Connect with us

Articles

'പ്രതിപക്ഷ കാലത്തെ മതവും മതേതരത്വവും'

Published

|

Last Updated

കേരളത്തിലെ പഴക്കം ചെന്ന അനാഥ സംരക്ഷണശാലകളില്‍ ഒന്നാണ് 1956ല്‍ പ്രവര്‍ത്തനം ആരംഭിച്ച മുക്കം മുസ്‌ലിം ഓര്‍ഫനേജ്. ഇക്കാലയളവിനുള്ളില്‍ ഒട്ടനവധി അനാഥകളെയും അഗതികളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും അതുവഴി പല കുടുംബങ്ങളുടെയും അവരുടെ പിന്‍തലമുറകളുടെയും വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് നിമിത്തമാകാനും ആ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട്. പക്ഷേ, നീണ്ട കാലത്തെ അതിന്റെ സേവന സന്നദ്ധപ്രവര്‍ത്തനങ്ങളെ അപ്പാടെ മായ്ച്ചുകളഞ്ഞുകൊണ്ടാണ് രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ആ സ്ഥാപനം ആദ്യം മലയാളികളുടെ വാര്‍ത്തകളിലും പിന്നീട് ദേശീയ മാധ്യമങ്ങളിലും ഇടം പിടിച്ചത്. ആ വാര്‍ത്ത പിന്നീട് പോലീസ് കേസായും സുപ്രീംകോടതി വരെ നീണ്ട വ്യവഹാരമായും മാറി. വലതുപക്ഷ ഹൈന്ദവ സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിനു വേണ്ടി ആ വാര്‍ത്തകള്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു.
ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജില്‍ പഠനത്തിനു വരികയായിരുന്ന 588 കുട്ടികളെ പാലക്കാട് റയില്‍വേ സ്‌റ്റേഷനില്‍ പോലീസ് തടഞ്ഞുവെച്ചതായിരുന്നു വാര്‍ത്തകള്‍ക്ക് ആധാരമായ സംഭവം. മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു തടഞ്ഞുവെച്ചതും പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും. അതില്‍ പകുതിയോളം കുട്ടികളെ ആവശ്യമായ രേഖകള്‍ ഇല്ല എന്ന കാരണം പറഞ്ഞു സാമൂഹിക ക്ഷേമവകുപ്പിലെ വിവിധ ഏജന്‍സികള്‍ തടഞ്ഞുവെക്കുകയും അവരുടെ കീഴിലുള്ള താത്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. പലരെയും നാട്ടിലെ ദാരിദ്ര്യത്തിലേക്കും ബാലവേലകളിലേക്കും സാമൂഹികക്ഷേമ വകുപ്പ് തന്നെ തിരിച്ചയച്ചു.
ഈ സമയത്തു മന്ത്രിയുള്‍പ്പടെയുള്ള സാമൂഹികക്ഷേമ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലെ ഭാരവാഹികളും നടത്തിയ പ്രസ്താവനകളും നിലപാടുകളും അന്തരീക്ഷത്തെ കനപ്പിച്ചു. മനുഷ്യക്കടത്തിന്റെ കേന്ദ്രമായി മുക്കം മുസ്‌ലിം ഓര്‍ഫനേജ് ചിത്രീകരിക്കപ്പെട്ടു. അനാഥകളെ സംരക്ഷിക്കണം എന്ന് താത്പര്യമുള്ളവര്‍ മനുഷ്യക്കടത്തു നടത്താന്‍ മെനക്കെടാതെ ഝാര്‍ഖണ്ഡിലും ബീഹാറിലും പോയി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ നോക്കണമെന്ന് പറഞ്ഞു അന്നത്തെ ആഭ്യന്തരമന്ത്രി മുക്കം ഓര്‍ഫനേജിന്റെ നടത്തിപ്പുകാരെയും അതുവഴി മുസ്‌ലിം സമുദായത്തെയും അടിക്കാന്‍ കാത്തിരുന്നവരുടെ കൈയില്‍ പ്രഹരശേഷിയുള്ള വടി കൊടുത്തു. കേരളത്തിന്റെ “ചുവന്ന