പൂനെയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയം സിസോകോ തടഞ്ഞു

Posted on: October 18, 2016 8:43 am | Last updated: October 18, 2016 at 8:43 am

blastersപൂനെ: ഹെംഗ്ബര്‍ട്ടിന്റെ വേഗ ഗോളിന് സിസോകോയിലൂടെ പൂനെയുടെ മറുപടി. ഐ എസ് എല്ലില്‍ തുടര്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ രണ്ടാം സമനിലക്കുരുക്ക്. മൂന്നാം മിനുട്ടില്‍ ഫ്രഞ്ച് സെന്റര്‍ബാക്ക് ഹെംഗ്ബര്‍ട്ടാണ് ബ്ലാസ്റ്റേഴ്‌സിന് ആവേശകരമായ ലീഡ് ഗോള്‍ സമ്മാനിച്ചത്. എന്നാല്‍, വീര്യം ചോരാതെ ഹോംഗ്രൗണ്ടില്‍ പൊരുതിക്കളിച്ച പൂനെ അറുപത്തെട്ടാം മിനുട്ടില്‍ മുഹമ്മദ് സിസോകോയുടെ ഗോളില്‍ മഞ്ഞപ്പടക്ക് മറുപടി നല്‍കി (1-1).
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസമായിരുന്നു ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ട്. മറ്റൊരു മഹാരാഷ്ട്ര ക്ലബ്ബിനെ കൂടി തോല്‍പ്പിച്ചാല്‍ തുടക്കത്തിലെ പോയിന്റ് മാന്ദ്യം മറികടക്കാന്‍ വഴിയൊരുക്കുമെന്ന തിരിച്ചറിവിലായിരുന്നു മഞ്ഞപ്പട. സീസണിലെ ആദ്യ ജയം നേടിയതിന്റെ ആവേശം കെട്ടടങ്ങും മുമ്പെയായിരുന്നു ഹെംഗ്ബര്‍ട് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിക്കുന്നത്. മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോളിന് വഴിയൊരുങ്ങിയത്. അസ്‌റാക്ക് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ഗോളിന് ശ്രമിച്ചെങ്കിലും അത് രാവണന്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍, പന്ത് ഹെംഗ്ബര്‍ട്ടിന് മുന്നില്‍ ‘അടി ഗോള്‍ ‘ എന്ന മട്ടില്‍ നില്‍ക്കുന്നു. ഹെംഗ്ബര്‍ട്ടിന് പിഴച്ചില്ല (1-0). ഐ എസ് എല്ലില്‍ ഹെംഗ്ബര്‍ട്ടിന്റെ ആദ്യ ഗോളായി ഇത്.
പത്ത് മിനുട്ട് കഴിഞ്ഞതിന് ശേഷം പൂനെ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നു. കഴിഞ്ഞ കളിയില്‍ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമായെങ്കിലും പൂനെയില്‍ നിന്ന് അത്തരമൊരു നീക്കം ആരും തന്നെ പ്രവചിക്കാന്‍ തുനിഞ്ഞില്ല. ഇവര്‍ക്കെല്ലാം ഞെട്ടലായി ഈ ഗോള്‍. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.
ആതിഥേയരുടെ ഗോളിന് പിറകില്‍ സിസോകോയുടെ അധ്വാനമുണ്ടായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് 4-4-1-1 ശൈലിയാണ് പയറ്റിയത്. സന്ദീപ് നന്ദി ഗോള്‍വല കാത്തപ്പോള്‍ പ്രതിരോധത്തില്‍ പതിവ് പോലെ ഹൊസു കുരിയാസ്, ഹെംഗ്ബര്‍ട്, ഹ്യൂസ്, ജിങ്കാന്‍. മധ്യനിരയില്‍ ഫ്രാന്‍സിന്റെ ഡക്കന്‍സ് നാസന്‍, അസ്‌റാക്, മെഹ്താബ്, റഫീഖ് എന്നിവര്‍. ഏക സ്‌ട്രൈക്കറായി മുഹമ്മദ് റാഫിയും സപ്പോര്‍ട്ടിംഗ് റോളില്‍ മൈക്കല്‍ ചോപ്രയും.
എഫ് സി പൂനെ സിറ്റി 4-2-3-1 ശൈലിയിലാണ് ടീമിനെ വിന്യസിപ്പിച്ചത്. അര്‍മേനിയന്‍ ഗോള്‍കീപ്പര്‍ എദെല്‍ ബെറ്റെയാണ് വല കാത്തത്.
പ്രതിരോധത്തില്‍ ഇടത് വിംഗില്‍ നാരായണ്‍ ദാസും വലത് വിംഗില്‍ രാഹുല്‍ ശങ്കര്‍ ബെക്കെയും. സെന്റര്‍ ബാക്ക് പൊസിഷനുകളില്‍ ഗൗരമാംഗി സിംഗും ധര്‍മരാജ് രാവണനും.
ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായ സിസോകോയും ബ്രൂണോ ഹെറെയ്‌റോ ഏരിയാസും പ്രതിരോധത്തിനും അറ്റാക്കിംഗ് മീഡിയോസിനും മധ്യത്തിലായി നില കൊണ്ടു. അരാറ്റ ഇസുമി, ജൊനാഥന്‍ ലൂക്ക, ജീസസ് റോഡ്രിഗസ് ടാറ്റോ എന്നിവര്‍. ഏക സ്‌ട്രൈക്കറായി ഡ്രമാന്‍ ട്രോറെയും.

ALSO READ  ഹൈദരാബാദിന് സീസണിലെ ആദ്യ തോല്‍വി