സമുദ്ര വ്യവസായം ദുബൈയില്‍ കരുത്താര്‍ജിക്കുന്നു

Posted on: November 2, 2016 10:08 pm | Last updated: November 2, 2016 at 10:16 pm

dubai1ആഗോള വ്യാപാര-വ്യവസായങ്ങളുടെ മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ ഹബ്ബായ ദുബൈയില്‍ സമുദ്ര സംബന്ധ വ്യവസായങ്ങളും വ്യാപാരങ്ങളും കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഷിപ്പിംഗ് വ്യവസായവും വ്യാപാര കരാറുകളും ദുബൈയുടെ സാമ്പത്തിക മേഖലക്ക് വലിയ നേട്ടം നല്‍കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥക്കും മുന്നേറ്റമുണ്ടാക്കുന്നുണ്ട്.
ദുബൈയിലെ തുറമുഖങ്ങളിലൂടെ നടക്കുന്ന വ്യാപാരങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ബീച്ചുകളും എമിറേറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. ലോകത്തിലെ തന്നെ മുന്‍നിര ഫ്രീസോണായ ദുബൈയിലെ ജബല്‍ അലി ഈ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്.
എമിറേറ്റിലെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിന് പ്രാദേശിക വ്യാപാര കേന്ദ്രങ്ങളെയും വിദേശ നിക്ഷേപകരെയും ഫ്രീസോണിലേക്ക് ആകര്‍ഷിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനായതും നിലവിലുള്ള കമ്പനികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചതും കൂടുതല്‍ കമ്പനികളെ ഫ്രീസോണിലേക്ക് ആകര്‍ഷിക്കാനിടയാക്കി. ലോജിസ്റ്റിക് വ്യവസായ പ്രവര്‍ത്തനങ്ങളും ചരക്കുകളുടെ ഇറക്കുമതിയും പുനര്‍ കയറ്റുമതിയും ദുബൈയുടെ സാമ്പത്തിക പുരോഗതയിലുമാണ് ഫ്രീസോണ്‍ ശ്രദ്ധയൂന്നുന്നത്. ദുബൈ നഗരത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളിലൊന്നായ ക്രീക്കും വിനോദസഞ്ചാര രംഗത്തെ വളര്‍ച്ചയോടൊപ്പം വാണിജ്യപരമായ നേട്ടങ്ങളും ദുബൈക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ദുബൈയില്‍ ക്രീക്കിലെത്തിയത് 12,229 കപ്പലുകളാണ്. മരത്തടിയില്‍ നിര്‍മിച്ച പരമ്പരാഗത ബോട്ടുകളും ആധുനിക കപ്പലുകളും ക്രൂയിസുകളും ഇതില്‍ ഉള്‍പെടും. ദുബൈ കസ്റ്റംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കപ്പലുകളുടെ എണ്ണം സൂചിപ്പിച്ചിരിക്കുന്നത്.
അറബ് രാജ്യങ്ങളിലേക്കും മറ്റും ചരക്കു ഗതാഗതവും വാണിജ്യവും ക്രീക്കിലെത്തുന്ന ചെറിയകപ്പലുകളില്‍ക്കൂടിയാണ് പ്രധാനമായും നടക്കുന്നത്. ഏകദേശം എട്ട് ലക്ഷത്തോളം ടണ്‍ കാര്‍ഗോ പ്രതിവര്‍ഷം ക്രീക്ക് വഴി പലരാജ്യങ്ങളിലേക്ക് പോവുകയും വരികയും ചെയ്യുന്നു.