മണ്ണില്‍” മറ്റെല്ലാ വ്യവസായങ്ങള്‍ക്കെതിരെയും സമരം നടക്കുമെങ്കിലും സമരം നടക്കാതെ വികസിച്ച ഏക വ്യവസായം അനാഥ സംരക്ഷണം ആണെന്നാണ് ഉത്തരവാദിത്വ ബോധമുണ്ടെന്നു പലരും കരുതിയ ഒരു ദേശീയ മാധ്യമം പോലും റിപ്പോര്‍ട്ട് ചെയ്തത്. കച്ചവടം മുട്ടിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് മുക്കം ഓര്‍ഫനേജിനെ പോലുള്ള സ്ഥാപനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മനുഷ്യക്കടത്ത് നടത്തുന്നതെന്നൊക്കെ പറഞ്ഞ പോലീസ് മേധാവി എസ് ശ്രീജിത്ത് വേട്ടക്കാര്‍ക്കു വേണ്ട വിഭവങ്ങള്‍ തരാതരം പോലെ നല്‍കിക്കൊണ്ടിരുന്നു.
ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ആയിരുന്നില്ല കേരളത്തിന്റെ മുഖ്യമന്ത്രി. ഒ രാജഗോപാല്‍ ഇവിടുത്തെ നിയമസഭയില്‍ ഒരംഗം പോലും ആയിരുന്നില്ല. ഒരുപക്ഷേ, മുക്കം ഓര്‍ഫനേജിന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിരിക്കാന്‍ സാധ്യതയുള്ള സി എച്ച് മുഹമ്മദ് കോയയുടെ “പുന്നാര മോന്‍” സാമൂഹിക ക്ഷേമവകുപ്പിന്റെ തലപ്പത്തിരിക്കുമ്പോഴാണ് ഒരു സമുദായവും അവര്‍ക്കിടയിലെ ദരിദ്രരില്‍ ദരിദ്രരായ അനാഥകള്‍ക്കും അഗതികള്‍ക്കും അന്നവും അറിവും നല്‍കുന്ന സ്ഥാപനങ്ങളും ഇവ്വിധം പൊതുസമൂഹത്തില്‍ വേട്ടയാടാന്‍ അനുവദിക്കപ്പെട്ടത്. പാലക്കാട്ടെ സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരോട് മന്ത്രിയോ മറ്റു ഉന്നത ഉദ്യോഗസ്ഥരോ നേരിട്ട് സംസാരിച്ചു വ്യക്തതവരുത്തി പരിഹരിക്കാന്‍ കഴിയുമായിരുന്ന ഒരു സാങ്കേതിക പ്രശ്‌നമാണ് ബന്ധപ്പെട്ടവരുടെ നിരുത്തരവാദ നിലപാടുകള്‍ കാരണം മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തും വിധത്തില്‍ പിന്നീട് ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറിയത്. ആ പ്രശ്‌നത്തിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. എന്ന് മാത്രമല്ല, സംഘ്പരിവാറിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് ആവശ്യമായ വമ്പിച്ച തോതിലുള്ള വിഭവങ്ങള്‍ ആ സംഭവവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംഭാവന നല്‍കുകയും ചെയ്തു. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഏതാണ്ട് ഇതേ സമയത്തു തന്നെയാണ്, മുസ്‌ലിം ലീഗിന്റെ സഹചാരി കൂടിയായിരുന്ന ഒരു മത പണ്ഡിതന്റെ പേരില്‍ കോഴിക്കോട് ജില്ലയിലെ പുല്ലാളൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത്. മതപഠനത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു എന്നായിരുന്നു ആ സ്ഥാപനത്തിനെതിരെ ഉയര്‍ന്ന ആരോപണം. തൃശൂര്‍ ജില്ലയിലെ ചില പള്ളി ദര്‍സുകള്‍ക്കു നേരെയും സമാനമായ ആരോപണങ്ങളും കേസുകളും ഉണ്ടായി. സാമൂഹികക്ഷേമ വകുപ്പായിരുന്നു ഈ വിവാദങ്ങളുടെയെല്ലാം വാദിസ്ഥാനത്ത് ഉണ്ടായിരുന്നത്.
