Connect with us

Editorial

നജീബ് എവിടെ?

Published

|

Last Updated

സ്വതന്ത്രമായ വാക്കിനെ ഫാസിസം ആഴത്തില്‍ ഭയക്കുന്നുവെന്നതിന്റെ തെളിവാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നുവരുന്ന സംഭവവികാസങ്ങള്‍. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും മാത്രമല്ല, അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലും പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലുമെല്ലാം ധീരമായ പ്രതിരോധങ്ങള്‍ അരങ്ങേറുകയാണ്. വാര്‍ത്തകളില്‍ ഇടം കിട്ടാതെ പോകുന്ന സമരമുഖങ്ങള്‍ നിരവധിയാണ്. ദളിത്, മുസ്‌ലിം സ്വത്വാവിഷ്‌കാരങ്ങള്‍ ഇത്തരം കലാലയങ്ങളിലെ രാഷ്ട്രീയ ഉള്ളടക്കത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പുതിയ കാറ്റും വെളിച്ചവും ഒച്ചയും ദൃശ്യമാണ്. പതിവ് മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളുമല്ല ഇന്ന് വിദ്യാര്‍ഥി സമൂഹത്തിനുള്ളത്. ആണ്ടറുതിക്കെത്തുന്ന തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളിലേക്ക് ചര്‍ച്ച ചുരുങ്ങുകയല്ല ചെയ്യുന്നത്. മറിച്ച് ഫാസിസത്തിനു മേല്‍ ബുദ്ധിപരമായ വിജയം വരിക്കുകയെന്ന വിശാലമായ ലക്ഷ്യത്തിലേക്ക് വളരുകയാണ് ഈ വിദ്യാര്‍ഥികള്‍. ചൂഷണത്തില്‍ നിന്നും വിവേചനത്തില്‍ നിന്നും മേല്‍ക്കോയ്മയില്‍ നിന്നും ആസാദി തേടുന്ന ഈ വിദ്യാര്‍ഥികള്‍ ഫാസിസം ഉദിച്ചു നില്‍ക്കുന്ന ഒരു കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് രാജ്യത്തെ പഠിപ്പിക്കുകയാണ്. കോര്‍പറേറ്റ് മാധ്യമലോകം മൂടിവെക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും ക്യാമ്പസുകളില്‍ നിന്നുള്ള ആവേശകരമായ വിശേഷങ്ങള്‍ പുറത്തേക്ക് ഒഴുകുകയാണ്. അധികാരം കൈവന്ന് മാരകമായാലും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ കമ്പോട് കമ്പ് നേരിടാന്‍ സാധിക്കുമെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇത് കേന്ദ്ര ഭരണത്തിന്റെ അഹങ്കാരത്തില്‍ നില്‍ക്കുന്ന എ ബി വി പി അടക്കമുള്ള ഹിന്ദുത്വ ശക്തികളെ കുറച്ചൊന്നുമല്ല ഇച്ഛാഭംഗത്തിലാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം ജെ എന്‍ യുവില്‍ നിന്നുള്ള അഹ്മദ് നജീബ് എന്ന വിദ്യാര്‍ഥിയുടെ തിരോധാനത്തെ കാണാന്‍.
എം എസ് സി ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശിയുമാണ് നജീബ് അഹ്മദ്. ജെ എന്‍ യുവിലെ മഹി ഹോസ്റ്റലിലെ 106ാം നമ്പര്‍ മുറിയിലെ വിദ്യാര്‍ഥിയായ നജീബിനെ എ ബി വി പി പ്രവര്‍ത്തകര്‍ ഒക്‌ടോബര്‍ 14ന് രാത്രി ക്രൂരമായി മര്‍ദിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ സുഹൃത്തുക്കള്‍ അവനെ വാര്‍ഡന്റെ മുറിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ചും മര്‍ദിച്ചെന്നും കൊന്നു കളയുമെന്ന് ആക്രോശിച്ചെന്നും വര്‍ഗീയചുവയോടെ അശ്ലീലം പറഞ്ഞെന്നും സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു. മര്‍ദനമേറ്റുവെന്നത് കള്ളക്കഥയാണെന്ന് എ ബി വി പി പറയുന്നു. അങ്ങനെ മര്‍ദനമേറ്റുവെങ്കില്‍ എന്തുകൊണ്ട് നജീബിനെ വാര്‍ഡന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നാണ് എ ബി വി പി യൂനിറ്റ് പ്രസിഡന്റ് ചോദിക്കുന്നത്.
