Connect with us

Articles

ഖാസിയായി ജീവിച്ച ഒരാള്‍

Published

|

Last Updated

എന്താണ് ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പ്രാമാണ്യം? അത് അദ്ദേഹത്തിന്റെ നിലപാടുകള്‍ തന്നെയായിരുന്നു. തീര്‍പ്പുകള്‍ തിരഞ്ഞെടുക്കുന്നതിന് പരമ്പരാഗതമായുള്ള ഖാസി സ്ഥാനം അദ്ദേഹത്തിന് പ്രതിബന്ധമായില്ല. ഒരു നിലക്ക് പറഞ്ഞാല്‍, അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഖാസി പോലുള്ള സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ “അങ്ങനെയുമാകാം/ ഇങ്ങനെയുമാകാം” എന്ന അഴകൊയമ്പന്‍ സമീപനങ്ങള്‍ക്ക് വലിയ സമ്മര്‍ദമുണ്ടാകുമല്ലോ. അതിനനുസരിച്ച് ആടിക്കൊടുക്കുന്ന ഒരാളായിരുന്നില്ല ബേപ്പൂര്‍ ഖാസി.
കേരളത്തിലെ മുസ്‌ലിംകളുടെ സാമാന്യ ജീവിതത്തില്‍ “മാസം ഉറപ്പിക്കുന്നവര്‍” എന്ന നിലയിലാണ് പൊതുവെ ഖാസിമാര്‍ അറിയപ്പെടുന്നത്. അതിനപ്പുറം വലിയ ദൗത്യങ്ങളും ഉത്തരവാദിത്വങ്ങളും അവര്‍ക്കുണ്ടെങ്കിലും പൊതു സമൂഹത്തിനിടയില്‍ അവര്‍ “നോമ്പും പെരുന്നാളും ഉറപ്പിക്കുന്നവരാ”ണ്. അങ്ങനെ അവരുടെ അറിയിപ്പുകളിലൂടെയാണ് കാപ്പാടും കൂട്ടായിയും താനൂരും തിരൂരും ബേപ്പൂരുമൊക്കെ കേരളത്തിലെ മുസ്‌ലികള്‍ക്ക് എല്ലാവര്‍ക്കും തൊട്ടടുത്ത പ്രദേശങ്ങളായിത്തീര്‍ന്നത്. പരമ്പരാഗതമായി ഖാസിമാര്‍ ഇത് ഉറപ്പിച്ചുവരുന്നു. നബിചര്യയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ സ്വീകരിച്ചുപോരുന്ന രീതിയാണത്. മാസം കണ്ടാല്‍ അത് അംഗീകരിക്കുക. കണക്ക് നോക്കാനോ കവടി നിരത്താനോ ഒന്നും ആരും മെനക്കെടാറില്ല.
എന്നാല്‍ കേരളത്തില്‍ മതം പരിഷ്‌കരിക്കാനിറങ്ങിയവര്‍ അവിടെയും കൈ വെച്ചു. ലോകത്തെവിടെയുമില്ലാത്ത, എന്തിന് പുരോഗമന ഇസ്‌ലാമിന്റെ ഈറ്റങ്ങളെന്നവര്‍ പരിചയപ്പെടുത്തുന്നിടത്തു പോലും പ്രാബല്യത്തിലില്ലാത്ത ഒരു നിലപാട് അവരിവിടെ പരീക്ഷിച്ചു. അതിനവര്‍ ഹിലാല്‍കമ്മിറ്റി എന്ന് പേരിട്ടു.
കണക്ക് കൂട്ടി നോക്കിയിട്ട് മാസം കാണില്ല എന്ന് മനസ്സിലായി എന്നുവെക്കുക. ഈ ദിവസം മാനത്ത് മാസപ്പിറവി കണ്ടാലും കണ്ടത് മാസമല്ലെന്ന് കണക്ക് കൂട്ടുന്ന നിലപാടാണ് ഹിലാല്‍കമ്മിറ്റി സ്വീകരിച്ചത്. കണക്കില്‍ പിശക് പറ്റിയതല്ല, കണ്ണ് നമ്മെ പറ്റിച്ചതാണ്!- കേരളത്തിലെ ഒരു വിഭാഗം മുജാഹിദുകള്‍ ഈ സമീപനമാണ് സ്വീകരിച്ചിരുന്നത്.
മാസം കാണില്ലെന്ന് ഹിലാല്‍കമ്മിറ്റി നേരത്തെയങ്ങ് പ്രഖ്യാപിക്കും. അതിന് ഗണിച്ചുനോക്കിയ പിന്‍ബലമുണ്ടെന്നും പറയും. പറഞ്ഞിട്ടെന്ത്? ഗണിച്ചവനെ ചന്ദ്രന്‍ പറ്റിക്കും. കാണില്ലെന്ന് ഹിലാല്‍ കമ്മിറ്റി പറയുന്ന ദിവസം പലയിടത്തും നാട്ടുകാര്‍ക്ക് മുമ്പില്‍ ബാലചന്ദ്രന്‍ പുഞ്ചിരി തൂകി നില്‍ക്കും. ഇങ്ങനെ പല ഘട്ടങ്ങളിലും പരിഹാസ്യരായ അനുഭവം പരിഷ്‌കരണവാദികള്‍ക്കുണ്ടായി. ഈ നിലപാടിന് മുസ്‌ലിംകള്‍ക്കിടയില്‍ കാര്യമായ സ്വീകാര്യത ലഭിച്ചുമില്ല. മാത്രമല്ല, പല സമയങ്ങളിലും പുരോഗമനവാദികളെ ഒറ്റപ്പെടുത്തുകയും ചെയ്തു.
