വിദ്യാഭ്യാസ യോഗ്യത: സ്മൃതി ഇറാനിക്ക് എതിരായ ഹരജി കോടതി തള്ളി

Posted on: October 18, 2016 5:49 pm | Last updated: October 18, 2016 at 5:49 pm

smrithi iraniന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയെന്നാരോപിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ ഹരജി കോടതി തള്ളി. കേന്ദ്ര മന്ത്രിയെ ശല്യം ചെയ്യുന്നതിന് വേണ്ടിയാണ് ഹര്‍ജിയെന്ന് നിരീക്ഷിച്ചാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളിയത്. ഡല്‍ഹി സര്‍വകലാശാലയിലെ യഥാര്‍ഥ രേഖകളുടെ അഭാവവും പരാതിക്ക് പതിനൊന്ന് വര്‍ഷത്തെ കാലതാമസം വന്നതും ഹര്‍ജി തള്ളാന്‍ കാരണമായി കോടതി ചൂണ്ടിക്കാട്ടി.

2004 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്‍കിയ സത്യവാങ്മൂലത്തില്‍ സ്മൃതി ഇറാനി ബിഎ കോഴ്‌സ് പൂര്‍ത്തിയാക്കി എന്നാണ് നല്‍കിയിരുന്നത്. 2011ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചപ്പോളും 2014ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

വ്യത്യസ്ത തിരഞ്ഞെടുപ്പുകളില്‍ സമൃതി ഇറാനി വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതയാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ച് ഫ്രീലാന്‍സ് എഴുത്തുകാരന്‍ അഹമ്മദ് ഖാനാണ് കോടതിയെ സമീപിച്ചത്.