ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട യുവതിയെ ജോലിയിൽ തിരിച്ചെടുക്കാന്‍ സ്വിസ് കോടതി ഉത്തരവ്

Posted on: October 23, 2016 9:15 pm | Last updated: October 23, 2016 at 9:18 pm

hijab_650x400_61460694357ജനീവ: ഹിജാബ് ധരിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട സെര്‍ബ് യുവതിക്ക് നിയമപോരാട്ടത്തിനൊടുവില്‍ വിജയം. യുവതിയെ ജോലിയില്‍ തിരിച്ചെടുക്കാനും നഷ്ടപരിഹാരം നല്‍കാനും ബേര്‍ണിലെ പ്രാദേശിക കോടതി ഉത്തരവിട്ടു. ഒരു ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആബിദ എന്ന സെര്‍ബിയന്‍ യുവതിയെയാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുറത്താക്കിയത്. തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

യുവതിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിക്കുന്ന നടപടിയാണ് തൊഴിലുടമയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിജാബ് ധരിക്കുന്നത് തന്റെ ജോലിയെ ബാധിക്കില്ലെങ്കില്‍ ഇതിന്റെ പേരില്‍ മാത്രം പിരിച്ചുവിടാനാകില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

ആറ് വര്‍ഷം ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത യുവതി ഹിജാബ് ധരിക്കാന്‍ തുടങ്ങിയതോടെയാണ് അവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹിജാബ് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.