ലീഗോലാന്‍ഡും റിവര്‍ ലാന്‍ഡും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

Posted on: October 31, 2016 11:52 am | Last updated: October 31, 2016 at 11:52 am

shaik-muhammedദുബൈ: മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ തീം പാര്‍ക്ക് സമുച്ചയങ്ങളായ ലീഗോലാന്‍ഡും റിവര്‍ ലാന്‍ഡും ഉള്‍കൊള്ളുന്ന ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. പാര്‍കിന്റെ അവസാന മിനുക്കുപണികള്‍ പരിശോധിക്കാനായാണ് ശൈഖ് മുഹമ്മദ് എത്തിയത്. ദുബൈയുടെ വിനോദസഞ്ചാര മേഖലക്ക് വലിയ ഊര്‍ജമാകുന്ന പാര്‍ക് നാളെ (തിങ്കള്‍) തുറക്കും.
ഹോളിവുഡ് മാതൃകയിലുള്ള മോഷന്‍ഗേറ്റ് തീം പാര്‍ക്ക്, ദുബൈ ബോളിവുഡ് പാര്‍ക്‌സ്, ലീഗോലാന്‍ഡ്, റിവര്‍ ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് എന്നിവയടങ്ങുന്ന ബൃഹത് പദ്ധതി ശൈഖ് സായിദ് റോഡരികില്‍ 30 ലക്ഷം ചതുരശ്രയടിയിലാണ്. ദുബൈ വേള്‍ഡ് എക്സ്പോ 2020 വേദിയോട് ചേര്‍ന്നാണ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്. മൂന്ന് പാര്‍ക്കുകളും റിവര്‍ലാന്‍ഡ് ദുബൈ എന്ന റീട്ടെയില്‍ ഡിസ്ട്രിക്റ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ദുബൈക്കും അബുദാബിക്കും ഇടയില്‍ പാം ജബല്‍ അലിയോട് ചേര്‍ന്ന് 1,300 കോടി ദിര്‍ഹം ചെലവിലാണ് തീം പാര്‍ക് നിര്‍മിച്ചിട്ടുള്ളത്. നിക്ഷേപകരെയും സഞ്ചാരികളെയും ഒരുപോലെ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് ആകര്‍ഷിക്കും.
വിസ്മയക്കാഴ്ചകളുടെ വൈവിധ്യമാണ് ദുബൈ പാര്‍ക്സ് സമ്മാനിക്കുന്നത്. ഹോളിവുഡിലെ അനിമേഷന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഉല്ലസിക്കാന്‍ അവസരം ഒരുക്കുന്ന മോഷന്‍ഗേറ്റാണ് ഈ പാര്‍ക്കുകളില്‍ മുഖ്യം. ഹോളിവുഡ് സിനിമകളില്‍ കണ്ട് അതിശയിച്ച വിസ്മയങ്ങള്‍ ഇവിടെ നേരിട്ടറിയാനും അനുഭവിക്കാനുമാകും. സോംബി ലാന്‍ഡ്, സ്മര്‍ഫ് വേള്‍ഡ്, ഹോട്ടല്‍ ട്രാന്‍സില്‍വാനിയ തുടങ്ങി പല ഹോളിവുഡ് സിനിമാ അനുഭവങ്ങളിലൂടെയും ഇവിടെ കടന്നു പോകാനാകും.
വിസ്മയത്തേക്കാളേറെ വിനോദത്തിന്റെ ലോകമാണ് രണ്ടാമത്തെ തീം പാര്‍ക്കായ ലീഗോ ലാന്‍ഡ്. ഇവിടെ തന്നെ ലീഗോ വാട്ടര്‍ പാര്‍ക്കും ഒരുക്കിയിരിക്കുന്നു. ലോകത്തെ പ്രശസ്തമായ നിര്‍മിതികള്‍ ലിഗോ ബ്രിക്‌സില്‍ ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു ആകര്‍ഷണം.
ബോളിവുഡ് സിനിമാ അനുഭവങ്ങളാണ് ബോളിവുഡ് പാര്‍ക്‌സമ്മാനിക്കുന്നത്. ദബാംഗ്, ക്രിഷ്, ലഗാന്‍, റാവണ്‍ തുടങ്ങി ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളുടെ പശ്ചാത്തലത്തിലൂടെ സന്ദര്‍ശകര്‍ക്ക് വിവിധ റൈഡുകള്‍ ആസ്വദിക്കാം.
കൃത്രിമ പുഴയാണ് റിവര്‍ ലാന്‍ഡ്. മരുഭൂമിയില്‍ ഒരുകിലോമീറ്ററോളം നീളത്തിലാണ് പുഴ ഒരുക്കിയിരിക്കുന്നത്. കൃത്രിമ പുഴയില്‍ ബോട്ട് റൈഡുകളും സംവിധാനിച്ചിട്ടുണ്ട്. ദി ഫ്രഞ്ച് വില്ലേജ്, ബോര്‍ഡ് വാക്, ഇന്ത്യ ഗേറ്റ്, ദി പെനിന്‍സുല എന്നിങ്ങനെ നാല് തീമുകളില്‍ പുഴക്കരികില്‍ ഒരുക്കുന്ന റസ്റ്റോറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കാം. മൊത്തം 50ഓളം റസ്റ്റോറന്റുകളും റീട്ടെയില്‍ ഷോപ്പുകളും പാര്‍ക്കിലുണ്ടാകും. ഇതിന് പുറമെ തെരുവ് തിയേറ്ററും മറ്റ് വിനോദോപാധികളും സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.