ഓക്‌സിജന്‍ കുറഞ്ഞുവരുമ്പോള്‍

കാര്‍ബണ്‍ ഡൈയോക്‌സൈഡ് വാതകം കൂടിവരാതെ സന്തുലിതമായി നില്‍ക്കുന്നതിന് സിലിക്കേറ്റ് പാറപൊടിയലിന് കഴിയുന്നുണ്ടെങ്കിലും ഓക്‌സിജന്റെ അളവ് കുറഞ്ഞുകൊണ്ടേയിരിക്കുകയാണെന്നാണ് പുതിയ കണ്ടുപിടുത്തം. ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലമുള്ള കാര്‍ബണ്‍ ഡൈയോക്‌സൈഡ് വര്‍ധന എങ്ങനെ കുറയാന്‍ സാധ്യതയുണ്ടെന്നതാണ് പുതിയ നിരീക്ഷണങ്ങളുടെ കാതല്‍.
Posted on: October 26, 2016 10:13 am | Last updated: October 26, 2016 at 10:13 am

oxygen-copyപ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റി ഗവേഷകര്‍ കഴിഞ്ഞ 30 വര്‍ഷമായി നടത്തിവരുന്ന പഠനത്തിന്റെ വെളിപ്പെടുത്തലുകള്‍ സെപ്തംബര്‍ മാസത്തില്‍ പുറത്തിറങ്ങിയ സയന്‍സ് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത് ഗ്രീന്‍ലാന്റില്‍ നിന്നും ആന്റാര്‍ട്ടിക്കയില്‍ നിന്നും എടുത്ത ഐസിന്റെ കോര്‍ സാമ്പിളുകളാണ്. ഈ സാമ്പിളുകള്‍ ഉദ്ദേശം എട്ട് ലക്ഷം വര്‍ഷം പഴക്കമുള്ളവയാണ്. കഴിഞ്ഞ എട്ട് ലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷ ഓക്‌സിജന്റെ അളവില്‍ 0. 7 ശതമാനം മാത്രമാണ് കുറവ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍, 100 വര്‍ഷത്തിനുള്ളില്‍ 0.1 ശതമാനം ഓക്‌സിജന്‍ കുറഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. ഇത് ഫോസില്‍ ഇന്ധനങ്ങളുടെ ക്രമാതീതമായ ഉപയോഗം മൂലം കൂടുതല്‍ ഓക്‌സിജന്‍ കത്തിത്തീരുകയും കാര്‍ബണ്‍ ഡൈയോക്‌സൈഡ് ഉണ്ടാകുകയും ചെയ്തതുകൊണ്ടാണെന്ന് അനുമാനിക്കുന്നു.
അത്ഭുതകരമായി ഗവേഷകര്‍ കണ്ടെത്തിയത് എട്ട് ലക്ഷം വര്‍ഷങ്ങളിലായി അന്തരീക്ഷ ഓക്‌സിജന്റെ അളവില്‍ വന്ന കുറവിന്റെ തോതനുസരിച്ച് ശരാശരി കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടുന്നില്ല എന്നതാണ്. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് സിലിക്കേറ്റ് പാറകള്‍ പൊടിഞ്ഞ് കാര്‍ബണ്‍ ഡൈയോക്‌സൈഡുമായി പ്രതിപ്രവര്‍ത്തിച്ച് കാത്സ്യം കാര്‍ബണേറ്റ് ഉണ്ടാകുന്നു എന്നതും; അന്തരീക്ഷത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ക്രമാതീതമായ കത്തിക്കല്‍ വഴി പുറത്ത് വരുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡ് ഈ സിലിക്കേറ്റ് പാറകളില്‍ കാര്‍ബണ്‍ സിലിക്കേറ്റായി മാറുമ്പോള്‍ കുടുങ്ങിക്കിടക്കുന്നതുമാണ്. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ കുറവുണ്ടാകുമ്പോള്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡ് കൂടുതലായത് മൂലം മലിനീകരണ പ്രക്രിയ അധികമാകാത്തതിന് കാരണവും ഇതാണെന്നാണ് കണ്ടെത്തല്‍. സിലിക്കേറ്റ് പാറ പൊടിയലിന് പ്രധാന കാരണം ഭൂതല താപനിലയുടെ വര്‍ധനവാണെന്നാണ് നിഗമനം. പാറ പൊടിയല്‍ മൂലം കാത്സ്യം സിലിക്കേറ്റ് പാറകള്‍ പൊടിഞ്ഞുണ്ടാകുന്ന രാസപ്രവര്‍ത്തനത്തിലാണ് കാത്സ്യം സിലിക്കേറ്റിന് പകരം കാത്സ്യം കാര്‍ബണേറ്റ് ഉണ്ടാകുന്നത്. വാതക രൂപത്തിലുള്ള കാര്‍ബണ്‍ ഡൈയോക്‌സൈഡ് ഖരരൂപത്തിലുള്ള കാത്സ്യം കാര്‍ബണേറ്റായി മാറുന്നതിനാല്‍, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡ് ശരാശരി ഉയരുന്നുമില്ല. ആഗോള താപനത്തിന് ഉത്തരവാദി കാര്‍ബണ്‍ ഡൈയോക്‌സൈഡ് ആണെന്നത് ഐ പി സി സി വ്യക്തമാക്കിയിട്ടുണ്ട്. അന്തരീക്ഷ കാര്‍ബണ്‍ ഡൈയോക്‌സൈഡ് വര്‍ധനവ് മൂലമുണ്ടാകുന്ന ആഗോള താപനമാണ് സിലിക്കേറ്റ് പാറകള്‍ അതിവേഗത്തില്‍ പൊടിയാനുള്ള കാരണമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
കാര്‍ബണ്‍ ഡൈയോക്‌സൈഡ് വാതകം അന്തരീക്ഷത്തില്‍ കൂടിവരാതെ സന്തുലിതമായി നില്‍ക്കുന്നതിന് സിലിക്കേറ്റ് പാറപൊടിയലിന് കഴിയുന്നുണ്ടെങ്കിലും അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുകൊണ്ടേയിരിക്കുകയാണെന്നാണ് പുതിയ കണ്ടുപിടുത്തം. അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളില്‍ അകപ്പെട്ടിരിക്കുന്ന ഓക്‌സിജനും നൈട്രജനും പുറത്ത് വന്നാല്‍ ഒരുപക്ഷേ, ഭൂമിയിലെ ഓക്‌സിജന്റെ അളവ് കുറയാതെ ജീവജാലങ്ങളെ ഭൂമിയില്‍ നിലനിര്‍ത്തുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. കാര്‍ബണ്‍ ഡൈയോക്‌സൈഡ്, ഓക്‌സിജന്‍, നൈട്രജന്‍ എന്നീ വാതകങ്ങളുടെ അളവും ജൈവപരിണാമവും ബന്ധപ്പെട്ടിരിക്കുന്നതായി ജീവശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലമുള്ള കാര്‍ബണ്‍ ഡൈയോക്‌സൈഡ് വര്‍ധന എങ്ങനെ കുറയാന്‍ സാധ്യതയുണ്ടെന്നതാണ് പുതിയ നിരീക്ഷണങ്ങളുടെ കാതല്‍.