ഉപഭോഗ, ധന വിനിയോഗ സംസ്‌കാരത്തില്‍ മാറ്റം വേണം: അമീര്‍

Posted on: November 2, 2016 8:49 pm | Last updated: November 2, 2016 at 8:49 pm
SHARE
ശൂറ കൗണ്‍സിലിന്റെ 45 ാം സെഷന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്യുന്നു
ശൂറ കൗണ്‍സിലിന്റെ 45 ാം സെഷന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: രണ്ടാം ദേശീയ വികസന കര്‍മപദ്ധതിയുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉപഭോഗത്തിന്റെയും ധന വിക്രയത്തിന്റെയും സംസ്‌കാരത്തില്‍ കാതലായ മാറ്റം വേണമെന്ന് ആഹ്വാനം ചെയ്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി. രണ്ടാം ദേശീയ വികസന കര്‍മപദ്ധതിയുടെ പ്രധാന പത്ത് സവിശേഷതകള്‍ അദ്ദേഹം പ്രഖ്യാപിച്ചു. ശൂറ കൗണ്‍സിലിന്റെ 45 ാം ഓര്‍ഡിനറി സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമീര്‍.
ചടങ്ങില്‍ പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി സന്നിഹിതനായി. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ അല്‍ താനി, അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി തുടങ്ങിയവരും പങ്കെടുത്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, ശൈഖുമാര്‍, മന്ത്രിമാര്‍, നയതന്ത്ര മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.
രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക വികസന ആവശ്യങ്ങളോട് പ്രതികരിക്കുന്ന തരത്തില്‍ നിയമനിര്‍മാണം പുരോഗമിക്കുന്നതായിരിക്കും ശൂറ കൗണ്‍സിലിന്റെ 45 ാം സെഷനെന്നതില്‍ ആത്മവിശ്വാസമുണ്ട്. പരമപ്രധാന നേതാക്കളിലും ആധുനിക ഖത്വറിന്റെ നിര്‍മാതാക്കളിലും ഒരാളെയാണ് പിതാമഹന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനിയുടെ വിയോഗത്തിലൂടെ ഖത്വറിന് നഷ്ടപ്പെട്ടതെന്ന് അമീര്‍ സ്മരിച്ചു. ആഗോളതലത്തില്‍ എണ്ണവില താഴ്‌ന്നെങ്കിലും 2016ല്‍ 3.6 ശതമാനം മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച നേടാന്‍ ഖത്വറിനായി. മിഡില്‍ ഈസ്റ്റിലെ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ശരാശരി ജിഡി പി 1.9 ശതമാനം ആയിരുന്ന സ്ഥാനത്താണിത്. ഖത്വറിന്റെ ക്രെഡിറ്റ് റേറ്റിംഗ് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ്. ലോക സാമ്പത്തിക ഫോറത്തിന്റെ ഈയടുത്ത ആഗോള മത്സരക്ഷമതയില്‍ മിഡില്‍ ഈസ്റ്റില്‍ രണ്ടും ലോകതലത്തില്‍ പതിനെട്ടും സ്ഥാനത്താണ് ഖത്വര്‍. അതേസമയം ഈ നേട്ടങ്ങളെ തുലനപ്പെടുത്തി നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഊര്‍ജ വിപണിയുടെ താഴ്ച മൂലമുണ്ടായ പ്രതിസന്ധിയുടെ അനുരണനങ്ങളെ കുറച്ചു കാണരുത്.
വിപരീത ഫലങ്ങളെ തരണം ചെയ്യുന്നതിനാണ് 2008ല്‍ ഖത്വര്‍ ദേശീയ ദര്‍ശനം 2030ഉം 2011- 16 കാലയളവില്‍ പ്രഥമ ദേശീയ വികസന കര്‍മപദ്ധതി ആരംഭിച്ചതും. ഇപ്പോള്‍ രണ്ടാം ദേശീയ വികസന കര്‍പമദ്ധതി (2017-22)യുടെ പണിപ്പുരയിലാണ്.
ഇവ പ്രാബല്യത്തില്‍ വരുത്താന്‍ ആസൂത്രണം, കര്‍ത്തവ്യം, ഫലപ്രാപ്തി എന്നിവയുടെ സംസ്‌കാരം മെച്ചപ്പേടണ്ടതുണ്ട്. റോഡരികിലെ ബോര്‍ഡുകളില്‍ ‘ഖത്വര്‍ മികച്ചത് അര്‍ഹിക്കുന്നു’ എന്നത് കാണുമ്പോള്‍ ‘ഖത്വര്‍ അതിന്റെ പൗരന്മാരില്‍ നിന്ന് മികച്ചത് അര്‍ഹിക്കുന്നു’ എന്ന് തിരുത്തിവായിക്കാന്‍ തോന്നാറുണ്ട്. തീര്‍ച്ചയായും തരണം ചെയ്യേണ്ട വെല്ലുവിളികളുണ്ട്. അവ യുവജനതയുടെ ലക്ഷ്യങ്ങളും മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മൂല്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും മുകളിലുള്ള ഉപഭോഗ സംസ്‌കാരത്തിന്റെ ആഘാതവുമായും ബന്ധപ്പെട്ടിരിക്കുന്നു. സമ്പത്ത് കൊണ്ട് മാത്രമായില്ല. പൗരത്വം എന്നത് സംയോജനമാണ്. രാഷ്ട്രത്തിന്റെ ഭാകത്തുനിന്നുള്ള അവകാശങ്ങളും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള പൗരന്മാരുടെ ചുമതലകളും ഉള്‍ച്ചേര്‍ന്നതാണതെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാറിന്റെ ചെലവഴിക്കല്‍ കാര്യക്ഷമത വര്‍ധിപ്പിക്കും. സാമ്പത്തിക പ്രവര്‍ത്തനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ടെന്‍ഡറുകളെ സംബന്ധിച്ച പുതിയ നിയമം, വാണിജ്യ ഏജന്റുമാരുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ നടത്തിയ നിയമ ഭേദഗതി, കോര്‍പറേറ്റ് നിയമത്തിലെ പരിഷ്‌കരണവും കമ്പനികളുടെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് അന്താരാഷ്ട്ര നിലവാരത്തിലാക്കലും, പൊതു- സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തെ സംബന്ധിച്ച് വരാന്‍ പോകുന്ന നിയമം, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും സാമ്പത്തിക മേഖലകളിലും തൊഴിലാളികള്‍ക്ക് മാത്രമായി താമസ സമുച്ഛയങ്ങള്‍ തുടങ്ങിയവ ഇവയില്‍ പ്രധാനമാണ്.
അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഏഴ് പ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കി. 60 ബില്യന്‍ ഖത്വര്‍ റിയാല്‍ ചെലവ് വരുന്ന ആറ് പദ്ധതികള്‍ നിര്‍മാണഘട്ടത്തിലാണ്. ഇവ 2022ന് മുമ്പായി പൂര്‍ത്തിയാക്കും. സൗരോര്‍ജത്തില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആദ്യഘട്ട പദ്ധതി നിര്‍മാണത്തിലാണ്. രണ്ടാം ഘട്ടത്തില്‍ ഇത് 500 മെഗാവാട്ടായി ഉയര്‍ത്തും. ജോലി അവകാശമാണെന്നും ജോലി ഭംഗിയായും കൃത്യസമയത്തും വെടിപ്പായും ചെയ്യല്‍ കര്‍ത്തവ്യമാണെന്നും സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാരെ സംബന്ധിച്ച് അമീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here