വെളിച്ചെണ്ണ, റബ്ബര്‍ വിപണികള്‍ കനത്ത പ്രതിസന്ധിയില്‍

Posted on: October 24, 2016 2:34 pm | Last updated: October 24, 2016 at 2:34 pm

coconut-oilകൊച്ചി: ദീപാവലി അടുത്തിട്ടും വെളിച്ചെണ്ണ വിപണി ചുടുപിടിച്ചില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബ്ബറിന് സംഭവിച്ച തളര്‍ച്ച ഇന്ത്യയിലും പ്രതിസന്ധി സൃഷ്ടിച്ചു. ചുക്കിന് ഗള്‍ഫ് ഓര്‍ഡറുകള്‍ കുറഞ്ഞു. കുരുമുളക് വിലയില്‍ മാറ്റമില്ല. സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന.
ദീപാവലി അടുത്തിട്ടും വെളിച്ചെണ്ണക്ക് ആവശ്യകാരില്ല. മുന്‍കാലങ്ങളില്‍ കൊച്ചിയില്‍ പ്രതിവാരം 3500 ക്വിന്റല്‍ എണ്ണയുടെ കൈമാറ്റം ദീപാവലി വേളയില്‍ നടന്നിരുന്നു. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളില്‍ നിന്നും വെളിച്ചെണ്ണക്ക് അന്ന് ആവശ്യക്കാര്‍ എത്തിയിരുന്നു. കാലം മാറിയതോടെ വിദേശ പാം ഓയില്‍, സോയ, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി വെളിച്ചെണ്ണക്ക് കനത്ത പ്രഹരമായി. പ്രദേശിക വിപണികളില്‍ പോലും വെളിച്ചെണ്ണ പിടിച്ചു നില്‍ക്കാന്‍ ക്ലേശിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ മുന്നാഴ്ച്ചയായി വെളിച്ചെണ്ണ 9100 രൂപയിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ മികച്ച നിലവാരത്തില്‍ നിന്ന് പെടുന്നനെ ഇടിഞ്ഞത് ഉല്‍പാദന രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. ജാപാനീസ് വിപണിയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചതാണ് ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളെ പിടിച്ച് ഉലച്ചത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നതും വിനിമയ വിപണിയില്‍ ഡോളറും യെന്നും ചാഞ്ചാടിയതുമെല്ലാം റബറിന് തിരിച്ചടിയായി.
ആഗസ്റ്റിലെ 148 യെന്നില്‍ നിന്ന് 24 ശതമാനം ഉയര്‍ന്ന റബ്ബര്‍ കിലോ 185 യെന്‍ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചത്. തായ്‌ലണ്ടിനല്‍ നിന്നുള്ള റബര്‍ കയറ്റുമതിക്ക് കഴിഞ്ഞവാരം നേരിട്ട തടസം അവധി വ്യാപാരത്തിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ ചെറിയ അളവില്‍ പിടിച്ചു നിര്‍ത്തി.
വിദേശ റബ്ബര്‍ ഇറക്കുമതി ഉയര്‍ന്നതിനാല്‍ ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ കേരളത്തില്‍ നിന്നുള്ള ചരക്ക് സംഭരണത്തിന് കാര്യമായ ഉത്സാഹം കാണിച്ചില്ല. കൊച്ചിയില്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബറിന് 200 രൂപ ഉയര്‍ന്ന് 11,600 രൂപയായി. അഞ്ചാം ഗ്രേഡ് 11,400 ല്‍ നിന്ന് 11,000 രൂപയായി.
കുരുമുളകിന്റെ ലഭ്യത ചുരുങ്ങിയെങ്കിലും നിരക്ക് ഉയര്‍ന്നില്ല. ദീപാവലി വേളയില്‍ സാധാരണ ഉത്പന്ന വില ഉയരാറുണ്ട്. ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്കുള്ള കുരുമുളക് വരവ് നാമമാത്രമാണ്. എന്നിട്ടും ഉത്തരേന്ത്യക്കാര്‍ നിരക്ക് ഉയര്‍ത്തിയില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 68,100 രൂപയിലും ഗാര്‍ബിള്‍ഡ് 71,000 രൂപയിലുമാണ്.
ചുക്കിന്റെ വില തകര്‍ച്ച ഉല്‍പാദകരെ പ്രതിസന്ധിലാക്കി. വിദേശ ചുക്ക് ഉത്തരേന്ത്യയില്‍ സുലഭമായത് വില തകര്‍ച്ച രൂക്ഷമാക്കി. അറബ് രാജ്യങ്ങളില്‍ നിന്ന് ചുക്കിന് അന്വേഷണങ്ങള്‍ എത്തുന്നുണ്ടെങ്കിലും പുതിയ കച്ചവടങ്ങള്‍ ഉറപ്പിച്ചിട്ടില്ല. വിവിധയിനം ചുക്ക് വില 12,500-14,000 രൂപയിലാണ്.
സ്വര്‍ണ വില ഉയര്‍ന്നു. സംസ്ഥാനത്ത് പവന്‍ 22,560 രൂപയില്‍ നിന്ന് 22,680 രൂപയായി. ന്യൂയോര്‍ക്കില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 1257 ഡോളറില്‍ നിന്ന് 1265 ഡോളറായി.