ഇക്കാര്യം ഇത്രയും വിശദമായി വിവരിക്കാന്‍ കാരണം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനമാണ് (ബഹുസ്വര സമൂഹത്തിലെ മതവും മതേതരത്വവും -ചന്ദ്രിക, ഒക്ടോബര്‍ 21, 2016). അതിലൊരിടത്തു ലേഖകന്‍ ഇങ്ങനെ പറയുന്നുണ്ട്: “കേരളത്തിലെ യതീംഖാനകളില്‍ നടക്കുന്നത് കുട്ടിക്കടത്തല്ലെന്നും ദരിദ്രരില്‍ ദരിദ്രരായ കുട്ടികളെ ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുകയെന്ന മഹാ ദൗത്യമാണെന്നും സുപ്രീം കോടതി വിധി വന്നപ്പോഴേക്കും ഇവിടത്തെ അനാഥാലയങ്ങള്‍ എന്തൊക്കെ അനുഭവിച്ചു? ഇതുതന്നെയാണ് സംഘ്പരിവാര്‍ ശക്തികളുടെ ഗൂഢലക്ഷ്യവും”. സത്യത്തില്‍ പാറ്റ്‌ന എറണാകുളം എക്പ്രസ് 2014 മെയ് 25നു പാലക്കാട് സ്‌റ്റേഷനില്‍ എത്തിയതിനും സുപ്രിം കോടതിയുടെ പരാമര്‍ശം വരുന്നതിനും ഇടയില്‍ ഇവിടുത്തെ അനാഥാലയങ്ങളും അവയുടെ നടത്തിപ്പുകാരുള്‍പ്പെടുന്ന സമുദായവും അനുഭവിച്ച സംഘര്‍ഷങ്ങളില്‍, ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത അവയുടെ അലയൊലികളില്‍ ലേഖകന്റെ പാര്‍ട്ടി കൈകാര്യം ചെയ്തിരുന്ന സാമൂഹികക്ഷേമ വകുപ്പിന്റെ പങ്കും പങ്കാളിത്തവും എത്രമാത്രം ഉണ്ടായിരുന്നു എന്നുകൂടി പറഞ്ഞാലല്ലേ സംഘ്പരിവാര്‍ ശക്തികളുടെ ഗൂഢലക്ഷ്യത്തിന്റെ കഥ പൂര്‍ത്തിയാകുകയുള്ളൂ?
മൂലധന ശക്തികള്‍ മുതല്‍ തീവ്രഹൈന്ദവ മതമൗലികവാദികള്‍ വരെ മുസ്‌ലിം സമുദായത്തിനെതിരെ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ലേഖകന്‍ വിശദമായി തന്നെ വിവരിക്കുന്നുണ്ട്. അതൊക്കെയും ശരിയാണ് താനും. പക്ഷേ, ലേഖകന്റെ ചരിത്രബോധത്തിന്റെ ആയുസ്സ് വളരെ പരിമിതമാണെന്നതാണ് ആ ലേഖനത്തിന്റെയും ലേഖകന്റേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെയും പ്രധാന പരിമിതി. ലേഖനത്തില്‍ ആവര്‍ത്തിച്ചു പറയുന്ന മുസ്‌ലിം സമുദായത്തിന്റെ അപരവത്കരണം കേന്ദ്രത്തില്‍ ബി ജെ പിയും കേരളത്തില്‍ എല്‍ ഡി എഫും അധികാരത്തില്‍ വന്നതിനു ശേഷം തുടങ്ങിയ ഒന്നല്ല എന്ന് ഇവരെ ആരാണൊന്ന് പറഞ്ഞു ബോധ്യപ്പെടുത്തുക? അപരവത്കരണത്തിന്റെ ഉദാഹരണമായി മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ കഥ ഇപ്പോള്‍ ഓര്‍മവന്നവര്‍, അവര്‍ക്കു കൂടി അതിനിര്‍ണായകമായ പങ്കാളിത്തം ഉണ്ടായിരുന്ന ഒരു ഭരണകാലത്തു പ്രസ്തുത വിഷയങ്ങളോട് സ്വീകരിച്ച നിലപാടുകളെ ഏതുതരം അപരവത്കരണത്തിന്റെ പട്ടികയിലാണ് നാം പെടുത്തുക?
“ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് സ്തുത്യര്‍ഹമായ സേവനം നടത്തിവന്നിരുന്ന അനാഥാലയങ്ങളില്‍ വ്യാപകമായ പരിശോധനകളും റെയ്ഡും നടന്നു. ജെ ജെ ആക്ട് ഉള്‍പ്പെടുത്തി യതീംഖാനകളെയും ഇതിന്റെ നടത്തിപ്പുകാരേയും അക്ഷരാര്‍ഥത്തില്‍ പീഡിപ്പിച്ച് മാനസികമായി തകര്‍ത്തു” എന്നൊക്കെ ലേഖകന്‍ പരിതാപം പറയുന്നുണ്ട്. ശരിയാണ്; നടന്നിട്ടുണ്ട്. പക്ഷേ, ലേഖകന്റെ പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോള്‍ സാമൂഹികക്ഷേമ വകുപ്പ് ഇതിലൊക്കെ ഏതു വേട്ടക്കാരന്റെ കൂടെ ആയിരുന്നു? യഥാര്‍ഥത്തില്‍ ഇതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത് മുക്കം ഓര്‍ഫനേജുമായി ബന്ധപ്പെട്ടു ഉയര്‍ന്ന വിവാദമായിരുന്നു എന്നതാണ് വാസ്തവം. ലേഖകന്‍ ഇപ്പോള്‍ പറയുന്ന അപരവത്കരണത്തിനെതിരെ അന്ന് ജാഗ്രത പാലിക്കുകയും അതിനനുസരിച്ചുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനു പകരം, വേട്ടക്കാരുടെ നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കാത്തിരുന്ന “പോന്നോമനകള്‍” കാണിച്ച ഉദാസീനതകളുടെ പാപഭാരം ലേഖകന്റെ പാര്‍ട്ടി എങ്ങിനെയാണ് കഴുകിക്കളയാന്‍ പോകുന്നത് എന്നറിയാന്‍ ഈ സമുദായത്തിന് താത്പര്യമുണ്ട്.
കേരളത്തില്‍ നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി ഐ എസ്സില്‍ എത്തിപ്പെട്ടു എന്ന് പോലീസ് പറയുന്ന 21 ചെറുപ്പക്കാരുടെ തിരോധാനവുമായി ബന്ധപ്പെട്ട്, കൊച്ചി ആസ്ഥാനമായി ചില സലഫി കൂട്ടായ്മകളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരെയുള്ള പോലീസ് നടപടികളും വിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തിയ സലഫീ പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ യു എ പി എ ചാര്‍ത്തിയതുമാണ് ബഹുസ്വര സമൂഹത്തിലെ മതത്തെയും മതേതരത്വത്തെയും കുറിച്ച് പുനരാലോചനകള്‍ നടത്താന്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍. “രാജ്യത്തെ പാവപ്പെട്ട മുസ്‌ലിം കുട്ടികള്‍ ഉന്നതങ്ങളില്‍ എത്തുമെന്നും രാജ്യകാര്യങ്ങളില്‍ മുസ്‌ലിംകളുടെ പങ്ക് വര്‍ധിക്കുമെന്നുമുള്ള ഭയവും ആശങ്കയുമാണ് കേരളത്തിലെ യതീംഖാനകള്‍ക്കെതിരെ തിരിയാന്‍ സംഘികളെ പ്രേരിപ്പിച്ചത് “എങ്കില്‍” സമുദായത്തെ തകര്‍ക്കാനുള്ള സംഘ്പരിവാറിന്റെ തരംതാണ ഗൂഢാലോചനയുടെ രണ്ടാം ഘട്ടമാണ് മുസ്‌ലിം വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കെതിരെ നടത്തുന്ന “അന്വേഷണവും കേസെടുക്കലും” എന്നാണു ഇതേ കുറിച്ച് ലേഖകന്‍ പറയുന്നത്.
