പാക് ചാരവൃത്തി: എസ്പി നേതാവിന്റെ സഹായി കസ്റ്റഡിയില്‍

Posted on: October 29, 2016 1:19 pm | Last updated: October 29, 2016 at 8:55 pm

pak-high-commissionന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ സഹായിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. എസ്പി നേതാവ് മുനവ്വര്‍ സലീമിന്റെ സഹായി ഫര്‍ഹത് ആണ് കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ മഹ്മൂദ് അക്തറിനെ കഴിഞ്ഞ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. അക്തറിന് രഹസ്യങ്ങള്‍ കൈമാറിയ രണ്ട് രാജസ്ഥാന്‍ സ്വദേശികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഫര്‍ഹതിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.