എ കെ ബാലന്റെ ഗര്‍ഭം, ജി സുധാകരന്റെ സൗന്ദര്യവും

Posted on: October 21, 2016 11:25 am | Last updated: October 21, 2016 at 11:25 am

Niyamasabhaആദ്യം തലവെട്ടി, പിന്നെ കൈയും കാലും ചെവിയും. തദ്ദേശവകുപ്പിനെ യു ഡി എഫ് 16 തുണ്ടായി മുറിക്കുമ്പോള്‍ പ്രതിഷേധിച്ചാണ് കെ ബി ഗണേഷ്‌കുമാര്‍ അന്ന് അതിന് സാക്ഷ്യം വഹിച്ചത്. എം കെ മുനീറിനെ ദ്രോഹിക്കുന്നതില്‍ കവിഞ്ഞ് മറ്റു ലക്ഷ്യങ്ങളൊന്നും ആ നീക്കത്തിന് ഉണ്ടായിരുന്നില്ലെന്നും ഗണേഷ്. ഈ വാദമൊന്നും പക്ഷെ, മുനീര്‍ അംഗീകരിക്കില്ല. യു ഡി എഫ് കാലത്ത് ഓരോരുത്തര്‍ക്ക് ഓരോ ഭാര്യമാരായിരുന്നു.
പഞ്ചായത്ത് ഒരാള്‍ക്ക്, ഗ്രാമവികസനം മറ്റൊരാള്‍ക്ക്, നഗരം ഭരിക്കാന്‍ മറ്റൊരാള്‍. യൂത്ത് ലീഗില്‍ തന്റെ സഹപ്രവര്‍ത്തകനായ കെ ടി ജലീല്‍ നാല് ഭാര്യമാരെ ഒരുമിച്ച് എങ്ങിനെ കൊണ്ടുപോകുമെന്നായിരുന്നു മുനീറിന്റെ ആധി. മൂന്നും ചേര്‍ന്നാല്‍ മുറ്റമടിക്കില്ലെന്ന പാലക്കാടന്‍ ചൊല്ല് പോലെയായി യു ഡി എഫിന്റെ വകുപ്പ് വിഭജനമെന്ന് കെ ബാബു. ഉമ്മന്‍ ചാണ്ടിയുടെ കഴുത്തില്‍ കത്തിവെച്ച് നേടിയ അഞ്ചാം മന്ത്രിക്ക് വേണ്ടിയാണ് വകുപ്പിനെ വെട്ടിമുറിച്ചതെന്നും അദ്ദേഹം കുറ്റപെടുത്തി. തദ്ദേശ സ്വയം ഭരണവും ഗതാഗതവും ധനാഭ്യര്‍ഥനകളായി വന്ന ഇന്നലെ ഗ്രാമസ്വരാജും അധികാര വികേന്ദ്രീകരണവുമെല്ലാമാണ് മുഴച്ചു നിന്നത്. പ്രതിഭാഹരി പഞ്ചായത്ത് അംഗമായാണ് പാര്‍ലിമെന്ററി രംഗത്തേക്ക് വന്നത്. അന്ന് സംസ്ഥാനം ഭരിച്ചത് യു ഡി എഫ് ആയിരുന്നതിനാല്‍ വെറുതെ ഇരുന്നു. പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ വകുപ്പ് ഭരിക്കാന്‍ പാലോളി മുഹമ്മദ് കുട്ടിയെത്തി. തദ്ദേശ സ്ഥാപനങ്ങളുടെ നല്ല കാലമാണ് അന്നുണ്ടായിരുന്നത് . അധികാരവികേന്ദ്രീകരണത്തിന്റെ അന്തകന്‍ മാത്രമല്ല, കേരളത്തില്‍ വലിയ ഭീഷണിയായി മാറിയ തെരുവ് നായയെ സൃഷ്ടിച്ചതും യു ഡി എഫ് ആണെന്ന് അവര്‍ കണ്ടെത്തി.