ശരിയാണ്; മുസ്‌ലിം സമുദായത്തിന്റെ വിദ്യഭ്യാസപരമായ പുരോഗതിയില്‍ ആശങ്കയുള്ളവരാണ് ഇവിടുത്തെ സംഘ്പരിവാര്‍. മുസ്‌ലിംകള്‍ വിദ്യാ സമ്പന്നരായി മാറുന്നത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രധാന തടസ്സമാണെന്നു അവര്‍ മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ, മുസ്‌ലിംകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നതില്‍ മറ്റാരേക്കാളും ആവേശം സംഘ്പരിവാറിനും അവരുടെ ഭരണകൂടത്തിനും സ്വാഭാവികമായും ഉണ്ടാകും. അങ്ങനെയൊരു വാദത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാകേണ്ടതുമില്ല. സമീപകാലത്തെ നിരവധി അനുഭവങ്ങള്‍ ഈ സമുദായത്തിന്റെ മുന്നിലുണ്ട്. പക്ഷേ, മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെയും അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയ സൂചനകളെയും കുറിച്ചുള്ള ലേഖകന്റെ ഇപ്പോഴത്തെ അവകാശവാദങ്ങളെ റദ്ദ് ചെയ്യുന്ന ചില നടപടികള്‍ ലേഖകന്റെ പാര്‍ട്ടി വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഈ സമുദായത്തോടും ചെയ്തിരുന്നല്ലോ? സമൂഹത്തിലെ ഏറ്റവും അശരണരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി താമസിച്ച് പഠിക്കാന്‍ അവസരം ഒരുക്കിയ ഈ സമുദായത്തിലെ തന്നെ ചില കൂട്ടായ്മകള്‍ സ്‌കൂളുകളുടെ അംഗീകാരത്തിന് വേണ്ടി സമീപിച്ചപ്പോള്‍ അപേക്ഷകള്‍ വലിച്ചുകീറി ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞത് ആരായിരുന്നു? മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ ആശങ്കയുള്ള സംഘ്പരിവാര്‍ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിക്കാന്‍ നടക്കുകയാണ് എന്ന വാദം ലേഖകനുണ്ടെങ്കില്‍, ഏതു തരം ആശങ്കകളുടെ പുറത്താണ്, അംഗീകാരത്തിന് വേണ്ടി അപേക്ഷിച്ച മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിവേചനപരമായ നടപടി സ്വീകരിക്കാന്‍ ലേഖകന്റെ പാര്‍ട്ടിയെ പ്രേരിപ്പിച്ചത് എന്ന് കൂടി വ്യക്തമാക്കേണ്ടതുണ്ട്. എങ്കിലല്ലേ സംഘ്പരിവാറിനെതിരെയുള്ള രാഷ്ട്രീയ നിലപാടിലെ സത്യസന്ധത ബോധ്യം വരികയുള്ളൂ. അല്ലാതെ ഉയര്‍ന്ന ഫീസ് കൊടുത്ത് സമ്പന്നരായ ആളുകളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിനെതിരെ പോലീസ് നടപടി വരുമ്പോള്‍ മാത്രം ഉണരേണ്ട ഒന്നല്ലല്ലോ മതത്തെയും മതേതരത്വത്തെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍. പാവപ്പെട്ടവര്‍ നടത്തിപ്പുകാരായ സ്‌കൂളുകള്‍ക്ക്, അവയുടെ അംഗീകാരത്തിന് പോലീസ് അല്ലാത്തവര്‍ വന്നു പൂട്ടിടുമ്പോള്‍, അത്തരം പൂട്ടിടലുകള്‍ക്കു കാര്‍മികത്വം വഹിക്കുമ്പോള്‍ മതത്തെയും മതേതരത്വത്തെയും കുറിച്ച് ആശങ്കയൊന്നും തോന്നാത്തവരുടെ സംഘ്പരിവാര്‍ വിമര്‍ശനത്തിലെ രാഷ്ട്രീയ പൊള്ളത്തരം മനസ്സിലാക്കാന്‍ ആവശ്യമായ ബൗദ്ധിക ജാഗ്രതയൊക്കെ ഈ സമുദായം എന്നേ നേടിക്കഴിഞ്ഞിട്ടുണ്ട്. സംഘ്പരിവാറും അവര്‍ക്കു ഓശാന പാടുന്നവരും മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താഴിടുമ്പോള്‍ മാത്രമല്ല, മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടക്കത്തിലേ പൂട്ടിടുന്നവരും ഇസ്‌ലാമോ ഫോബിയയുടെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ മുസ്‌ലിം ലീഗ് സെക്രട്ടറി വ്യക്തത വരുത്തണം.
