Connect with us

Editorial

വിജിലന്‍സ് പരാതികളില്‍ അവധാന പൂര്‍വം

Published

|

Last Updated

കേസന്വേഷണങ്ങള്‍ കാര്യക്ഷമമാക്കാനും അന്വേഷണത്തിലെ വീഴ്ചകള്‍ ഒഴിവാക്കാനും ലഭ്യമാകുന്ന പരാതികളില്‍ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വിജിലന്‍സ്. ഒരു പരാതി ലഭിച്ചാല്‍ അന്വേഷണത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രാഥമിക പരിശോധന, നിജസ്ഥിതി പരിശോധന, വസ്തുതാപരിശോധന, നിയമപരമായ പരിശോധന, സാഹചര്യ പരിശോധന എന്നിങ്ങനെ അഞ്ച് തലങ്ങളില്‍ പരിശോധന നടത്തി പരാതി പരിഗണനാര്‍ഹമാണോ എന്ന് കെണ്ടത്തുകയാണ് ലക്ഷ്യം. പല പരാതികളും ദുരുദ്ദേശ്യപരമാണെന്ന ആക്ഷേപം ഉയരുകയും ധനകാര്യവകുപ്പ് അഡീഷനല്‍ ചീഫ്‌സെക്രട്ടറി കെ എം എബ്രഹാമിന്റെ ഫഌറ്റ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
അഴിമതിവിരുദ്ധ പോരാട്ടത്തിന് ഉപയോഗപ്പെടുത്തേണ്ട വിജിലന്‍സിനെ ചിലര്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ വിദ്വേഷം തീര്‍ക്കാനും അവരെ ജനമധ്യത്തില്‍ അവമതിക്കാനുമായി ദുരുപയോഗപ്പെടുത്താറുണ്ട്. വി എസിനെതിരായ ഭൂമിദാനകേസില്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനം ദുരുപയോഗപ്പെടുത്തിയതായി ഹൈക്കോടതി തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ ലഭിക്കുന്ന പരാതികളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന നിര്‍ദേശത്തിന്റെ പേരില്‍ കേസെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും ഉന്നതര്‍ക്കെതിരെ ഈവിധം കേസെടുക്കുന്നത് അവര്‍ക്ക് നിര്‍ഭയമായി ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമാകുമെന്നും കോടതി പ്രസ്തുത കേസിന്റെ പരിശോധനാ വേളയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനല്‍ നടപടി നിയമത്തെക്കുറിച്ച് പ്രാഥമിക അറിവെങ്കിലുമുള്ളവരാണ് അന്വേഷണ ഉദ്യോഗസ്ഥനെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നില്ലെന്നു വിധിന്യായത്തില്‍ ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ പറയുകയുണ്ടായി.
കെ എം എബ്രഹാമിന്റെ ഫഌറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലും വീഴ്ച സംഭവിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന്റെ വസതി പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഇവിടെ പാലിച്ചില്ല. വീട്ടില്‍ സ്ത്രീകള്‍ മാത്രമാണുള്ളതെങ്കില്‍ പരിശോധനാ സംഘത്തില്‍ വനിതകള്‍ വേണമെന്നാണ് ചട്ടം. ഫഌറ്റ് പരിശോധനാ വേളയില്‍ അവിടെ എബ്രഹാമിന്റെ ഭാര്യ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും ഉദ്യോഗസ്ഥ സംഘത്തില്‍ വനിതകളില്ലായിരുന്നു. വിജിലന്‍സ് സംഘത്തിന് വാറന്റും ഉണ്ടായിരുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അറിയാതെയുമായിരുന്നുസംഭവം. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇത് കടുത്ത അതൃപ്തിക്കിയിയിട്ടുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാന്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ഗൂഢനീക്കത്തിന്റെ ഭാഗമായാണ് കെ എം എബ്രഹാമിന്റെ വീട്ടില്‍ നടന്ന റെയ്ഡ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ സീനിയറും മികച്ച സേവന പാരമ്പര്യവുമുള്ള എബ്രഹാമിനെതിരെ വിജിലന്‍സ് നീങ്ങുമ്പോള്‍, പുതിയ ഐ എ എസ്-ഐ പി എസ് പോരിന് അതുവഴി തുറക്കുകയും ജേക്കബ് തോമസിനെതിരായ പ്രതിഷേധം ശക്തമാവുകയും ചെയ്യുമെന്നായിരുന്നു റെയഡിന് കളമൊരുക്കിയവരുടെ കണക്ക് കൂട്ടല്‍. ഇതോടെ മുഖ്യമന്ത്രിയും അദ്ദേഹത്തെ കൈയൊഴിമെന്നും കരുതിയിരിക്കണം. എന്നാല്‍ വിചാരിച്ച പോലെയല്ല സംഭവങ്ങള്‍ നടന്നത്. സംഭവം ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രിയും റെയ്ഡ് താനറിയാതെയാണെന്ന് ജേക്കബ് തോമസും വ്യക്തമാക്കി. ആരോടും വ്യക്തിവൈരാഗ്യമില്ലെന്നും ഇതുസംബന്ധിച്ചുണ്ടായ തെറ്റിദ്ധാരണ നീക്കുമെന്നും വിജിലന്‍സ് സംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നുവെന്നും വിജിലന്‍ ഡയറക്ടര്‍ പറയുകയുണ്ടായി. ഇതോടെ മുഖ്യമന്ത്രി ഇതിന്റെ പിന്നാമ്പുറ കളികള്‍ തിരിച്ചറിയുകയും തത്പരകക്ഷികളുടെ നീക്കം പാളുകയുമായിരുന്നു.
വിജിലന്‍സ് ആസൂത്രണം ചെയ്ത പുതിയ സമ്പ്രദായം ഇത്തരം പാളിച്ചകളും തെറ്റായ നടപടികളും ഒഴിവാക്കാന്‍ സഹായകമായേക്കും. വിജിലന്‍സില്‍ ലഭിക്കുന്ന പരാതി വ്യാജമല്ലെന്ന് ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ഒന്നാംഘട്ട പരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്. പരാതിയിലെ വസ്തുതയാണ് രണ്ടാം ഘട്ടത്തില്‍ പരിശോധിക്കുക. അഴിമതിയാണോ ക്രമക്കേടാണോ എന്നതും അതിന്റെ സാഹചര്യവുമാണ് മൂന്നാംഘട്ട പരിശോധനയില്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് പരാതി ഉയര്‍ന്ന് വരാന്‍ ഇടയായ സാഹചര്യവും അതിന് പിന്നിലെ താത്പര്യങ്ങളും ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതാണോയെന്നും കണ്ടെത്തും. അതിന് ശേഷമേ കേസ് അന്വേഷണ നടപടികളിലേക്ക് നീങ്ങുകയുള്ളൂ. ഇതോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ ക്രൂശിക്കുന്നുവെന്ന പരാതിയും അതിന്റെ പേരില്‍ ഉടലെടുക്കുന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ ചേരിപ്പോരും ഏറെക്കുറെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Latest