കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ 6630 കോടിയുടെ പദ്ധതികള്‍

Posted on: October 19, 2016 12:50 am | Last updated: October 19, 2016 at 12:50 am

തിരുവനന്തപുരം: കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ 6630 കോടിയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എട്ട് പദ്ധതികളാണ് സ്ഥാപിക്കുക.
ഗ്ലോബല്‍ ആയുര്‍വേദ വല്ലേജ് തിരുവനന്തപുരം, മെഗാ ഫുഡ്‌സ് പാര്‍ക്ക് പാലക്കാട്, ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലം, ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ കാക്കനാട്, ഫൂട് വെയര്‍ ക്ലസ്റ്റര്‍ രാമനാട്ടുകര, സ്‌പൈസസ് പാര്‍ക്ക് തൊടുപുഴ, വ്യവവസായ വികസന മേഖല തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവ, വ്യവസായ പാര്‍ക്ക് മട്ടന്നൂര്‍ എന്നിവയാണ് പദ്ധതികള്‍. ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് പൊതു സ്വകാര്യ പങ്കാളിത്തത്തടെയാണ് സ്ഥാപിക്കുന്നത്. ആരോഗ്യ വകുപ്പിനു കീഴില്‍ കേന്ദ്ര സഹായത്തോടെ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട്് സ്ഥാപിക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കെ മുരളീധരന്‍, സി ദിവാകരന്‍, വി ജോയി, പി ഉണ്ണി എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു. മൂന്നാറിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു. തലശേരി പൈതൃക പദ്ധതി വേഗത്തിലാക്കും. മലബാര്‍ മേഖലയുടെ ടൂറിസം വികസനത്തിനുള്ള സര്‍ക്കാര്‍ നിക്ഷേപം കൂട്ടുമെന്നും എ എന്‍ ഷംസീര്‍, പി ടി തോമസ്, ജെയിംസ് മാത്യു, എ പി അനില്‍കുമാര്‍ എന്നിവരെ മന്ത്രി അറിയിച്ചു.