മെസ്സിയും നെയ്മറും ഖത്വറില്‍ കളിക്കും; കളി കാണാന്‍ കാത്തിരിക്കുന്നത് ആയിരങ്ങള്‍

Posted on: October 21, 2016 9:22 pm | Last updated: October 21, 2016 at 9:22 pm

messi neymarദോഹ: ലാലിഗ ചാമ്പ്യന്‍മാരായ സ്പാനിഷ് ഫുട്ബാള്‍ ക്ലബ് സൗഹൃദ മത്സരത്തിനായി ഖത്വറിലെത്തുന്നു. സഊദി അറേബ്യന്‍ ലീഗ് ചാംപ്യന്‍മാരായ അല്‍ അഹ്‌ലി ക്ലബുമായി കളിക്കാനാണ് എഫ് സി ബാഴ്‌സലോണ ദോഹയിലെത്തുക. താനി ബിന്‍ ജാസിം സ്‌റ്റേഡിയത്തില്‍ (അല്‍ ഗര്‍റാഫ സ്റ്റേഡിയം) ഡിസംബര്‍ 13നായിരിക്കും കളിയെന്ന് ഖത്വര്‍ എയര്‍വേയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഖത്വര്‍ എയര്‍വേയസും ഖത്വര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റുമെന്റുമാണ് കളിയുടെ പ്രായോജകര്‍. ഇരു ടീമുകളെയും സ്‌പോണ്‍സര്‍ ചെയ്യുന്നത് ഖത്വര്‍ എയര്‍വേയ്‌സാണ്. എഫ് സി ബാഴ്‌സലോണ പലതവണ ഖത്വറില്‍ കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു. 2014ലും 2015ലും ഈ വര്‍ഷം മധ്യത്തിലും ബാഴ്‌സ ദോഹയില്‍ കളിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
ഖത്വര്‍ എയര്‍വേയ്‌സും ബാഴ്‌സയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി ജൂലൈയിലാണ് തീരുമാനമുണ്ടായത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്പാനിഷ് ക്ലബുമായുള്ള കരാര്‍ നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റമില്ലാതെ 2017 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചത്.
ബാഴ്‌സ കളിക്കാനെത്തുമ്പോള്‍ ഫുട്ബാള്‍ പ്രേമികളായ വന്‍ ജനക്കൂട്ടം കാണികളായി എത്തുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ഫുട്ബാള്‍ ഗ്രൗണ്ടിലെ അതിയാകരായ എഫ് സി ബാഴ്‌സയെയും അറേബ്യന്‍ കരുത്തരായ അല്‍ അഹ്‌ലി സഊദി എഫ് സിയെയും സൗഹൃദമത്സരത്തിന് ഒരു വേദിയിലണിനിരത്തുന്നത് അഭിമാനകരമായ കാര്യമാണെന്ന് ഖത്വര്‍ എയര്‍വേയ്‌സ് അറിയിച്ചു.
ബാഴ്‌സലോണയുടെ സ്‌പോണ്‍സര്‍മാരായ ഖത്വര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റുമെന്റും ഖത്വര്‍ എയര്‍വേയ്‌സുമായുള്ള കരാര്‍ പ്രകാരമാണ് ക്ലബുകള്‍ സൗഹൃദ മത്സരത്തിനെത്തുന്നത്. അഞ്ചു വര്‍ഷ കരാര്‍ ജൂലൈയില്‍ അവസാനിച്ചതിനു പിന്നാലെ കരാര്‍ ദീര്‍ഘിപ്പിച്ചതിനാല്‍ ഇത്തവണ കളിക്കമ്പക്കാര്‍ നിരാശരാകേണ്ടിവരില്ലെന്നാണ് സൂചന. 2010ല്‍ ഖത്വര്‍ ഫൗണ്ടേഷനായിരുന്നു ബാഴ്‌സയുടെ സ്‌പോണ്‍സര്‍. പിന്നീട് സ്‌പോണ്‍സര്‍ഷിപ്പ് ഖത്വര്‍ എയര്‍വേയ്‌സ് ഏറ്റെടുക്കുകയായിരുന്നു. ലോകത്ത് ഏറെ ആരാധകരുള്ള ലയണല്‍ മെസ്സിയും നെയ്മറും സുവാരസും ഉള്‍പ്പെടെ വന്‍ താരനിരയുള്ള ടീമാണ് എഫ് സി ബാഴ്‌സലോണ. ഇവര്‍ ഖത്വറിലെത്തുമെന്നാണ് വാര്‍ത്ത.