Connect with us

Gulf

സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ മുന്നേറ്റത്തിനൊരുങ്ങി യു എ ഇ

Published

|

Last Updated

ദുബൈ: വാര്‍ഷിക നിക്ഷേപ സംഗമ(ആന്വല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിംഗ്-എ ഐ എം)ത്തിന്റെ ഏഴാമത് എഡിഷന്‍ അടുത്ത വര്‍ഷം ഏപ്രില്‍ രണ്ട് മുതല്‍ ഏഴ് വരെ ദുബൈയില്‍ നടക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ “രാജ്യാന്തര നിക്ഷേപം, മത്സരക്ഷമതയിലേക്കും വികസനത്തിലേക്കുമുള്ള വഴി” എന്ന പ്രമേയത്തില്‍ നടക്കുന്ന ആഗോള സംഗമത്തിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററാണ് വേദിയാവുക.
വിപണികളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിച്ച് ഭദ്രതയാര്‍ന്ന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. പുതിയ മേഖലകളില്‍ പുതിയ നിക്ഷേപ സാധ്യതകള്‍ക്കും സമ്മേളനം വഴിതുറക്കും. ആഗോളതലത്തിലുള്ള വിദേശനിക്ഷേപ മേഖലയിലെ വിദഗ്ധരാണ് സമ്മേളനത്തിനെത്തുക.
ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഏഴാമത് വാര്‍ഷിക നിക്ഷേപ സംഗമത്തിന്റെ മുന്നൊരുക്കങ്ങളെന്ന് യു എ ഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. സമീപകാലത്തെ അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്)യുടെ കണക്കുകള്‍ പ്രകാരം 2017ഓടെ ആഗോള വളര്‍ച്ചാനിരക്ക് 3.4 ശതമാനത്തിലേക്കെത്തുമെന്നും അല്‍ മന്‍സൂരി പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ മത്സരക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് സംഗമം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. സ്വിസ്റ്റ്‌സര്‍ലാന്‍ഡില്‍ നടന്ന വേള്‍ഡ് എകണോമിക് ഫോറത്തില്‍ പുറത്തുവിട്ട ഗ്ലോബല്‍ കോമ്പറ്റിറ്റീവ്‌നെസ് റിപ്പോര്‍ട് 2016-2017 പ്രകാരം ലോകത്തിലെ മത്സരക്ഷമതാ സമ്പദ് വ്യവസ്ഥയുള്ള ആദ്യ 20 രാജ്യങ്ങളില്‍ ആഗോളതലത്തില്‍ യു എ ഇ 16-ാം സ്ഥാനത്തും മേഖലാതലത്തില്‍ ഒന്നാമതുമാണ്. ലോകത്തിലെ മികച്ച സമ്പദ് വ്യവസ്ഥയുള്ള ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവയോടൊപ്പമാണ് യു എ ഇയും. നിക്ഷേപസംഗമത്തിന്റെ പുതിയ എഡിഷനോടെ രാജ്യത്തേക്ക് വിദേശനിക്ഷേപം വര്‍ധിപ്പിച്ച് സമസ്ത മേഖലകളിലും വന്‍ വികസനങ്ങള്‍ നടത്തി സുസ്ഥിരമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ കൂടുതല്‍ മുന്നേറ്റത്തിനുള്ള ശ്രമമാണ് യു എ ഇ നടത്തുക. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ 2015ലെ ട്രേഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയതു മുതല്‍ യു എ ഇയുടെ സാമ്പത്തിക നയങ്ങള്‍ വിജയകരമായ പ്രതിഫലനമാണുണ്ടാക്കിയതെന്ന് മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി വ്യക്തമാക്കി. രാജ്യത്തിന്റെ മികച്ച സാമ്പത്തിക നയം അന്താരാഷ്ട്ര വാണിജ്യ ഹബ്ബായി യു എ ഇയെ മാറ്റിയതായും മന്ത്രി പറഞ്ഞു. ചരക്ക് ഇറക്കുമതിയിലും കയറ്റുമതിയിലും മുന്‍പന്തിയിലുള്ള 20 ലോകരാജ്യങ്ങളിലും യു എ ഇ 16-ാം സ്ഥാനത്താണ്. യു എ ഇ വിഷന്‍ 2021ന്റെയും നാഷണല്‍ അജണ്ടയുടേയും ഭാഗമായി വ്യത്യസ്ത സാമ്പത്തിക മേഖലകളില്‍ കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം യു എ ഇ തുടരുകയാണ്. 140 രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ മേധാവികളും വാണിജ്യ പ്രമുഖരുമടക്കം 15,000 പ്രതിനിധികളാണ് സംഗമത്തിനെത്തുക.

Latest