ആഗോളതാപനവും ആശങ്കകളും

Posted on: October 31, 2016 8:55 am | Last updated: October 31, 2016 at 8:55 am

ആഗോളതാപനം നിയന്ത്രണ വിധേയമാക്കാത്തപക്ഷം യൂറോപ്പിന്റെ പല ഭാഗങ്ങളും മരുഭൂമികളായി പരിണമിക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു ഗവേഷണം നടത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞരാണ് സ്‌പെയിന്‍, പോര്‍ചുഗല്‍, തുര്‍ക്കി എന്നീ യൂറോപ്യന്‍ രാഷ്ട്രങ്ങളിലെയും തുനീഷ്യ, അല്‍ജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും താപനില ഇതര രാഷ്ട്രങ്ങളിലേതിനെക്കാള്‍ ഉയര്‍ന്ന അളവിലാണെന്നും ഇത് മരുവത്കരണത്തിനും പാരിസ്ഥിതിക ആഘാതങ്ങള്‍ക്കും ഇടയാക്കുമെന്നും കണ്ടെത്തിയത്. കൂടിയ താപനില ഈ മേഖലകളിലെ ഹരിതസസ്യങ്ങള്‍ പൂര്‍ണമായി ഒടുങ്ങാന്‍ വരെ കാരണമായേക്കുമെന്നും ഇത് ആഭ്യന്തര സാമൂഹിക ശൈഥില്യങ്ങള്‍ക്ക് ഇടയാക്കുമെന്നും ഗവേഷകര്‍ ആശങ്കിക്കുന്നു.
ആഗോളതാപനം സമുദ്രജലത്തിലെ ഓക്‌സിജന്റെ തോത് കുറക്കുമെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ പ്രവണത അനുഭവപ്പെടുന്നതായും അമേരിക്കയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റിസര്‍ച്ചിലെ ഗവേഷകര്‍ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖല, പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ ഉഷ്ണമേഖല, അത്‌ലാന്റിക് എന്നിവിടങ്ങളിലാണ് ഈ സ്ഥിതിവിശേഷം ഇപ്പോള്‍ പ്രകടമായിട്ടുള്ളത്. സമുദ്രജലത്തില്‍ ഓക്‌സിജന്‍ കുറയുന്നത് മീനുകള്‍, ഞെണ്ടുകള്‍, കടല്‍ നക്ഷത്രങ്ങള്‍ തുടങ്ങി കടല്‍ ജീവികളുടെ ആവാസവ്യസ്ഥയെ പ്രതികൂലമായി ബാധിക്കും. 2030-40 ആകുന്നതോടെ ഇത് കൂടുതല്‍ മേഖലയില്‍ പടരുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാത്യു ലോങിന്റെ മുന്നറിയിപ്പ്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഗോളതാപനം ജീവജാലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് ഇടയാക്കുമെന്നും കേരളത്തിലടക്കം സമീപകാലത്തായി ചിലയിനം പക്ഷികളും മത്സ്യങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ഇതിന്റെ ഭാഗമായിരിക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കടലോരങ്ങളിലും വെള്ളക്കെട്ടിലും ജീവിക്കുന്ന പക്ഷികളും കടല്‍മത്സ്യങ്ങളുമാണ് ഇത്തരത്തില്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ജലത്തിനു ചൂട് കൂടിയാല്‍ അതിലെ പ്രാണവായുവിന്റെ അംശം കുറയുകയും രാസവസ്തുക്കള്‍ ലയിക്കാനുള്ള സാധ്യത വര്‍ധിക്കുകയും ഇത് ജലജീവികള്‍ക്കു ദോഷം ചെയ്യുമെന്നുമാണ് ഗവേഷകരുടെ നിഗമനം. കേരളത്തിലെ തെക്കന്‍ ഭാഗങ്ങളില്‍ താറാവുകള്‍ ഇപ്പോള്‍ കുട്ടത്തോടെ ചത്തൊടുങ്ങുന്നത് എച്ച് എന്‍-8 ഇനത്തില്‍ പെട്ട വെറസ് ബാധ മൂലമാണെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. മേല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ചു കൂടുതല്‍ പഠനം ആവശ്യമാണ്. 2014ലും സംസ്ഥാനത്ത് ലക്ഷക്കണക്കിന് താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു.
