ട്യൂഷന്‍ ക്ലാസുകള്‍ക്ക് മന്ത്രാലയത്തിന്റെ പുതിയ നിയന്ത്രണങ്ങള്‍

Posted on: October 18, 2016 8:30 pm | Last updated: October 18, 2016 at 8:30 pm

ദോഹ: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കുന്ന സ്‌കൂളിലെ ട്യൂഷന്‍ ക്ലാസുകള്‍ നിയന്ത്രിച്ച് വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ട്യൂഷന്‍ ക്ലാസുകള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. വീടുകളില്‍ നല്‍കുന്ന സ്വകാര്യ ട്യൂഷനുകളുടെ സാമ്പത്തിക, സാമൂഹിക ആഘാതങ്ങളില്‍ നിന്ന് കുടുംബങ്ങളെ മുക്തമാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
സ്‌കൂളില്‍ നല്‍കുന്ന ട്യൂഷനുകള്‍ക്ക് ഒരു ക്ലാസില്‍ എട്ട് മുതല്‍ 15 വരെ വിദ്യാര്‍ഥികള്‍ മാത്രമെ പാടുള്ളൂ. സംഘം ചേര്‍ന്നുള്ള ക്ലാസാണെങ്കിലും ഒറ്റക്കുള്ളതാണെങ്കിലും ഒരു വിദ്യാര്‍ഥിക്ക് നാല് വിഷയങ്ങള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. ഫസ്റ്റ്, സെക്കന്‍ഡ് സെമസ്റ്ററുകളുടെ പകുതിയില്‍ സംഘടിപ്പിക്കുന്ന ട്യൂഷന്‍ ക്ലാസുകളുടെ പരമാവധി സമയം എട്ട് മണിക്കൂറായിരിക്കണം. മൊത്തം സെമസ്റ്ററുകള്‍ക്കും 200 ഖത്വര്‍ റിയാല്‍ മാത്രമെ ഫീസ് ആയി ഈടാക്കാവൂ. പരീക്ഷകള്‍ക്ക് രണ്ടാഴ്ച മുമ്പെങ്കിലും ഈ ക്ലാസുകള്‍ അവസാനിപ്പിക്കണം.
ഫസ്റ്റ്, സെക്കന്‍ഡ് സെമസ്റ്ററുകളുടെ അവസാനം നടത്തുന്ന ട്യൂഷന്‍ ക്ലാസുകള്‍ക്ക് 300 ഖത്വര്‍ റിയാല്‍ ഫീസ് ഈടാക്കാം. പരമാവധി 14 മണിക്കൂറായിരിക്കും. ഈ ട്യൂഷനുകള്‍ പരീക്ഷക്ക് ഒരു മാസം മുമ്പ് അവസാനിപ്പിക്കണം.
സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പ്രൈവറ്റ് ട്യൂഷന്‍ ക്ലാസുകള്‍ സെമസ്റ്ററുകളുടെ അവസാനമാണ് നടത്തേണ്ടത്. പരീക്ഷക്ക് രണ്ടാഴ്ച മുമ്പെങ്കിലും ഇത് അവസാനിപ്പിക്കണം. ഇത്തരം ട്യൂഷനുകളുടെ ഫീസ് ഓരോ വിദ്യാര്‍ഥിക്കും 1200 റിയാല്‍ ആയിരിക്കും. 14 മണിക്കൂറാണ് സമയം. രണ്ട് മുതല്‍ നാല് വരെ വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന സ്വകാര്യ ക്ലാസുകളുടെ ഫീസ് 1500 റിയാല്‍ ആയിരിക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭജിച്ചാണ് ഈ ഫീസ് ഈടാക്കേണ്ടത്.
സെമസ്റ്ററുകളുടെ അവസാനം സംഘടിപ്പിക്കുന്ന സ്വകാര്യ ട്യൂഷന്‍ ക്ലാസുകള്‍ക്ക് (14 മണിക്കൂര്‍) 2100 റിയാല്‍ ഈടാക്കാം. ഈ സമയത്ത് രണ്ട് മുതല്‍ നാല് വരെ വിദ്യാര്‍ഥികളുള്ള ഗ്രൂപ്പ് ട്യൂഷന് 2500 റിയാല്‍ ഈടാക്കാം. പരീക്ഷക്ക് ഒരു മാസം മുമ്പെങ്കിലും ക്ലാസുകള്‍ അവസാനിപ്പിക്കണം.
വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. ശനിയാഴ്ചകളില്‍ വൈകുന്നേരം മാത്രമാണ് ട്യൂഷന്‍ നടത്താന്‍പാടുള്ളൂ. അധ്യാപകരെ സ്‌കൂളുകള്‍ തിരഞ്ഞെടുക്കണം. അതേസമയം ചില വിഷയങ്ങള്‍ക്ക് അധ്യാപകരെ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ട്.