പൊതുമാപ്പിന് ശേഷം അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടി

Posted on: October 31, 2016 7:48 pm | Last updated: November 2, 2016 at 8:39 pm
SHARE

amnestyദോഹ: പൊതുമാപ്പ് കാലയളവിന് ശേഷവും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ പിടികൂടുന്നതിന് വ്യാപക പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വകുപ്പ് അറിയിച്ചു. നിലവില്‍ നിരവധി പേര്‍ക്ക് പൊതുമാപ്പ് പ്രകാരം രാജ്യം വിടാന്‍ സാധിക്കുമെന്നും പൊതുമാപ്പ് കാലയളവിന്റെ അവസാനമാകുമ്പോഴേക്ക് എണ്ണം കുതിച്ചുയരുമെന്നും സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബിര്‍ ലിബ്ദ ദി പെനിന്‍സുലക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ഡിസംബര്‍ ഒന്നുവരെയുള്ള പൊതുമാപ്പ് കാലയളവില്‍ നിയമവിരുദ്ധ താമസക്കാര്‍ക്ക് യാതൊരു നിയമനടപടിയും പിഴയും കൂടാതെ രാജ്യം വിടാവുന്നതാണ്. ലക്ഷ്യമിട്ട വിഭാഗങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് ദീര്‍ഘിപ്പിക്കുമോയെന്ന ചോദ്യത്തിന്, പ്രഖ്യാപിച്ച സമയം മതിയായതാണെന്ന് അദ്ദേഹം മറുപടി നല്‍കി. വിമാന ടിക്കറ്റ് അടക്കമുള്ള പൂര്‍ണ പേപ്പറുകളുമായി വേണം പൊതുമാപ്പിന് വേണ്ടി സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വകുപ്പിനെ സമീപിക്കാന്‍. വിമാന ടിക്കറ്റ് ഇല്ലാത്ത കേസുകള്‍ മനുഷ്യസ്‌നേഹത്തിന്റെ പേരില്‍ ചില പ്രത്യേക നടപടിക്രമങ്ങളിലൂടെ പരിഗണിക്കും. അത്തരം നിരവധി കേസുകള്‍ വന്നിട്ടുണ്ട്. ക്രിമിനല്‍, സിവില്‍ കേസുകള്‍ ഇല്ലാത്തവര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തണം. 15 മിനുട്ടിനുള്ളില്‍ എക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിദേശ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് ബോധവത്കരണ ക്യാംപയിന്‍ നടത്തിയിരുന്നു. അറബി, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, നേപ്പാളി, ഇന്തോനേഷ്യന്‍, തഗലോഗ്, ഉറുദു, സിംഹളീസ്, തമിഴ്, മലയാളം ഭാഷകളില്‍ പ്രചാരണം നടത്തി. അറബി, ഇംഗ്ലീഷ്, ഏഷ്യന്‍ പത്രങ്ങളിലും പ്രഖ്യാപനം നടത്തുകയും കമ്യൂനിറ്റികള്‍ക്ക് പദ്ധതി ഉപകാരപ്പെടാന്‍ സാധിക്കുന്ന തരത്തില്‍ ഇടപെടണമെന്ന് വിദേശ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഓരോ എംബസിക്കും വിവരം നല്‍കിയിരുന്നു. എംബസി പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ എംബസികളെ അഭിനന്ദിക്കുന്നു. ഇവയുടെ ഇടപെടല്‍ നിമിത്തം ആ രാഷ്ട്രങ്ങളില്‍ നിന്ന് നിരവധി പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവന്നത്.
രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവരെ ജോലിക്ക് നിര്‍ത്തുന്നവരും കമ്പനികളും ശക്തമായ നടപടിക്ക് വിധേയരാകേണ്ടിവരും. നിയമവിരുദ്ധ തൊഴിലാളികളെ ജോലിക്ക് വെക്കുന്ന തൊഴിലുടമക്കും കമ്പനി അധികൃതര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷയോ അമ്പതിനായിരം ഖത്വര്‍ റിയാല്‍ പിഴയോ ഇവരണ്ടുമോ ശിക്ഷ ലഭക്കും. അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് എല്ലാ കമ്പനികള്‍ക്കും ഇപ്പോള്‍ ബോധ്യമുണ്ട്. ഇതുസംബന്ധിച്ച് മുന്‍കാലങ്ങളില്‍ ബോധവത്കരണ പ്രചാരണ നടപടികള്‍ നടത്തിയിരുന്നു. വ്യക്തികളേക്കാള്‍ കമ്പനികളാണ് നിയമവിരുദ്ധ താമസക്കാരെ ജോലിക്ക് നിര്‍ത്തുന്നത്. പൊതുമാപ്പ് കാലാവധിയുടെ അവസാനത്തേക്ക് യാത്ര മാറ്റിവെച്ച നിരവധി നിയമവിരുദ്ധ താമസക്കാരുണ്ട്. അത്തരക്കാരും സമയം കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും ബ്രിഗേഡിയര്‍ ലിബ്ദ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here