റഷ്യയുമായി ശീതയുദ്ധത്തിന് താത്പര്യമില്ലെന്ന് നാറ്റോ

Posted on: October 29, 2016 5:59 am | Last updated: October 29, 2016 at 12:00 am

ലണ്ടന്‍: റഷ്യയുമായി ഏറ്റുമുട്ടലിന്നിറങ്ങി മറ്റൊരു ശീത യുദ്ധത്തിന് നാറ്റോ താത്പര്യപ്പെടുന്നില്ലെന്ന് സെക്രട്ടറി ജനറല്‍ ഴാന്‍ സ്റ്റോളന്‍ബര്‍ഗ്. ബി ബി സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കിഴക്കന്‍ യൂറോപ്പിലേക്ക് നാലായിരത്തിലധികം വരുന്ന കൂടുതല്‍ സൈനികരെ നിയോഗിച്ചത് ചില പ്രതിരോധങ്ങളുടെ ഭാഗമായാണെന്നും ആരെയും പ്രകോപിപ്പിക്കാനോ സംഘര്‍ഷം ലക്ഷ്യമാക്കിയോ അല്ല. നിലവിലെ ചില ആശങ്കകള്‍ ഉള്ളതോടു കൂടെ തന്നെ നാറ്റോ സഖ്യത്തിന് റഷ്യ ഒരു ഭീഷണിയായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ശീതകാല യുദ്ധം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇപ്പോഴത്തെ റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സ്ഥിതിയിലാണ്.
2014 ഉക്രൈയിനില്‍ നിന്ന് ക്രീമിയ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് ശേഷം അമേരിക്കയും യൂറോപ്യന്‍ യൂനിയനും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിള്ളല്‍ ഉണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷം സിറിയന്‍ യുദ്ധവും ഇരു വിഭാഗങ്ങള്‍ക്കും ഇടയില്‍ കൂടുതല്‍ അകല്‍ച്ച ഉണ്ടാക്കിയിരിക്കുകയാണ്.
ബശറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സൈന്യത്തോട് ഏറ്റുമുട്ടുന്ന വിമതരുടെ ശക്തി കേന്ദ്രമായ അലെപ്പൊയില്‍ റഷ്യ നടത്തുന്ന ബോംബാക്രമണങ്ങളുടെ പേരില്‍ റഷ്യയും പാശ്ചാത്യന്‍ രാജ്യങ്ങളും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നു.
റഷ്യ പല നിലക്കും വീഴ്ചകളുള്ള രാജ്യമാണ്. റഷ്യയെ താഴെ വീഴ്ത്തുകയെന്നത് മാത്രമാണ് പടിഞ്ഞാറിന്റെ ലക്ഷ്യമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇതുകൊണ്ടാണ് റൊമാനിയ, ബള്‍ഗേറിയ പോലുള്ള രാജ്യങ്ങള്‍ റഷ്യയുടെ കരിങ്കടല്‍ മേഖലയിലെ നടപടികളില്‍ ആശങ്കപ്പെടുന്നതെന്നും നാറ്റോ മേധാവി വ്യക്തമാക്കി.