ഇന്ന് ഫൈനല്‍

Posted on: October 29, 2016 5:09 am | Last updated: October 29, 2016 at 12:10 am

CRICKET-IND-NZLവിശാഖപട്ടണം: ഇന്ത്യയില്‍ ഇതുവരെ ന്യൂസിലാന്‍ഡ് ഏകദിന പരമ്പര ജയിച്ചിട്ടില്ല. ഇന്ന് ജയം സാധ്യമായാല്‍ അത് ചരിത്രമാകും. അഞ്ച് മത്സര പരമ്പര നിലവില്‍ 2-2ന് തുല്യമാണ്. അതുകൊണ്ടു തന്നെ വിശാഖപട്ടണത്ത് ഇന്ന് നടക്കുന്ന അവസാന മത്സരത്തിന് ഫൈനലിന്റെ പരിവേഷമാണ്. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ന്യൂസിലാന്‍ഡിന്റെ പര്യടനം പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാമെന്ന കണക്ക് കൂട്ടലിലാണ്.
പക്ഷേ, മത്സരം നടക്കും എന്നതിന് ഒരുറപ്പം ഇപ്പോള്‍ പറയാനാകില്ല. സൈക്ലോണ്‍ ഭീഷണി ടൂര്‍ണമെന്റിനുണ്ട്. കനത്ത മഴക്കുള്ള സാധ്യതയിലാണ് പ്രദേശം. ഔട്ട്ഫീല്‍ഡ് ഒരു തുള്ളി വെള്ളം പോലും കടക്കാനാകാത്ത വിധം മൂടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മഴ പെയ്‌തേക്കാമെങ്കിലും മുഴുവന്‍ ദിവസവും അത് നില്‍ക്കില്ലെന്നതാണ് കാലാവസ്ഥാ പ്രവചനം.
മഹേന്ദ്ര സിംഗ് ധോണിക്ക് ഏറെ നിര്‍ണായകമാണ് പരമ്പര ജയം. കിവീസിന് മുന്നില്‍ പരമ്പര ആദ്യമായി അടിയറ വെച്ചാല്‍ ധോണിയെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ ആരംഭിക്കും. ഫിനിഷര്‍ എന്ന നിലയിലുള്ള തന്റെ കഴിവില്‍ ധോണി തന്നെ സംശയം ജനിപ്പിച്ചത് സോഷ്യല്‍മീഡിയ വലിയ ചര്‍ച്ചയാക്കിയിരുന്നു. റാഞ്ചിയില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ധോണി ഉത്തരവാദിത്വമില്ലാത്ത ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതും വിമര്‍ശിക്കപ്പെട്ടു.
ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ തിളങ്ങുന്ന വിരാട് കോഹ്‌ലിയെ ധോണിയുടെ പിന്‍ഗാമിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. എന്നാല്‍, മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ധോണി ഒമ്പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഫോം സ്ഥിരതയില്ലായ്മയാണ് ധോണി നേരിടുന്ന പ്രധാന വെല്ലുവിളി.
ധോണി ക്യാപ്റ്റനായ ശേഷം മൂന്ന് ഏകദിന പരമ്പരകളാണ് ഇന്ത്യ തോറ്റത്. ബംഗ്ലാദേശില്‍ 2-1നും ആസ്‌ത്രേലിയക്കെതിരെ 4-1നും ദക്ഷിണാഫ്രിക്കക്കെതിരെ 3-2നും ആയിരുന്നു ആ തോല്‍വികള്‍. പതിനെട്ട് മാസത്തിനിടെ ഇന്ത്യ ഏകദിന പരമ്പര ജയിച്ചത് സിംബാബ്‌വെക്കെതിരെ മാത്രമാണ്.
നാല് മാസത്തിനിടെ ന്യൂസിലാന്‍ഡ് ടീമിന്റെ വിദേശ പര്യടനത്തില്‍ ഫലം കണ്ടത് സിംബാബ്‌വെയില്‍ മാത്രമാണ്. 2-0ന് അവിടെ പരമ്പര സ്വന്തമാക്കിയ കിവീസ് ദക്ഷിണാഫ്രിക്കയില്‍ 1-1ന് സമനിലയായി. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര 3-0ന് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതാണ് മൂന്നാമത്തെ സംഭവം.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ധര്‍മശാലയില്‍ തോറ്റ് കൊണ്ട് തുടങ്ങിയ ന്യൂസിലാന്‍ഡ് ഡല്‍ഹിയിലും റാഞ്ചിയിലും കാന്‍വില്യംസന്റെയും മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തില്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.
