Connect with us

Gulf

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യവസായ വളര്‍ച്ച: നിര്‍ദേശങ്ങളുമായി മന്ത്രാലയം

Published

|

Last Updated

ദോഹ: വ്യവസായങ്ങളുടെ വളര്‍ച്ചക്ക് സാമൂഹിക മാധ്യമങ്ങളുടെ പങ്കിനെ സംബന്ധിച്ച് ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഓര്‍മപ്പെടുത്തലുമായി വാണിജ്യ മന്ത്രാലയം. വ്യവസായ പരിസ്ഥിതി മെച്ചപ്പെടുത്താനും മത്സരാധിഷ്ഠിത ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിന് വലിയ സംഭാവനകള്‍ അര്‍പ്പിക്കുന്നതിനും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് സാധിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ ആഗോളതലത്തില്‍ 70 ശതമാനം കമ്പനികള്‍ക്കും ഉത്പാദനക്ഷമതയും വളര്‍ച്ചയും നേടാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴി ഉത്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നതും കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതും ഓണ്‍ലൈന്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍. കൂടുതല്‍ സമ്പര്‍ക്കത്തിനുള്ള വേദിയാണ് സാമൂഹിക മാധ്യമങ്ങള്‍ ഒരുക്കുന്നത്. ജനങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം പുലര്‍ത്താനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും പ്രശ്‌നങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കാനും തത്ഫലമായി വാണിജ്യ ബ്രാന്‍ഡിന് ശക്തമായ അടിത്തറ സ്ഥാപിക്കാനും സാധിക്കും. ഫേസ്ബുക്കിലെ ലൈവ്, യൂട്യൂബ്- പെരിസ്‌കോപ് തുടങ്ങിയവ വഴിയുള്ള വീഡിയോ ഷെയറിംഗ് എന്നിവയെല്ലാം ഉപഭോക്താക്കളുമായി നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുന്നതാണ്. ജനങ്ങളുമായി സംവദിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ പ്രധാന ആശയവിനിമയ മാധ്യമമാക്കണം.
ഉത്പന്നം സംബന്ധിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം അറിയുന്നതിനും കമ്പനിയുടെ പ്രതിച്ഛായയും വിലയും വര്‍ധിപ്പിക്കുന്നതിനുള്ള സ്വാധീനശക്തികളെ തിരിച്ചറിയുന്നതിനും യോജിച്ച സാമൂഹിക മാധ്യമങ്ങളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. മാര്‍ക്കറ്റിംഗ് പ്രചാരണങ്ങള്‍ക്ക് പ്രധാന പ്രകടന സൂചകങ്ങള്‍ തീരുമാനിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള ഉള്ളടക്കം വികസിപ്പിക്കുകയും വേണം. ഉത്പന്നത്തിന്റെ പ്രധാന സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന പ്രതിച്ഛായ നിര്‍മിക്കണം. ഇതുസംബന്ധിച്ച് ജീവനക്കാര്‍ക്ക് ധാരണയും അനിവാര്യമാണ്. എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കും പ്രത്യേക രൂപകല്പന വികസിപ്പിക്കുന്നതും ആസൂത്രണം ചെയ്ത ഉള്ളടക്കം കമ്പനിക്കകത്ത് പ്രചരിപ്പിക്കേണ്ടതും പ്രധാനമാണ്. കമ്പനിക്കുള്ളിലെ ആശയവിനിമയത്തിന് ഇത് ഉപകാരപ്രദമാകും. സ്വന്തം അക്കൗണ്ടുകളില്‍ ഇവ പ്രസിദ്ധീകരിക്കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതും ഗുണകരമാണ്.
സോഷ്യല്‍ മീഡിയയിലെ പ്രകടനം വിശകലനം ചെയ്യണം. ഇതിനായി കമ്പനിക്കുള്ളില്‍ ശക്തമായ വിശകലന നടപടിക്രമങ്ങള്‍ വികസിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest