസ്‌കരിച്ചു. എട്ട് പേരില്‍ ഏഴു പേരുടെയും മൃതദേഹം കനത്ത പോലീസ് സുരക്ഷയില്‍ മധ്യപ്രദേശിലെ വിവിധയിടങ്ങളിലായി സംസ്‌കരിച്ചു. ഭോപ്പാലില്‍ നിന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.