ഐഎസ്എല്‍: ഫോര്‍ലാന്റെ ഗോളില്‍ മുംബൈ എഫ്‌സിക്ക് ജയം

Posted on: October 26, 2016 10:28 am | Last updated: October 26, 2016 at 10:28 am

forlanകൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് ആദ്യ തോല്‍വി. ആഴ്‌സണലിന്റെ ഇതിഹാസ താരം തിയറി ഓന്റി മുഖ്യാതിഥിയായെത്തിയ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് ഹോം ടീമായ കൊല്‍ക്കത്തയെ വീഴ്ത്തി. എഴുപത്തൊമ്പതാം മിനുട്ടില്‍ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ഡിയഗോ ഫോര്‍ലാനാണ് ഗോള്‍ നേടിയത്. സോണി നോര്‍ദെയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് കൊല്‍ക്കത്തന്‍ പ്രതിരോധ താരം പ്രഭിര്‍ ദാസിന്റെ ദേഹത്ത് തട്ടിത്തെറിച്ച് ഫോര്‍ലാന് അനായാസ ഗോളിന് അവസരമൊരുക്കുകയായിരുന്നു. ഈ ജയത്തോടെ മുംബൈ ഐ എസ് എല്‍ ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമായി പതിനൊന്ന് പോയിന്റാണ് മുംബൈ സിറ്റിക്ക്. ഒരു മത്സരം കുറച്ച് കളിച്ച അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഒമ്പത് പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം മുംബൈ സിറ്റി എഫ് സി നേടിയപ്പോള്‍ കൊല്‍ക്കത്ത ഗോളി ദേബ്ജിത് മജൂംദാര്‍ മത്സരത്തിലെ മികച്ച നിമിഷത്തിനുള്ള അവാര്‍ഡ് നേടി. സോണി നോര്‍ദെയുടെ തകര്‍പ്പന്‍ ഷോട്ട് ഒറ്റക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചതാണ് മികച്ച നിമിഷം. കായികക്ഷമതയുള്ള താരമായി സോണി നോര്‍ദെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എമെര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം റാല്‍ട്ടെക്കാണ്. മുംബൈയുടെ പ്രതിരോധത്തില്‍ പാറ പോലെ ഉറച്ച് പൊരുതിയ ലൂസിയന്‍ ഗോയന്‍ ഹീറോ ഓഫ് ദ മാച്ച്. ഇന്ന് കളിയില്ല. നാളെ ഡല്‍ഹി ഡൈനാമോസ്- എഫ് സി പൂനെ സിറ്റി. ടീമിലെ വിദേശി-സ്വദേശി അനുപാതം ചട്ടപ്രകാരമാക്കുന്നതിന് വേണ്ടി മാത്രമാണ് ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസിനെ മുംബൈ കളത്തിലിറക്കിയത്. പക്ഷേ, തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ താരം കാഴ്ചവെച്ചത്. കഴിഞ്ഞ സീസണില്‍ എഫ് സി പൂനെ സിറ്റിക്കെതിരെ 3-1ന് തോറ്റ കളിയിലാണ് അല്‍ബിനോ ഗോമസ് ആദ്യ ലൈനപ്പില്‍ അവസാനമായി ഇടം പിടിച്ചത്. ഇന്നലെ അഞ്ച് മാറ്റങ്ങളുമായാണ് മുംബൈ കളത്തിലിറങ്ങിയത്. അല്‍ബിനോക്ക് പുറമെ, അന്‍വര്‍, കഫു, സെഹ്നാജ്, ജെര്‍സന്‍ എന്നിവര്‍ ആദ്യ ലൈനപ്പില്‍ കളിച്ചു.
4-3-3 ശൈലിയിലാണ് മുംബൈ വിന്യസിച്ചത്. എയ്ബര്‍ലംഗ്, സെന റാല്‍റ്റെ എന്നിവര്‍ ഫുള്‍ബാക്കുകള്‍, അന്‍വറും ലൂയിസനും സെന്റര്‍ ബാക്കുകളും. വഡോസ്, ജെര്‍സന്‍, സെഹ്നാജ് എന്നിവര്‍ മധ്യനിരയില്‍. കഫു, നോര്‍ദെ, ഫോര്‍ലാന്‍ എന്നിവര്‍ അറ്റാക്കിംഗിലും. അത്‌ലറ്റിക്കോ മാഡ്രിഡും അഞ്ച് മാറ്റങ്ങള്‍ ടീമില്‍ വരുത്തി. റോബര്‍ട്, അര്‍നാബ്, പിയേഴ്‌സന്‍, റ്യുഡാസ്, ലാറ എന്നിവര്‍ ആദ്യ ലൈനപ്പില്‍ തിരിച്ചെത്തി. 4-2-3-1 ഫോര്‍മേഷനിലാണ് ടീം കളിച്ചത്. ഗോള്‍ വല കാത്തത് ദേബ്ജിത് മജൂംദര്‍. പ്രതിരോധത്തില്‍ റോബര്‍ട് ലാല്‍താമുന, ടിരി, അര്‍നാബ് മൊണ്ടല്‍, പ്രഭിര്‍ ദാസ് എന്നിവര്‍. സ്റ്റീവന്‍ പിയേഴ്‌സനും ക്യാപ്റ്റന്‍ ബോയ ഫെര്‍നാണ്ടസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാര്‍. സമീഹ് ദൗത്തി, യാവി ലാറ, അഭിനാഷ് റ്യുഡാസ് എന്നിവര്‍ മധ്യനിരയില്‍. ഏക സ്‌ട്രൈക്കറായി കനേഡിയന്‍ ഇയാന്‍ ഹ്യൂമും.