Connect with us

International

അലെപ്പോയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും സിറിയയും

Published

|

Last Updated

ദമസ്‌കസ്: അലെപ്പോയിലെ സൈനിക നടപടി താത്കാലികമായി നിര്‍ത്തിവെക്കാന്‍ റഷ്യയും സിറിയയും തീരുമാനിച്ചു. സിറിയന്‍ വിമതരുടെയും ഇസില്‍ ഭീകരരുടെയും ശക്തി കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് നടക്കുന്ന സൈനിക ആക്രമണങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാനാണ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. അലെപ്പോയില്‍ നടക്കുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത സമ്മര്‍ദം തുടരുന്നതോടെയാണ് റഷ്യയും സിറിയയും വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വിഘാതം സൃഷ്ടിക്കുന്ന രീതിയിലുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ഇ യു അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും പുതിയ നീക്കം. വ്യാഴാഴ്ചയാണ് എട്ട് മണിക്കൂര്‍ നീളുന്ന വെടിനിര്‍ത്തല്‍ നടപ്പാക്കുക. യു എന്‍ അടക്കമുള്ള സംഘടനകള്‍ക്കും വിവിധ സന്നദ്ധ സംഘടനകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമുള്ള സൗകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കൊടുക്കും.
സാധാരണക്കാരായ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും ഏറ്റുമുട്ടലിനിടെ പരുക്കേറ്റവര്‍ക്ക് സന്നദ്ധ സഹായം നേടാനുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും രാവിലെ എട്ട് മുതല്‍ നാല് വരെ അലെപ്പോ സമാധാന പൂര്‍ണമായിരിക്കുമെന്നും റഷ്യന്‍ സൈനിക ഓഫീസര്‍ സെര്‍ജി റുഡ്‌സ്‌കോയ് വ്യക്തമാക്കി. വ്യോമാ, കരയാക്രമണങ്ങള്‍ ഈ സമയത്ത് നിര്‍ത്തിവെക്കാനാണ് സിറിയന്‍, റഷ്യന്‍ സൈന്യം തീരുമാനിച്ചത്.
അതേസമയം, അലെപ്പോയില്‍ ആക്രമണം നടത്തുന്ന സിറിയന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് അനുകൂലമായി പ്രതികരിക്കുമോയെന്ന് വ്യക്തമല്ല. വെടിനിര്‍ത്തലുമായി സഹകരിക്കില്ലെന്ന സൂചനയാണ് വിമത സൈനിക വൃത്തങ്ങള്‍ നല്‍കുന്നത്. വിവിധ വിമത വിഭാഗങ്ങളെ പിന്തുണക്കുന്ന യു എസ്, തുര്‍ക്കി, കുര്‍ദിശ് സേനകളും വെടിനിര്‍ത്തല്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. 48ഉം 72ഉം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യമാണ് ഉയര്‍ന്നിരുന്നതെങ്കിലും ഇരുവിഭാഗങ്ങളുടെയും പരസ്പര ധാരണയില്ലാതെ നീണ്ട മണിക്കൂറുകളുടെ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാകുകയുള്ളുവെന്നാണ് റഷ്യന്‍ സൈനിക വക്താവ് ചൂണ്ടിക്കാണിക്കുന്നത്.
അതിനിടെ, ദിവസങ്ങളായി തുടരുന്ന റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ 430 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും വീടുകളിലും ആക്രമണം നടന്നിട്ടുണ്ട്. ഫഌറ്റുകളും വാണിജ്യ കെട്ടിടങ്ങളും ആക്രമണത്തിനിരയായിട്ടുണ്ട്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അലെപ്പോയില്‍ നടക്കുന്നതെന്ന് ഇ യു വക്താക്കള്‍ ആരോപിച്ചിരുന്നു. അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ സന്നദ്ധതയെ ഇ യു സ്വാഗതം ചെയ്തു.

Latest