ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പായാല്‍ 6,000 ബസുകള്‍ പിന്‍വലിക്കേണ്ടി വരും

Posted on: October 22, 2016 8:45 am | Last updated: October 22, 2016 at 12:23 am

തിരുവനന്തപുരം; ഹരിതെ്രെടബ്യൂണല്‍ വിധി നടപ്പായാല്‍ സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി, സ്വകാര്യ മേഖലകളിലെ 6,000 ബസുകള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ഇത്രയധികം ബസുകള്‍ ഒന്നിച്ച് പിന്‍വലിച്ചാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ട്. ഇത് പരിഹരിക്കുന്നതിന് ഘട്ടംഘട്ടമായി മാത്രമേ വിധി നടപ്പാക്കാനാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.
സംസ്ഥാനത്ത് ലേഡീസ് ഒണ്‍ലി ബസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. അമിതവേഗത, റൂട്ട് മാറിയോട്ടം എന്നിവ നിയന്ത്രിക്കുന്നതിന് ബസുകളില്‍ ജി പി എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ 700 കെ എസ് ആര്‍ ടി സി ബസുകളില്‍ ജി പി എസ് ഏര്‍പ്പെടുത്തി കഴിഞ്ഞു. തുടര്‍ന്ന് സ്വകാര്യ ബസുകളോടും ജി പി എസ് ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടും.
ഉത്സവ അവസരങ്ങളില്‍ അന്തര്‍ സംസ്ഥന ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന 64 ബസുകളില്‍ എട്ട് ബസുകളാണ് അമിത ചാര്‍ജ് ഈടാക്കുന്നത്. ഇവര്‍ക്കെതിരൈ കര്‍ശന നടപടി സ്വീകരിക്കും. വേഗപ്പൂട്ടിനെതിരെ മോട്ടോര്‍ തൊഴിലാളികളില്‍ നിന്നടക്കം എതിര്‍പ്പുയരുന്നുണ്ടെങ്കിലും നിയമം ലംഘിച്ച് അമിതവേഗതയില്‍ ഓടാന്‍ അനുവദിക്കില്ലെന്നും നിയമം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ജൂലൈ 29ന് സംസ്ഥാനവ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ സംവരണ സീറ്റുകള്‍ വിട്ടു നല്‍കാത്തതടക്കം നിയമലംഘനം നടത്തിയ 247 ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.