എന്നാല്‍ അന്ന് മുതല്‍ നജീബിനെ കാണാതായി. ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും അവന്‍ എവിടെയുണ്ടെന്ന് കണ്ടെത്താനോ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനോ പോലീസിനോ സര്‍വകലാശാലാ അധികൃതര്‍ക്കോ സാധിച്ചിട്ടില്ല. നജീബിന്റെ തിരോധാനത്തില്‍ തികഞ്ഞ അനാസ്ഥയാണ് വി സി അടക്കമുള്ള സര്‍വകലാശാലാ ഭരണകര്‍ത്താക്കള്‍ തുടക്കത്തില്‍ കാണിച്ചത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു നിലപാട്. എ ബി വി പി പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ മാത്രമാണ് ഈ നയമെന്നോര്‍ക്കണം. കന്‍ഹയ്യകുമാറും ഉമര്‍ ഖാലിദുമെല്ലാം ഉള്‍പ്പെട്ട പ്രശ്‌നങ്ങളില്‍ ഇതായിരുന്നില്ല നിലപാട്. വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ നടത്തിയ ഉജ്ജ്വലമായ സമരങ്ങളും പാര്‍ലിമെന്റ് മാര്‍ച്ചും മനുഷ്യച്ചങ്ങലയുമെല്ലാം അധികൃതരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കൊപ്പം ചെന്ന് ഡല്‍ഹി പോലീസ് കമ്മീഷണറെ കാണാന്‍ വി സി തയ്യാറായിരിക്കുന്നു. നജീബിന്റെ മാതാവിന്റെ പരാതിയില്‍ 365ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം ഒട്ടും കാര്യക്ഷമമല്ല. നജീബിനെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും അത് ഇരട്ടിയാക്കുകയും ചെയ്തുവെന്നതാണ് പോലീസ് ചെയ്ത വലിയ പ്രവര്‍ത്തനം.
ദളിതരും ന്യൂനപക്ഷങ്ങളും പഠിക്കേണ്ടതില്ലെന്ന മനുവാദി ആജ്ഞയുടെ തുടര്‍ച്ചയാണ് ക്യാമ്പസുകളില്‍ ഈ വിദ്യാര്‍ഥികള്‍ നേരിടുന്ന ആക്രമണം. ഹൈദരാബാദ് സര്‍വകലാശാലയില്‍ എ ബി വി പിക്കാരോട് എതിരിട്ട രോഹിത് വെമുലയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയാണല്ലോ ചെയ്തത്. ആ ഗവേഷണ വിദ്യാര്‍ഥി ജീവിതത്തില്‍ നിന്ന് തന്നെ സ്വയം പുറത്തായിക്കൊണ്ടാണ് സമരാഗ്‌നി പടര്‍ത്തിയത്. രാജ്യസ്‌നേഹത്തെയും രാജ്യദ്രോഹത്തെയും ശരിയായി നിര്‍വചിക്കാന്‍ ശ്രമിച്ച കന്‍ഹയ്യ കുമാറിനും സംഘത്തിനും നേരിടേണ്ടിവന്നത് ക്രൂരമായ മര്‍ദനവും അപമാനവും കേസുകളുടെയും വിചാരണയുടെയും അഴിക്കാനാകാത്ത കുരുക്കുകളുമായിരുന്നു. കേന്ദ്രസര്‍ക്കാറും സര്‍വകലാശാലാ അധികൃതരും പോലീസും അഭിഭാഷകരുമെല്ലാം ഈ വേട്ടയില്‍ പങ്കെടുത്തു. എന്നാല്‍ ഈ അതിക്രമങ്ങള്‍ പ്രതിരോധത്തിന്റെ മൂര്‍ച്ച കൂട്ടുകയാണ് ചെയ്തത്. ആ സമരം രാജ്യത്താകെ സമരോത്സുകതയുടെ ആവേശവും ഊര്‍ജസ്വലരായ നേതാക്കളെയും സൃഷ്ടിച്ചു. ബുദ്ധിയുള്ള മനുഷ്യര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ക്യാമ്പസുകള്‍ എന്നല്ല ഒരിടവും അത്ര എളുപ്പത്തില്‍ “ശുദ്ധീകരി”ക്കാനാകില്ലെന്ന് ഭരണം കൈയാളുന്നവരും അവരുടെ വിദ്യാര്‍ഥി പ്രസ്ഥാനവും മനസ്സിലാക്കണം. വേദം കേട്ടാല്‍ ചെവിയില്‍ ഈയമുരുക്കി ഒഴിക്കുന്ന കാലമൊക്കെ കഴിഞ്ഞു. സമ്പൂര്‍ണ വിജയം നേടിയോ ഇല്ലയോ എന്നല്ല, പ്രതിരോധം ഉയരുന്നുണ്ട് എന്നതാണ് പ്രധാനം.
നജീബ് എവിടെയെന്നതിന് ഭരണകൂടം മറുപടി പറഞ്ഞേ തീരൂ. അവനെ താങ്കളുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചതാണ്? അവനെവിടെയെന്ന നജീബിന്റെ ഉമ്മയുടെ ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത സര്‍വകലാശാലാ വി സിക്കുമുണ്ട്.

---- facebook comment plugin here -----

Latest