അതുകൊണ്ടു തന്നെ, ആത്മവിശ്വാസത്തിന്റെ തോത് അല്പം ഉയര്‍ന്നിരിക്കുക സന്ദര്‍ശകരുടേതായിരിക്കും.
1988ന് ശേഷം ഇന്ത്യയില്‍ നാല് തവണ പരമ്പര കളിച്ചപ്പോഴും ന്യൂസിലാന്‍ഡിന് ജയിക്കാന്‍ സാധിച്ചിട്ടില്ല. ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതിനാല്‍ ഏകദിന പരമ്പര സ്വന്തമാക്കുക എന്നത് സന്ദര്‍ശക നിരക്ക് അഭിമാനപ്രശ്‌നമാണ്. മത്സരം നടക്കുന്ന വൈസ് എസ് രാജശേഖര റെഡ്ഡി എ സി എ- വി ഡി സി എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് മികച്ചതാണ്. അഞ്ച് മത്സരങ്ങളില്‍ നാലെണ്ണം ഇന്ത്യ ജയിച്ചിട്ടുണ്ട്.
അവസാന ജയം ശ്രീലങ്കയുമായിട്ട് കളിച്ചപ്പോഴായിരുന്നു. 2014 നവംബറിലായിരുന്നു അത്.
ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് അടുത്ത ജൂണില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി മൂന്ന് ഏകദിന മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ട് ഏകദിനങ്ങള്‍ ഉള്‍പ്പടെ. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ധോണിക്കും സംഘത്തിനും പരമ്പര ജയം അനിവാര്യമാണ്.
ഇന്നലെ പ്രത്യേക പരിശീലന സെഷനില്‍ ക്യാപ്റ്റന്‍ ധോണി ഏറെ നേരം സ്പിന്നര്‍മാരെ നേരിട്ടു. അജിങ്ക്യരഹാനെ, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ പതിവ് പരിശീലനം മാത്രമാണ് നടത്തിയത്.
ഇന്ത്യയുടെ സാധ്യതാ ലൈനപ്പില്‍ ഓപണറായി രോഹിത് ശര്‍മയും അജിങ്ക്യരഹാനെയും. മൂന്നാം നമ്പറില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. നാലാം സ്ഥാനത്ത് ക്യാപ്റ്റന്‍ ധോണി. മനീഷ് പാണ്ഡെ, കെദാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, ഉമേഷ് യാദവ്, ജസ്പ്രീത് ബുംമ്‌റ എന്നിവരും ലൈനപ്പിലുണ്ടാകും. ബുംമ്‌റ ഫിറ്റ്‌നെസ് വീണ്ടെടുത്തതോടെ ധവാല്‍ കുല്‍ക്കര്‍ണിക്ക് ആദ്യ ലൈനപ്പില്‍ ഇടം നഷ്ടമാകും.
ന്യൂസിലാന്‍ഡിന്റെ സാധ്യതാ ലൈനപ്പില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ ടോം ലാഥം എന്നിവര്‍ ഓപണിംഗില്‍. ക്യാപ്റ്റന്‍ കാന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍, ബി ജെ വാട്‌ലിംഗ്, ജെയിംസ് നീഷാം എന്നിങ്ങനെയാണ് ആദ്യ ആറ് പേര്‍. ഏഴാം നമ്പറില്‍ ആന്റന്‍ ഡെവിചിനും കോറി ആന്‍ഡേഴ്‌സനും തുല്യ സാധ്യത. എട്ടാമന്‍ മിച്ചല്‍ സാന്റ്‌നര്‍, ഒമ്പതാം സ്ഥാനത്ത് ടിം സൗത്തി, പത്താം നമ്പറില്‍ ട്രെന്റ് ബൗള്‍ട്ടും പതിനൊന്നാം സ്ഥാനത്ത് മാറ്റ്‌ഹെന്റിയും.