വ്യായാമത്തിലൂടെ ഊര്‍ജ ഉത്പാദനം; ‘ദിവ’യുടെ അല്‍ സആദ പാര്‍ക് ശ്രദ്ധേയമാകുന്നു

Posted on: October 21, 2016 6:46 pm | Last updated: October 24, 2016 at 8:10 pm

ദുബൈ: ശാരീരിക വ്യായാമത്തിലൂടെ ഊര്‍ജം ഉത്പാദിപ്പിക്കാം. ദുബൈ ലേഡീസ് ക്ലബ്ബുമായി ചേര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) ജുമൈറയില്‍ ആരംഭിച്ച അല്‍ സആദ പാര്‍കിലാണ് ഈ സംവിധാനം. സാമൂഹികവും ശാരീരിക വ്യായാമത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ വിനോദ പരിപാടികള്‍ക്കുമായാണ് പാര്‍ക് തുറന്നിരിക്കുന്നത്. ഇവിടെ സജ്ജീകരിച്ച എട്ട് വ്യായാമ യന്ത്രങ്ങള്‍ ഒരേ സമയം എട്ട് പേര്‍ ഉപയോഗിക്കുമ്പോള്‍ മണിക്കൂറില്‍ 800 വാട്‌സ് ഊര്‍ജം ഉത്പാദിപ്പിക്കാനാകും. ഇങ്ങനെ വ്യായാമത്തിലൂടെ 12 മണിക്കൂറില്‍ 9,600 വാട്‌സ് ഊര്‍ജം ഉത്പാദിപ്പിക്കാം. ഇതോടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പ്രസരണം 41 ഗ്രാം കുറക്കാനാകുമെന്നും ദിവ പറയുന്നു. ഒരാള്‍ വ്യായാമം ചെയ്യുമ്പോള്‍ ശരാശരി മണിക്കൂറില്‍ 50 വാട്‌സ് ഉത്പാദിപ്പിക്കപ്പെടും. ഈ മെഷീന്‍ ഒരു മുതിര്‍ന്ന ആണ്‍കുട്ടി ഉപയോഗിക്കുമ്പോള്‍ മണിക്കൂറില്‍ 30 വാട്‌സും ഒരു അത്‌ലറ്റിക് ആണ് ഉപയോഗിക്കുന്നതെങ്കില്‍ 100 വാട്‌സും ഉത്പാദിപ്പിക്കാം.
എനര്‍ജി സോണ്‍, എജ്യുക്കേഷണല്‍ സോണ്‍, ഫണ്‍ സോണ്‍ എന്നിങ്ങനെ മൂന്ന് സോണുകളാക്കി പാര്‍കിനെ തിരിച്ചിട്ടുണ്ട്. പാര്‍കില്‍ വ്യായാമത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് തുടങ്ങിയവ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം എനര്‍ജി സോണിലുണ്ട്. സൈക്ലിംഗ് മെഷീനുകള്‍ക്ക് പുറമെ പരിശീലകരുടെ സേവനവും ഇവിടെ ലഭിക്കും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനായാണ് എജ്യുക്കേഷണല്‍ സോണ്‍. ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന വീഡിയോകളും ഇവിടെ പ്രദര്‍ശിപ്പിക്കും. വിവിധ ഗെയിമുകളില്‍ ഏര്‍പെടുന്നതിനും മ്യൂസിക് ആസ്വദിക്കാനുള്ള സൗകര്യവും എജ്യുക്കേഷണല്‍ സോണിലുണ്ട്.
ആരോഗ്യ-സന്തോഷപൂര്‍ണ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനായാണ് പുതിയ പാര്‍ക്. ഉദ്ഘാടനചടങ്ങില്‍ യു എ ഇ സന്തോഷകാര്യമന്ത്രി ഉഹൂദ് അല്‍ റൂമി, ദിവ സി ഇ ഒയും എം ഡിയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍, ദുബൈ വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ് ചെയര്‍പേഴ്‌സണ്‍ മോന ഗാനിം അല്‍ മര്‍റി പങ്കെടുത്തു.