ഭുവനേശ്വറില്‍ ആശുപത്രിയിൽ തീപ്പിടുത്ത‌ം; 19 മരണം

Posted on: October 18, 2016 12:48 am | Last updated: October 18, 2016 at 9:14 am

cu_tlkfvmaaso5m

ഭുവനേശ്വര്‍: ഒഡീഷയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡിലുണ്ടായ തീപ്പിടത്തത്തില്‍ 19 രോഗികള്‍ മരിച്ചു. ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ് യു എം ഹോസ്പിറ്റലിന്റെ ഐ സി യുവിലും ഡയാലിസിസ് വാര്‍ഡിലുമാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. മിനിറ്റുകള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു.

പൊള്ളലേറ്റ നാല്‍പ്പതോളം രോഗികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപ്പിടിത്തമുണ്ടാകുമ്പോള്‍ അമ്പതിലധികം രോഗികള്‍ ഡയാലിസിസ് വാര്‍ഡില്‍ മാത്രം ഉണ്ടായിരുന്നു. ആശുപത്രി വാര്‍ഡുകളെല്ലാം തന്നെ രണ്ട് മണിക്കൂറോളം പുകകൊണ്ട് നിറഞ്ഞു.
ഡയാലിസിസ് വാര്‍ഡിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം. പടര്‍ന്നുപിടിച്ച തീ തൊട്ടടുത്ത ഐ സി യുവിലേക്കും മറ്റ് വാര്‍ഡുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഏഴ് അഗ്‌നിശമന സേനാ വാഹനങ്ങള്‍ രണ്ട് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ജനലുകളും വാതിലുകളും തകര്‍ത്ത് സ്‌കൈ ലിഫ്റ്റുകള്‍ ഉപയോഗിച്ചാണ് രോഗികളെ പുറത്തെത്തിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരിവിട്ടു. അപകടത്തില്‍പ്പെട്ടവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് ഐ സി യുവിലും വെന്റിലേറ്ററിലുമുള്ള മുഴുവന്‍ രോഗികളെയും മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാപ്പിറ്റല്‍ ആശുപത്രിയിലേക്കും സമീപത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലേക്കുമാണ് മാറ്റിയതെന്ന് എസ് യു എം ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ബസന്ത് പതി പറഞ്ഞു.