Connect with us

Socialist

ആര്‍എസ്എസിനെ അധിക്ഷേപിക്കാനും സിപിഎമ്മിനെ വെള്ള പൂശാനും മുഖ്യമന്ത്രി നിയമസഭാവേദി ഉപയോഗിച്ചത് ഖേദകരം: കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍ സംഘര്‍ഷത്തിന് ആര്‍എസ്എസിനെ അധിക്ഷേപിക്കാനും സിപിഎമ്മിനെ വെള്ള പൂശാനും മുഖ്യമന്ത്രി നിയമസഭാവേദി ഉപയോഗിച്ചത് ഖേദകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം മാത്രമല്ല സിപിഐ, കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രവര്‍ത്തകരുമായി സിപിഎം സംഘര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

കണ്ണൂര്‍ സംഘര്‍ഷത്തിന് ആര്‍എസ്എസിനെ അധിക്ഷേപിക്കാനും സിപിഎമ്മിനെ വെള്ള പൂശാനും മുഖ്യമന്ത്രി നിയമസഭാവേദി ഉപയോഗിച്ചത് ഖേദകരമാണ്.കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം മാത്രമല്ല സിപിഐ, കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രവര്‍ത്തകരുമായി സിപിഎം സംഘര്‍ഷമുണ്ട്. ബിജെപി ഓഫീസുകള്‍ മാത്രമല്ല മേല്‍പറഞ്ഞ പാര്‍ട്ടി ഓഫീസുകളും സിപിഎം തകര്‍ക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 250ല്‍പരം അക്രമങ്ങള്‍ കണ്ണൂരില്‍ നടന്നിട്ടുണ്ട്. ഇതില്‍ 80 ശതമാനത്തിലും പ്രതികള്‍ സിപിഎം കാരാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍മാത്രം രണ്ടു ഘട്ടങ്ങളിലായി 31 വീടുകള്‍ക്ക് നേരെയൊണ് സിപിഎം അക്രമം നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ ആകെ 60 വീടുകള്‍ക്കും 70 സ്ഥാപനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി. 75 വാഹനങ്ങള്‍ തകര്‍ത്തു. കണ്ണൂരില്‍ മാത്രം 3 ബിജെപി പ്രവര്‍ത്തകരെ കൊല്ലുകയും 40 ഓളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍പെട്ട കരിയാട് സുരേന്ദ്രന്‍ എന്ന പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും രണ്ടു ബൈക്കുകള്‍ തള്ളികൊണ്ടുപോയി തീയിട്ടത്. അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ പോലീസ് കാഴ്ചക്കാരാകുന്നു. ഞങ്ങള്‍ നിസ്സഹായരെന്ന് പോലീസ് മേധാവികള്‍ പറയുന്നു. സിപിഎം പ്രതികളെ അറസ്റ്റ് ചെയ്താല്‍ നേതാക്കളെത്തി ഇറക്കികൊണ്ടു പോകുന്നു. പോലീസും ഭീഷണിയിലാണ്. ഇതെല്ലാം അറിയുന്ന മുഖ്യമന്ത്രി ആര്‍എസ്എസുകാരാണ് കുഴപ്പക്കാരെന്ന് വിളിച്ചുപറയുന്നത് സമാധാനമുണ്ടാക്കാനോ എന്ന സംശയമാണ് ഉടലെടുക്കുന്നത്.
മനുഷ്യത്വമെന്ന മഹാഗുണം കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞാലേ അക്രമം അവസാനിക്കൂ. മുഖ്യമന്ത്രി നിയമസഭയില്‍ സമാധാനമുണ്ടാക്കുമെന്ന് പറയുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കണ്ണൂരില്‍ പത്രസമ്മേളനം നടത്തി കൊലവെറി പ്രകടിപ്പിക്കുകയായിരുന്നു. ആര്‍എസ്എസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് കണ്ണൂരിലെ സിപിഎം തീരുമാനമെങ്കില്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാകും.
സമാധാനശ്രമങ്ങളുമായി സഹകരിക്കാത്തത് സിപിഎമ്മാണ്.സര്‍സംഘ്ചാലക് തന്നെ സമാധാനത്തിന് ചര്‍ച്ചയാവാമെന്ന് പറഞ്ഞപ്പോള്‍അതിനെ പുച്ഛിച്ചുതള്ളിയ പാര്‍ട്ടിയാണ് സിപിഎം. കണ്ണൂരിലെ സിപിഎം അക്രമികള്‍ അയല്‍ ജില്ലകളിലും കൊലപാതകത്തിന് നിയോഗിക്കപ്പെടുകയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുതന്നെ ഒന്നാന്തരം തെളിവാണ്. ഈ അക്രമിസംഘത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കാവുമെങ്കില്‍ ഒരു ചര്‍ച്ചയും സര്‍വകക്ഷിയോഗവുമില്ലാതെ തന്നെ കണ്ണൂരില്‍ ശാന്തിയും സമാധാനവും പുലരും.

Latest