ദോഹ മെട്രോയുടെ ഭൂഗര്‍ഭ സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു

Posted on: October 19, 2016 7:23 pm | Last updated: October 20, 2016 at 2:07 pm

doha-metroദോഹ: ദോഹ മെട്രോയുടെ ഭൂഗര്‍ഭ സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് മോട്രോയുടെ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു.
റെഡ് ലൈന്‍ നോര്‍ത്ത് (11.30 കിലോമീറ്റര്‍), റെഡ്‌ലൈന്‍ സൗത്ത് (12.05 കിലോമീറ്റര്‍), ഗ്രീന്‍ ലൈന്‍ (16.60 കിലോമീറ്റര്‍), ഗോള്‍ഡ് ലൈന്‍ (13.30 കിലോമീറ്റര്‍) എന്നിവയാണ് ഭൂഗര്‍ഭ പാതകള്‍. നാല് പാതകളിലെയും പല സ്റ്റേഷനുകളുടെയും ഇലക്ട്രിക്കല്‍- മെക്കാനിക്കല്‍ ജോലികള്‍ ആരംഭിച്ചതായി ഖത്വര്‍ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല അബ്ദുല്‍ അസീസ് അല്‍ സുബയ് പറഞ്ഞു. ഖത്വര്‍ ഗതാഗത സുരക്ഷ ഫോറത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ പദ്ധതി മുന്‍നിശ്ചയിച്ച കാലയവളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്വിയും പറഞ്ഞു.
ഗതാഗതവും ആശയവിനിമയവും രാജ്യത്തിന്റെ സാമ്പത്തിക, വ്യവസായ, സാമൂഹിക വികസനങ്ങളുടെ നട്ടെല്ലാണെന്ന് റോഡ് ഗതാഗത ആസൂത്രണ വകുപ്പ് ഡയറക്ടര്‍ റാശിദ് ത്വാലിബ് അല്‍ നാബിത് പറഞ്ഞു. സമഗ്ര ഗതാഗത സംവിധാനം രൂപപ്പെടുത്തുന്നതിനാണ് മന്ത്രാലയം കഠിനാധ്വാനം ചെയ്യുന്നതെന്നും ഖത്വറില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗതാഗത സംവിധാനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള വികസനങ്ങളാണ് ഗതാഗത മേഖലയില്‍ രാജ്യത്ത് നടക്കുന്നത്. റെയില്‍, റോഡ്, തുറമുഖങ്ങള്‍, വിമാനത്താവളം തുടങ്ങിയവയുടെ വികസനങ്ങള്‍ ദ്രുതഗതിയിലാണ്. ഇവ ഓരോന്നും അന്താരാഷ്ട്ര സുരക്ഷാ നിലവാരം ഉറപ്പുവരുത്തുന്നതായിരിക്കും. ഖത്വര്‍ ട്രാഫിക് കണ്‍ട്രോള്‍ മാന്വലും ഖത്വര്‍ ഹൈവേ ഡിസൈന്‍ മാന്വലും രാജ്യം കൈവരിച്ച പ്രധാന നേട്ടങ്ങളാണ്. സുരക്ഷാരംഗത്ത് വലിയ സംഭാവനകളാണ് ഇവ അര്‍പ്പിക്കുന്നതെന്നും അല്‍ നാബിത് പറഞ്ഞു.