ദുബൈയിലെ പ്രധാന ബേങ്കുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് കോംപ്ലക്‌സ്, ഹോട്ടലുകള്‍, ഹെറിറ്റേജ് വില്ലേജ്, ഗോള്‍ഫ് ക്ലബ്, ക്രീക്ക് പാര്‍ക്ക് തുടങ്ങിയവ ക്രീക്കിന്റെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്നു. ദുബൈയുടെ പൗരാണികതയും ആധുനികതയും സമന്വയിക്കുന്ന കാഴ്ചയാണ് ക്രീക്കില്‍ ദൃശ്യമാവുക. ഇതുകൊണ്ടുതന്നെ ഓരോ വര്‍ഷവും ദുബൈയിലെത്തുന്ന ലക്ഷക്കണക്കിന് വിനോദസഞ്ചാരികളുടെ പ്രിയ ഇടമായി ക്രീക്ക് മാറുന്നു. വിനോദ സഞ്ചാരികള്‍ക്കായി യാത്രാബോട്ടുകള്‍, സഞ്ചരിക്കുന്ന റെസ്റ്റോറന്റ് ബോട്ടുകള്‍ തുടങ്ങിയവ ക്രീക്കിലുണ്ട്. രാത്രിയും പകലും പ്രത്യേകമായി യാത്രാ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ദുബൈ നഗരത്തിന്റെ വാണിജ്യ വ്യവസായ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കിയ ജലപാതയാണ ് ദുബൈ ക്രീക്ക്. വ്യാപാരത്തോടൊപ്പം ടൂറിസത്തിന്റെ ആഗോള ഹബ്ബായും ദുബൈയെ മാറ്റിയെടുത്ത് സമ്പദ്യ വ്യവസ്ഥയുടെ നട്ടെല്ലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണനേതൃത്വം.
ദുബൈയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്രീക്ക് പരിസരത്ത് നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ ദുബൈയില്‍ ഇമാര്‍ പ്രോപ്പര്‍ടീസ് ടവര്‍ നിര്‍മിക്കുന്ന ദി ടവര്‍ ദുബൈ ക്രീക്ക് ഹാര്‍ബറിനോട് ചേര്‍ന്നാണ്. 365 കോടി ദിര്‍ഹം ചെലവിലാണ് ദി ടവര്‍ ഉയരുന്നത്.
അതേസമയം സമുദ്ര സംബന്ധ വ്യാപാര-വ്യവസായ മേഖലയില്‍ പുതിയ ചുവടുവെപ്പുകള്‍ക്ക് ഹേതുവാകുന്ന ദുബൈ മാരിടൈം സമ്മിറ്റ് ഇന്ന് തുടങ്ങും. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ മറീനയിലെ അഡ്രസ്സ് ഹോട്ടലിലാണ് സമ്മേളനം.
അന്താരാഷ്ട്ര ജലഗതാഗതത്തിന്റെ വര്‍ത്തമാനവും ഭാവിയും ഷിപ്പിംഗ് വ്യവസായ മേഖലയിലെ നൂതനാശയങ്ങളും ഈ രംഗത്ത് കൂടുതല്‍ നിക്ഷേപമിറക്കുന്ന കാര്യങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. മാരിടൈം വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധരുമായും മുന്‍നിര കമ്പനികളുമായും ചേര്‍ന്ന് തന്ത്രപ്രധാന സംരംഭങ്ങള്‍ക്കാണ് സമ്മേളനം ഊന്നല്‍ നല്‍കുന്നതെന്ന് ദുബൈ മാരിടൈം സിറ്റി അതോറിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആമിര്‍ അലി പറഞ്ഞു. ‘ഗ്ലോബല്‍ ഷിപ്പിംഗ് മാര്‍ക്കറ്റ്‌സ്’, ‘ഇന്നൊവേഷന്‍ ഇന്‍ ഷിപ്പിംഗ് ടെക്‌നോളജി’ എന്നീ വിഷയത്തിലുള്ള സെമിനാറുകളടക്കം അഞ്ച് ഇന്ററാക്ടീവ് സെഷനുകള്‍ സമ്മേളനം കൈകാര്യം ചെയ്യും.
മേഖലയിലെ ഏറ്റവും വലിയ സമുദ്രസംബന്ധ വ്യാപാര പ്രദര്‍ശന-സമ്മേളനമായ ‘സീ ട്രേഡ് മാരിടൈം മിഡില്‍ ഈസ്റ്റ്’ ഇപ്പോള്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്നുണ്ട്. സീ ട്രേഡില്‍ പുതിയ കരാറുകള്‍ ഒപ്പിടുകയും വാണിജ്യ വളര്‍ച്ചക്ക് കൈവരിക്കേണ്ട നടപടികളുമാണ് പ്രദര്‍ശനവും സമ്മേളനും ചര്‍ച്ച ചെയ്യുന്നത്.