യു ഡി എഫ് ഭരണത്തില്‍ വലിച്ചെറിഞ്ഞ മാലിന്യം ഭക്ഷിച്ച് വളര്‍ന്ന നായ്ക്കളാണ് ഇപ്പോള്‍ തെരുവിലിറങ്ങി കടിക്കുന്നതത്രെ. ജനശ്രീക്ക് വേണ്ടി കുടുംബശ്രീയെ തകര്‍ത്തു. യു ഡി എഫിന്റെ ഹരിതം പരിസ്ഥിതി സംരക്ഷണത്തിലല്ല, പച്ച ഷര്‍ട്ടില്‍ മാത്രമാണുള്ളതെന്നും പ്രതിഭ കുറ്റപ്പെടുത്തി. ചവറെടുക്കുന്ന പണിയില്‍ നിന്ന് ഉന്നത ജോലികളിലേക്ക് കുടുംബശ്രീയെ വളര്‍ത്തുകയാണ് യു ഡി എഫ് ചെയ്തതെന്ന് എം കെ മുനീര്‍ തിരിച്ചടിച്ചു. ഉത്തരവുകള്‍ കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്ന വകുപ്പ് എന്ന വിശേഷമാണ് എന്‍ ഷംസുദ്ദീന്‍ തദ്ദേശവകുപ്പിന് നല്‍കിയത്. രാജീവ് ഗാന്ധി സ്വപ്‌നം കണ്ട അധികാര വികേന്ദ്രീകരണം ഇപ്പോഴും പൂര്‍ണ തോതിലായിട്ടില്ലെന്ന് എ പി അനില്‍കുമാറും. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് സി എഫ് തോമസ് പരാതിപ്പെട്ടു. മൂന്ന് മന്ത്രിമാരായപ്പോള്‍ ശ്രദ്ധകൂടുതല്‍ കിട്ടിയിരുന്നു. എല്ലാംകൂടി ഒരാളായപ്പോള്‍ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നും സി എഫ്. സി പി എം രക്ത സാക്ഷികളെ സൃഷ്ടിക്കുന്ന ഫാക്ടറിയായി മാറിയെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മുഖ്യമന്ത്രി അതിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും. ഭരണഘടനാസ്ഥാപനമായ ഹൈക്കോടതി പ്രവര്‍ത്തിക്കുന്നത് പോലും നിയമവിധേയമല്ലാതെയാണ്. ഹൈക്കോടതി കെട്ടിടത്തിന് കോര്‍പറേഷന്‍ അനുമതിയോ ഫയര്‍ സുരക്ഷാ അനുമതിയോ ലഭിച്ചിട്ടില്ല. നൂറ് ദിവസത്തിനകം കരിങ്കൊടി പ്രതിഷേധത്തിന് ഇരയായ ആദ്യ സര്‍ക്കാര്‍ പിണറായി വിജയന്റേതാണെന്ന് എം വിന്‍സന്റ് കുറ്റപ്പെടുത്തി. യു ഡി എഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയെങ്കില്‍ എല്‍ ഡി എഫ് പൂട്ടിയത് നന്മ സ്റ്റോറുകളാണ്. നാഥനില്ലാ കളരിയായ കെ എസ് ആര്‍ ടി സിയെ കുറിച്ച് പഠിക്കാന്‍ സഖാവ് സുശീല്‍ ഖന്നയെ നിയോഗിച്ചിരുന്നത് ചാര്‍ജ്ജ് കൂട്ടാന്‍ വേണ്ടിയാണെന്നും വിന്‍സന്റ് പറഞ്ഞു.
കെ എസ് ആര്‍ ടി സിയെ തകര്‍ക്കുന്നത് ജീവനക്കാരും ട്രേഡ് യൂണിയനുകളുമാണെന്ന് കെ ബി ഗണേഷ്‌കുമാര്‍. എം ഡിക്കും മന്ത്രിക്കും മുകളില്‍ ചീഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരാണ് തീരുമാനിക്കുന്നത്. ജലഗതാഗത മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് സി കെ ആശയും ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ ശിഷുമരണം തുടരുന്നുവെന്നതില്‍ എ കെ ബാലന് തര്‍ക്കമില്ല. അടുത്തിടെ നാല് കുട്ടികള്‍ മരിച്ചിട്ടുണ്ട്. പക്ഷെ, മരിച്ചത് ഈ സര്‍ക്കാറിന്റെ കാലത്തെങ്കിലും ഗര്‍ഭം ധരിച്ചത് യു ഡി എഫ് കാലത്താണെന്നായിരുന്നു ബാലന്റെ കണ്ടെത്തല്‍.
നിയമസഭയിലെന്ന് മാത്രമല്ല, കേരളത്തില്‍ തന്നെ ഏറ്റവും സൗന്ദര്യം കുറഞ്ഞ വ്യക്തി താനാണെന്നാണ് ജി സുധാകരന്റെ ബോധ്യം. സഭാനാഥനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അത് സമ്മതിക്കില്ല. സൗന്ദര്യത്തില്‍ ജി സുധാകരന്‍ വളരെ മുന്നിലാണെന്ന് അദ്ദേഹം നേരത്തെ തന്നെ മനസിലാക്കിയിട്ടുണ്ട്. ചോദ്യോത്തരവേളയില്‍ ഡോ. എന്‍ ജയരാജാണ് ജി സുധാകരന്റെ സൗന്ദര്യം ചര്‍ച്ചയാക്കിയത്. മന്ത്രിക്ക് നല്ല മുഖമാണെങ്കിലും റോഡുകള്‍ക്ക് അത് ഇല്ലെന്നായിരുന്നു ജയരാജിന്റെ പരാതി. റോഡുകളുടെ സൗന്ദര്യം നന്നാക്കാന്‍ മാത്രമായി ഒരു ചീഫ് എന്‍ജിനീയറെ നിയോഗിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
മുതിര്‍ന്ന അംഗമായ വി എസ് അച്യുതാനന്ദന്റെ 94-ാം പിറന്നാള്‍ ആഘോഷത്തില്‍ സഭയും പങ്കുചേര്‍ന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇത് സംബന്ധിച്ച് പ്രത്യേകപരാമര്‍ശം നടത്തി.