Connect with us

Kerala

വര്‍ഗീയ ധ്രുവീകരണത്തിലൂടെ കേരളത്തെ പങ്കിട്ടെടുക്കാന്‍ സി പി എം- ബി ജെ പി ശ്രമം: ആന്റണി

Published

|

Last Updated

കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിലൂടെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയും കേരളത്തെ പങ്കിട്ടെടുക്കാനുള്ള രഹസ്യ അജന്‍ഡക്ക് സി പി എമ്മും ബി ജെ പിയും ശ്രമിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കേരളത്തിലെ ചെറുപ്പക്കാരില്‍ കൂടുതലും ജാതിമത സംഘടനകളില്‍ അണിചേരുകയാണ്. കോണ്‍ഗ്രസിനെ ദുര്‍ഭലപ്പെടുത്താനാണ് ശ്രമമെന്നും ആന്റണി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര, കേരള ഭരണത്തിന്റെ അഹങ്കാരത്തില്‍ ബി ജെ പിയും സി പി എമ്മും കേരളത്തില്‍ കണക്ക് തീര്‍ക്കുകയാണ്. മതേതരത്വത്തിന് ഭീഷണിയായി ബി ജെ പി കേരളത്തില്‍ സര്‍വ സന്നാഹത്തോടെയും പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്നതിന് സഹായകരമാകുന്ന നിലയില്‍ ചില ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് അപകടകരമായ സൂചനയാണ്. എന്നാല്‍ അവര്‍ക്കെതിരെ ന്യൂനപക്ഷ വിഭാഗങ്ങളുടെ തന്നെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളും സംഘടനകളും ശക്തമായ നിലപാടെടുക്കുന്നുത് ചെറുതായി കണ്ടുകൂടാ. ബി ജെ പിയും സി പി എമ്മും ചോരക്കളി അവസാനിപ്പിക്കണം. ഇനി ഒരു സഖാവും സ്വയംസേവകനും കൊല്ലപ്പെടേണ്ടെന്ന് സി പി എമ്മും ബി ജെ പിയും വിചാരിക്കാതെ കണ്ണൂരിലെയും മറ്റും രാഷ്ട്രീയ കൊലകള്‍ അവസാനിക്കില്ല. മുഖം നോക്കാതെ നിഷ്പക്ഷമായി നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം പോലീസിന് ഇന്ന് സംസ്ഥാനത്തില്ല. കേരളത്തില്‍ മറ്റൊരു സര്‍ക്കാറും പിണറായി സര്‍ക്കാറിനെ പോലെ ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം നിറം മങ്ങിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കിടയില്‍ വടംവലിയും ചേരിപ്പോരും രൂക്ഷമാണ്. സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാവുമോ എന്ന് ഭയപ്പെടുകയാണ്. അനുമതിയില്ലാതെ ആര് ഫോണ്‍ ചോര്‍ത്തിയാലും അത് ക്രിമിനല്‍കുറ്റമായി കണ്ട് നടപടിയെടുക്കണമെന്നും ആന്റണി പറഞ്ഞു.

Latest