പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Posted on: October 27, 2016 9:15 am | Last updated: October 27, 2016 at 12:13 pm

army

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. രാവിലെ നടന്ന പാക് ഷെല്ലാക്രമണത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ആക്രമണത്തില്‍ ആറ് സിവിലിയന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആര്‍എസ് പുര സെക്ടറിലാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ തുടങ്ങിയ ആക്രമണം വ്യാഴാഴ്ച രാവിലെയും തുടരുകയാണ്. 15 ബിഎസ്എഫ് പോസ്റ്റുകള്‍ ആക്രമണത്തിനിരയായതായി ബിഎസ്എഫ് ഡിഐജി ധര്‍മ്മേന്ദ്ര പരീഖ് പറഞ്ഞു.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണ്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ പ്രദേശവാസികള്‍ക്ക് സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ നിയന്ത്രണരേഖയില്‍ അതിര്‍ത്തിയിലും പ്രകോപനമില്ലാതെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാക്കിസ്ഥാന് താക്കീത് നല്‍കിയിരുന്നു.

അതേസമയം ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും പാക് വിദേശകാര്യ ഓഫീസ് ആരോപിച്ചു.