‘ഞാന്‍ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള ദളിതന്‍’; രോഹിത് വെമുല ചിത്രീകരിച്ച വീഡിയോ പുറത്ത്

Posted on: October 18, 2016 10:23 am | Last updated: October 18, 2016 at 10:23 am

rohith vemulaഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയായിരിക്കെ ആത്മഹത്യ ചെയ്ത രോഹിത് വെമുല ദളിതനായിരുന്നില്ലെന്ന രൂപന്‍വാല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മറുപടിയാകുന്ന വീഡിയോ സഹപാഠികള്‍ പുറത്തുവിട്ടു. രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹം തന്നെ ചിത്രീകരിച്ച 1.50 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാവര്‍ക്കും ജയ് ഭീം. എന്റെ പേര് രോഹിത് വെമുല. ഞാന്‍ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള ദളിതനാണ്. 2010 മുതല്‍ ഞാന്‍ ഹൈരാബാദ് സര്‍വകലാശാലയില്‍ പഠിക്കുന്നു. ഇപ്പോള്‍ സാമൂഹിക ശാസ്ത്ര വകുപ്പില്‍ പി എച്ച് ഡി ചെയ്യുന്നു- വീഡിയോയില്‍ രോഹിത് വെമുല പറയുന്നുണ്ട്. തുടര്‍ന്ന് താനടക്കം അഞ്ച് ദളിത് വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണങ്ങളാണ് രോഹിത് വെമുല വിശദമാക്കുന്നത്. അടുത്തിടെ അഞ്ച് ദളിത് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ സര്‍വകലാശാല തീരുമാനമെടുത്തു. അവര്‍ ഞങ്ങളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. ഞങ്ങള്‍ക്ക് നല്‍കിയ നോട്ടീസില്‍ അവര്‍ പറയുന്നുണ്ട്, പൊതു സ്ഥലങ്ങളിലോ ഹോസ്റ്റല്‍ പരിസരത്തോ അഡ്മിനിസ്‌ട്രേഷന്‍ ബില്‍ഡിംഗിലോ ഞങ്ങള്‍ പ്രവേശിക്കുന്നത് പോലും ക്രിമിനല്‍ കുറ്റമാണെന്ന്. വെമുല വീഡിയോയില്‍ പറയുന്നു. സാമൂഹിക ശാസ്ത്രത്തോടും സാമൂഹിക വിഷയങ്ങളോടും താത്പര്യമുള്ളതിനാലാണ് താന്‍ പാഠ്യ വിഷയം മാറ്റിയത്. ജെ ആര്‍ എഫ് ലഭിച്ച് പൊതു പട്ടികയിലാണ് തനിക്ക് ഗവേഷണത്തിന് പ്രവേശനം ലഭിച്ചതെന്നും വെമുല സ്വയം ചിത്രീകരിച്ച വീഡിയോയില്‍ പറയുന്നു. അംബേദ്കര്‍ വിദ്യാര്‍ഥി അസോസിയേഷനും എ ബി വി പിയും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ ചുവടുപിടിച്ചാണ് വെമുല അടക്കം അഞ്ച് വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കിയത്. കഴിഞ്ഞ ജനുവരി 17ന് രോഹിത് വെമുലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.