Connect with us

Editors Pick

ഇസില്‍ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഇറാഖ് സൈന്യത്തോട്: 'നിങ്ങളുടെ പാദത്തില്‍ ഞാനൊന്ന് ചുംബിച്ചോട്ടെ..'

Published

|

Last Updated

മൊസൂള്‍: “നിങ്ങള്‍ ഞങ്ങളെ തേടി വരില്ലെന്നാണ് കരുതിയത്. മൂന്ന് ദിവസമായി ഭക്ഷണം പോലും ലഭിക്കാതെയാണ് ഞങ്ങള്‍ കഴിയുന്നത്. നിങ്ങളുടെ പാദത്തില്‍ ചുംബിക്കാന്‍ തോന്നുന്നു” ഇസില്‍ തീവ്രവാദികളില്‍ നിന്ന് ഇറാഖ് സൈന്യം രക്ഷപ്പെടുത്തിയ പത്ത് വയസ്സുകാരി ആഇശയുടെ വാക്കുകളാണിത്.
ഇറാഖിലെ മൊസൂളിന് സമീപത്തെ കാഫെറില്‍ നിന്ന് ഇറാഖ് സൈന്യം നിരവധി പേരെ രക്ഷപ്പെടുത്തി. ഇസിലിന് സ്വാധീനമുള്ള മൊസൂളിന് സമീപത്തെ നിരവധി ഗ്രാമങ്ങള്‍ ഇറാഖിന്റെ നേതൃത്വത്തിലുള്ള സഖ്യ സേന തിരിച്ചുപിടിച്ചിട്ടുണ്ട്. 2014 മുതല്‍ മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇസിസ് ജനങ്ങള്‍ക്കു നേരെ ക്രൂരമായ പീഡനങ്ങളാണ് നടത്തിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഡെയ്‌ലി മെയിലാണ് വാര്‍ത്ത പുറത്തുവിട്ടത്.
പിതാവിനെ തീവ്രവാദികള്‍ വധിച്ചതാണ്. തങ്ങളുടെ ഗ്രാമത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വീട്ടിലെ സ്വര്‍ണവും മറ്റ് സ്വത്തുക്കളും അവര്‍ കൊള്ളയടിച്ചു. നിരവധി കുട്ടികളെയും അവര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല- ആഇശ പറഞ്ഞു.
ഇറാഖിലെ അവസാന ഇസില്‍ ശക്തി പ്രദേശമായ മൊസൂളിന് നേരെ ഇറാഖ്, യു എസ്, കുര്‍ദ് സഖ്യ സേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ചയാണ് സൈനിക നടപടി ആരംഭിച്ചത്. സഖ്യ സേനക്ക് പ്രാദേശിക സായുധ സംഘങ്ങളുടെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ മുന്നേറ്റം കൂടുതല്‍ വേഗത്തിലായി.
3,000ത്തിനും 4500നും ഇടയില്‍ മൊസൂളില്‍ ഇസില്‍ സാന്നിധ്യം ഉണ്ടെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം നടക്കുന്നത് സഖ്യ സേനക്ക് ഫലം നല്‍കുന്നുണ്ടെങ്കിലും ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. ഇത് മനുഷ്യാവകാശ സംഘടനകളെ ആശങ്കയിലാക്കുന്നുണ്ട്.

Latest