മനുഷ്യന്റെ തെറ്റായ പ്രവര്‍ത്തനങ്ങളും അനിയന്ത്രിതമായ പ്രകൃതി ചൂഷണവുമാണ് ആഗോളം താപനത്തിന് വലിയൊരളവോളം കാരണം. ഐക്യ രാഷ്ട്രസഭയുടെ കീഴിലുള്ള ‘ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്’ (ഐ പി സി സി) തുടങ്ങി പാരിസ്ഥിതിക ഗവേഷണ സംഘടനകളെല്ലാം ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്. അര നൂറ്റാണ്ടിനിടെ ഭൗമാന്തരീക്ഷത്തിലുണ്ടായ താപവര്‍ധനക്ക് 90 ശതമാനവും കാരണം മനുഷ്യചെയ്തിയാണെന്ന ് 2007ല്‍ പ്രസിദ്ധീകരിച്ച ഐ പി സി സിറിപ്പോര്‍ട്ട് പറയുന്നന്നു. 130 രാജ്യങ്ങളില്‍ നിന്നുള്ള 2500 പ്രഗത്ഭ ശാസ്ത്രജ്ഞര്‍ അടങ്ങിയ സമിതിയാണ് ഐ പി സി സി. വൃക്ഷങ്ങളും നീര്‍ത്തടങ്ങളും അന്തരീക്ഷത്തില്‍ നിന്നുള്ള അമിത താപനത്തെ നിയന്ത്രിക്കുന്ന രക്ഷാകവചങ്ങളാണ്. കാടുകള്‍ വെട്ടിത്തെളിയിച്ചു മൊട്ടപ്രദേശങ്ങളാക്കിയും നീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും മണ്ണിട്ടു നികത്തിയും മലകള്‍ ഇടിച്ചുനിരപ്പാക്കിയും മനുഷ്യന്‍ പ്രകൃതിയുടെ മേല്‍ നിയന്ത്രണമില്ലാതെ കൈവെക്കുമ്പോള്‍ ഈ രക്ഷാകവചങ്ങളാണ് നഷ്ടമാകുന്നത്. കാര്‍ബണ്‍ ഡയോക്‌സയിഡ് പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തിലെത്തുന്നതും ആഗോളതാപനത്തിന് ഇടയാക്കുന്നു. പെട്രോളിയം കല്‍ക്കരി പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗമാണ് ഈ വാതകവ്യാപനത്തിന്റെ മുഖ്യകാരണം. ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നത് തടയാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഗ്രീന്‍പീസ്, ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത്, ഡബ്ല്യു ഡബ്ല്യു എഫ്, ഐ പി സി സി തുടങ്ങിയ പരിസ്ഥിതി സംഘടനകള്‍ അന്താരാഷ്ട്ര സമൂഹത്തോട് പലപ്പോഴും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ പല രാജ്യങ്ങളും വിമുഖത കാണിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ പാരീസില്‍ ചേര്‍ന്ന നൂറ്റി തൊണ്ണൂറ്റിയൊന്ന് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് താപനം നിയന്ത്രിക്കുന്നതിന് ചില പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും അറുപത് രാജ്യങ്ങളാണ് ഇതുവരെയായി അത് നടപ്പാക്കിയത്; അതും ഭാഗികമായി. ഇന്ത്യയടക്കം മറ്റു രാജ്യങ്ങള്‍ അത് നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും ഉദാസീനത തുടര്‍ന്നാല്‍ ഇപ്പേള്‍ ജലസമൃദ്ധമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങള്‍ കൂടി മരുവത്കരിക്കപ്പെടുകയും മനുഷ്യ സമൂഹത്തിന്റെ കൂട്ടനാശത്തിന് അത് ഇടയാക്കുകയും ചെയ്യും.

ALSO READ  വാരിയംകുന്നന്‍ വിരോധത്തിന് പിന്നില്‍