തന്റെ അവസാന തുള്ളി രക്തവും ഉപയോഗിച്ച സുന്നികള്‍ക്കെതിരെ പോരാടും എന്നു പ്രസംഗിച്ചു നടക്കുകയും സ്വന്തം രാഷ്ട്രീയ ജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഒരാളുടെ പിന്‍ഗാമിക്ക് പുലര്‍ത്താന്‍ കഴിയുന്ന രാഷ്ട്രീയ ജാഗ്രതയുടെ പരിമിതിയെ കുറിച്ച് നല്ല ബോധ്യമുള്ളവര്‍ തന്നെയാണ് ഈ സമുദായത്തിലെ വലിയൊരു വിഭാഗം. കേരളത്തിലെ പ്രബല മുസ്‌ലിം വിഭാഗം ആയിരുന്നിട്ടു പോലും എന്തുകൊണ്ടാണ് സുന്നികള്‍ക്ക് അവര്‍ക്കു ആനുപാതികമായി ലഭിക്കേണ്ട വിദ്യാഭ്യാസ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടത് എന്നതിന്റെ ചരിത്രം പരിശോധിക്കേണ്ടത് സ്വാതന്ത്ര്യ സമരകാലത്ത് ഈ സമുദായം സ്വീകരിച്ച സാംസ്‌കാരിക രാഷ്ട്രീയ നിലപാടുകളില്‍ അല്ല. മറിച്ച്, സ്വാതന്ത്ര്യാനന്തര കാലത്ത് സെക്രട്ടറിയേറ്റിലെ വെയ്സ്റ്റ് ബിന്നിലേക്കു കീറിയെറിയപ്പെട്ട അവരുടെ അവകാശപത്രികകളുടെ എണ്ണത്തിലാണ്.
തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ ലേഖകന്‍ ആശ്രയിക്കുന്ന മറ്റൊരു ഉദാഹരണം സലഫീ പ്രഭാഷകനായ ശംസുദ്ദീന്‍ പാലത്തിനെതിരെ ചാര്‍ത്തപ്പെട്ട യു എ പി എയാണ്. മുസ്‌ലിംകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ വമ്പിച്ച വിവേചനം നിലനില്‍ക്കുന്നുണ്ട് എന്ന കാര്യത്തില്‍ രാഷ്ട്രീയ ജാഗ്രതയുള്ള ഒരാള്‍ക്കും സന്ദേഹമുണ്ടാവില്ല. അങ്ങനെയൊരു രാഷ്ട്രീയ ജാഗ്രത രൂപപ്പെടുത്താന്‍ അവര്‍ക്കു ശംസുദ്ദീന്‍ പാലത്തിനെതിരെ യു എ പി എ ചുമത്തുന്നത് വരെയും കാത്തിരിക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല. പക്ഷേ, കൊലയാളികളായ സ്വന്തം അനുയായികളെ നിയമത്തില്‍ നിന്നു രക്ഷപ്പെടാന്‍ അവസരം ഒരുക്കിക്കൊടുക്കുന്ന, അവരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന, കൊലയാളികളാണ് എന്ന കാരണത്താല്‍ മാത്രം വീരപരിവേഷം നല്‍കപ്പെട്ട അനുയായികളുടെ കൂടി നേതാവായി ഇരിക്കുന്ന കാലത്തോളം പോലീസ് ഭീകരതയെ കുറിച്ച് ആശങ്കപ്പെടാന്‍ ലേഖകന് എന്ത് ധാര്‍മിക അവകാശമാണ് ഉള്ളത്? പകരം വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ സമുദായത്തെ മുഴുവന്‍ പ്രതിരോധത്തിലാക്കിയ ഒരു സലഫീ പ്രഭാഷകന്റെ പേരില്‍ യു എ പി എ ചാര്‍ത്തപ്പെട്ട പേരില്‍ മാത്രം പോലീസ് ഭീകരതയെ കുറിച്ച് നെടുവീര്‍പ്പിടുന്നത് കാണുമ്പോള്‍, സമാനമായ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്ക് എതിരെ യു എ പി എ ചാര്‍ത്താത്തതു ചൂണ്ടിക്കാട്ടി പോലീസ് നയത്തിലെ വിവേചനത്തെ കുറിച്ച് പറയുമ്പോള്‍ അതില്‍ ഒട്ടേറെ ദഹനക്കേടുകള്‍ പ്രതിഫലിക്കുന്നുണ്ട്. സ്വന്തം സമുദായത്തിലെ തന്നെ എതിരാളികള്‍ എന്ന് ലേഖകന്റെ അനുയായികള്‍ കരുതിപ്പോന്നവരുടെ കൊലപാതകികളില്‍ പലരുടെയും പേരില്‍ ഒരു പെറ്റിക്കേസ് പോലും ചാര്‍ജ് ചെയ്യാന്‍ അനുവദിക്കാതിരുന്ന പാര്‍ട്ടിയാണിതെന്നു കൂടി ലേഖകന്‍ ഓര്‍ക്കണം.
എപ്പോഴൊക്കെയാണ്, ആരുടെയൊക്കെ കാര്യത്തിലാണ് ഒരാള്‍ക്ക് മതത്തെത്തയും മതേതരത്വത്തെയും കുറിച്ചുള്ള ആശങ്കകള്‍, ആവലാതികള്‍, ഉയരുന്നത് എന്നത് പ്രധാനമാണല്ലോ. പഴുതുകള്‍ നിറഞ്ഞതും താത്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടിയുള്ളതുമായ നിലപാടുകള്‍ സംഘ്പരിവാറിനെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങളെ ഒരര്‍ഥത്തിലും സഹായിക്കില്ല. ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരല്ലാത്തവരുടെ കാര്യത്തില്‍, അവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എന്ത് നിലപാടെടുത്തു, ഏതുതരം നീതിയുടെ പക്ഷത്തു നിന്നു എന്നതിനെ മറച്ചുവെച്ചു കൊണ്ട് ഒരു നിലപാടെടുക്കാന്‍ ചരിത്ര ബോധവും രാഷ്ട്രീയ ബോധവും സര്‍വോപരി സാമുദായിക ബോധവും ഉള്ളവര്‍ക്ക് കഴിയില്ല. അവരെ സംബന്ധിച്ചിടത്തോളം അഞ്ച് വര്‍ഷത്തെ കാലാവധിയുള്ളതല്ല മതത്തെയും മതേതരത്വത്തെയും കുറിച്ചുള്ള ഉത്കണ്ഠകള്‍. അതുകൊണ്ടുതന്നെ, “ബഹുസ്വര സമൂഹത്തിലെ മതവും മതേതരത്വവും” എന്നതിനേക്കാള്‍ “പ്രതിപക്ഷ കാലത്തെ മതവും മതേതരത്വവും” എന്ന തലക്കെട്ടായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ലേഖനത്തിനു കൂടുതല്‍ ചേരുമായിരുന്നത്.

---- facebook comment plugin here -----

Latest