നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച് അഖിലേഷ് യാദവിന്റെ രഥയാത്ര

Posted on: October 20, 2016 9:24 am | Last updated: October 20, 2016 at 9:24 am
SHARE

akhilesh-yadavലക്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍ പ്രദേശ് നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് അധ്യക്ഷന്‍ മുലായം സിംഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ മകനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രഥയാത്രയുമായി മുന്നോട്ട്. പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ അടുത്ത മാസം അഞ്ചിന് നടക്കാനിരിക്കെ സമാജ് വാദി വികാസ് രഥയാത്ര എന്ന പേരില്‍ അടുത്ത മാസം മൂന്നിനാണ് അഖിലേഷ് രഥയാത്ര സംഘടിപ്പിക്കുന്നത്.
യാത്ര റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നു. മറ്റു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു ക്യാമ്പയിനുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ യാത്രയുമായി മുന്നോട്ടു പോകുകയാണെന്ന് അധ്യക്ഷന്‍ മുലായം സിംഗിന് അഖിലേഷ് അയച്ച കത്തില്‍ പറയുന്നു. രഥയാത്ര ഈ മാസം മൂന്നിനായിരുന്നു നടത്താന്‍ നിശ്ചയിച്ചിരുന്നത്. സാങ്കേതി കാരണങ്ങളാണ് നീണ്ടുപോയതിനാല്‍ അടുത്ത മാസം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്ന് അഖിലേഷ് പറയുന്നു.
രഥയാത്ര സംഘടിപ്പിക്കുന്നതിലൂടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ അഖിലേഷ് ബഹിഷ്‌കരിക്കുമെന്ന പ്രചാരം ശക്തമായിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് യുവനേതാക്കളെ മാറ്റിയതില്‍ താന്‍ അതൃപ്തനാണെന്ന സന്ദേശം ഇതിലൂടെ നല്‍കാന്‍ കഴിയുമെന്ന് രാഷ്ട്രീയ നരീക്ഷകര്‍ കണക്കു കൂട്ടുന്നു. യാത്ര പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇന്നലെ അഖിലേഷ് യാദവും, ശിവ്പാല്‍ യാദവ്, മുലായം സിംഗ് എന്നിവര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here