അങ്ങനെ അവര്‍ക്ക് തങ്ങളുടെ ആശയവുമായി മുന്നോട്ട് പോകാന്‍ വലിയ പ്രയാസമായി. ഒരു ദിവസം പെട്ടെന്ന് നിലപാട് തിരുത്താന്‍ വയ്യല്ലോ. അപ്പോള്‍ പിന്നെ, ഖാസിമാരെ ഹൈജാക്ക് ചെയ്യാനാകുമോ എന്നായി നോട്ടം. അതിന് ചിലരുമായി ഒളിസൗഹൃദത്തിലാകാന്‍ ശ്രമിക്കുകയും രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ തുരങ്ക സൗഹൃദ സാഹചര്യത്തെ മുറിച്ചുകടക്കുക എന്നത് സുന്നികള്‍ക്ക് അനിവാര്യമായിരുന്നു. ആ ദൗത്യത്തില്‍ വലിയ പങ്ക് വഹിച്ച ഖാസിയായിരുന്നു പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. പരമ്പരാഗത മുസ്‌ലിംകള്‍ക്ക് ഇങ്ങനെ വലിയ തുറസ്സ് നല്‍കുന്നതായി ഈ സാഹചര്യം. ബോധ്യമായ കാര്യം മറ്റു താത്പര്യങ്ങളുടെ പേരില്‍ ഒളിച്ചുവെക്കാനോ തിരിച്ചൊരു നിലപാട് സ്വീകരിക്കാനോ അദ്ദേഹം തുനിഞ്ഞില്ല. മാറാട് കടപ്പുറത്ത് മാസപ്പിറവി കണ്ടപ്പോള്‍ അദ്ദേഹം സ്വീകരിച്ച നിലപാട് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു.1997ല്‍ ആയിരുന്നു ഇത്. പ്രതിബദ്ധത ബോധ്യങ്ങളോടു മാത്രമെന്ന കൃത്യമായ നിലപാട് ആണ് ഖാസി അന്ന് സ്വീകരിച്ചത്.
ആകാശത്ത് കാണുന്ന അമ്പിളി ഭൂമിയിലുള്ള മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ പല തരത്തില്‍ ചിട്ടപ്പെടുത്തുന്ന ഒന്നാണല്ലോ. ഒരു ഘട്ടത്തില്‍ ഭൂമിയിലെ സാമൂഹിക ജീവിതം ആകാശത്തെ അമ്പിളിയെ ചിട്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചു ബേപ്പൂര്‍ ഖാസി. ഭൂമിയിലല്ല ആകാശത്ത് തന്നെയാണ് ചന്ദ്രനെ കാണേണ്ടതെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ആകാശമാണോ ഭൂമിയാണോ മുന്നിട്ടുനില്‍ക്കേണ്ടത് എന്ന ചോദ്യം വന്ന ആ സന്ധിയില്‍ അദ്ദേഹത്തിലെ പണ്ഡിതന് തിരഞ്ഞെടുക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. അങ്ങനെ അമ്പിളിക്കലയിലും ചില അമ്പുകളുണ്ടെന്നു തിരിച്ചറിയുകയും അത് സമുദായത്തെ ബോധ്യപ്പെടുത്തുകയും ചെയ്ത ഒരാളായിരുന്നു ഖാസി.
പരമ്പരാഗത സുന്നീ വിശ്വാസത്തില്‍ കൃത്യത പുലര്‍ത്താന്‍ അദ്ദേഹത്തിന്റെ പാരമ്പര്യം അദ്ദേഹത്തിന് കരുത്ത് പകര്‍ന്നു. ബേപ്പൂരിലെ പ്രസിദ്ധമായ ഖാസീ കുടുംബത്തിലാണ് ജനിച്ചത്. ഇവിടെ ഖാസിയായിരുന്ന മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ ഖാസി മുഹമ്മദ് കോയ മുസ്‌ലിയാര്‍ ആണ് അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പിതാവ്. ഖാസി മുഹമ്മദ് കോയ മുസ്‌ലിയാര്‍ സമസ്തയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. പിന്നെ ഒന്നുകൂടിയുണ്ട്, പണ്ഡിതനായിരുന്നു അദ്ദേഹം. അറിവ് നിലപാടുകള്‍ സ്വീകരിക്കാനുള്ളതാണ്; അത് ഒഴിഞ്ഞുമാറ്റത്തിന് ആയുധമാക്കാനുള്ളതല്ലെന്ന് അദ്ദേഹം പ്രവര്‍ത്തനത്തിലൂടെ കാണിച്ചു. ഇല്‍മിനനുസരിച്ച് എങ്ങനെ പ്രവര്‍ത്തിക്കാമെന്നാണ് ബേപ്പൂര്‍ ഖാസി കാണിച്ചുതന്നത്.
1969 മുതല്‍ സമസ്ത കേരള സുന്നീ യുവജന സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. എറണാകുളം സമ്മേളന കാലമുള്‍പ്പെടെ സുന്നീ പ്രസ്ഥാനം സങ്കീര്‍ണമായ വഴികള്‍ താണ്ടിയ നിര്‍ണായക ഘട്ടങ്ങളില്‍ അതിനൊപ്പം നിന്നു. തുടക്കം മുതലേ മര്‍കസ് സംരംഭങ്ങളുടെ പ്രവര്‍ത്തകനുമായിരുന്നു ബേപ്പൂര്‍ ഖാസി. ഗവ. അംഗീകാരമുള്ളവരാണ് ബേപ്പൂര്‍ ഖാസിമാര്‍. ആ വഴിയില്‍ 1969ലാണ് ബേപ്പൂരിന്റെ ഒന്‍പതാമത് ഖാസിയായി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അവരോധിതനാകുന്നത്.

Latest